നാമമാത്ര മുസ്ലിം മതേതരരും ഭീകരമുദ്രയുടെ സാധ്യതകൾ പേറുന്ന സംശയാസ്പദ വ്യക്തിത്വങ്ങളാണ്

By on

 

സുപ്രീംകോടതി വിധിയുടെ ചുവട് പിടിച്ച് ശബരിമല സന്ദർശനത്തിന് പുറപ്പെട്ട വിവാദ ഫെമിനിസ്റ്റ് ഫാത്തിമ രഹാനയുടെ അറസ്റ്റും, തുടർന്നുള്ള ജയിൽവാസവും അനിശ്ചിതമായി തുടരുകയാണ്. തീവ്രവാദബന്ധം അന്വേഷിക്കണം എന്ന നിർദേശത്തോടെയാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. ജാമ്യം നിഷേധിച്ചു കൊണ്ട് നടത്തിയ പരാമർശങ്ങൾ കോടതികളെ ആഴത്തിൽ സ്വാധീനിച്ച ഇസ് ലാം വിരുദ്ധ മനോഭാവത്തെയും, മുസ്ലിം പേരിനോടുള്ള വംശീയ മുൻ വിധിയെയുമാണ് പൊളിച്ചു കാണിക്കുന്നത്.

ഇസ്ലാമിന്റെ മതപരമായ ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വിസമ്മതിക്കുന്ന രഹാനയുടെ സമുദായ വിമർശനങ്ങൾ പലപ്പോഴും വിവാദമാവുകയും മതവേദികൾ തന്നെ അവളെ തള്ളിപ്പറയുകയും ചെയ്തത് ഏവർക്കും അറിവുള്ള കാര്യമാണ്. ഇസ്ലാം മതദർശനങ്ങളോ, മൗലികവാദ പ്രവർത്തനങ്ങളോ അല്ല കേവല നാമം പോലും തീവ്രവാദ ബന്ധം സംശയിക്കാൻ നിയമ സംവിധാനങ്ങൾക്ക് ന്യായമായിത്തീരുന്നുണ്ട് എന്ന ഭയാനക യാഥാർഥ്യമാണിവിടെ വെളിപ്പെട്ടത്.

ഇസ്‌ലാമിനെയും മുസ്ലിം അസ്തിത്വത്തെയും നിരാകരിക്കുന്നതാണ് മതേതര വ്യക്തിത്വം എന്ന് വിശ്വസിക്കുന്നവർ പോലും ജന്മം കൊണ്ട സമുദായ പശ്ചാത്തലത്തിന്റെ പേരിൽ ജനാധിപത്യ വ്യവസ്ഥയുടെ നീതി നിഷേധത്തിന് ഇരയാക്കപ്പെടുന്നതിന്റെ ആദ്യത്തെ ഉദാഹരണമല്ല രഹാന. ബാംഗ്ലൂർ സ്ഫോടനക്കേസിലെ ഷാഹിനയുടെ കേസ് ചേർത്ത് വെക്കാവുന്ന മുന്നുദാഹരണമാണ്. പ്രായോഗിക വിശ്വാസ ജീവിതമോ, പ്രത്യക്ഷ മതചിഹ്നങ്ങളോ ദൃശ്യമാവാത്ത നാമമാത്ര മുസ് ലിം മതേതരർ പോലും സാമൂഹ്യ പ്രതിനിധാനത്തിന് അർഹരല്ല. പകരം ഭീകരമുദ്രയുടെ സാധ്യതകൾ പേറുന്ന സംശയാസ്പദ വ്യക്തിത്വങ്ങളാണ് എന്ന സന്ദേശമാണ് പ്രോസിക്യൂഷനും ജഡ്ജിയും രഹാന കേസിൽ മുന്നോട്ട് വെക്കുന്നത്.

അബ്ദുള്‍ മജീദ് നദ്വി,

ന്യൂനപക്ഷ മനുഷ്യാവകാശ സംഘടന ‘മെെനോറിറ്റി റെെറ്റ്സ് വാച്ച്’ സെക്രട്ടറി.


Read More Related Articles