“അറസ്റ്റ് നിയമവിരുദ്ധം”, യുപി പൊലീസ് അറസ്റ്റ് ചെയ്ത പ്രശാന്ത് കനോജിയയെ മോചിപ്പിക്കണമെന്ന് സുപ്രിം കോടതി

By on

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെയുള്ള ഫെയ്സ്ബുക് പോസ്റ്റിന്‍റെയും ട്വീറ്റിന്‍റെയും പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വതന്ത്ര മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ മോചിപ്പിക്കണമെന്ന് സുപ്രിം കോടതി. പ്രശാന്തിന് എത്രയും പെട്ടെന്ന് ജാമ്യം അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു.

പ്രശാന്ത് കനോജിയയുടെ ഭാര്യ ജ​ഗിഷ അറോറ ഫയൽ ചെയ്ത ഹേബിയസ് കോർപിയസ് ഹർജി പരി​ഗണിച്ച് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് അജയ് രസ്ത​ഗോയ് എന്നിവരുടെ അവധിക്കാല ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

ഉത്തർപ്രദേശ് സർക്കാരിനെ പ്രതിനിധീകരിച്ച അഡീഷണൽ സൊളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി പ്രകോപനപരമായ ട്വീറ്റുകളെ സഹിഷ്ണുതയോടെ കാണാൻ കഴിയില്ലെന്നും അതിനാലാണ് അറസ്റ്റ് എന്നും കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു, കോടതി ആവിഷ്കാര സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഉയർത്തിപ്പിടിച്ചു.

”ഞങ്ങൾ അയാളുടെ ട്വീറ്റുകളെ പ്രോത്സാഹിപ്പിക്കുകയല്ല. പക്ഷേ അതിന്‍റെ പേരിൽ അയാളെ ജയിലിലടയ്ക്കാൻ കഴിയുമോ?” ജസ്റ്റിസ് ഇന്ദിര ബാനർജി ചോദിച്ചു. ”അയാൾ കൊലപാതകിയാണോ?” എന്നാണ് കനോജിയയെ 11 ദിവസത്തേക്ക് റിമാൻഡ് ചെയ്ത മജിസ്ട്രേറ്റിന്റെ നടപടിയെക്കുറിച്ച് ജസ്റ്റിസ് അജയ് രസ്ത​ഗോയ് ചോദിച്ചത്. റിമാൻഡ് ഉത്തരവുകളെ ഹേബിയസ് കോർപസ് ഹർ‌ജി വഴി നേരിടാൻ പാടില്ല എന്നതിന് സുപ്രിം കോടതിയുടെ തന്നെ മുൻപുള്ള വിധികൾ ഉണ്ട് എന്നും കീഴ്ക്കോടതികളിൽ നിന്ന് ജാമ്യം നേടലാണ് യഥാർത്ഥ രീതിയെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ ഹർജിയെ എതിർത്തു കൊണ്ട് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 അനുസരിച്ച് പരിപൂർണ നീതി നടപ്പിലാക്കാൻ സുപ്രിം കോടതിക്ക് അവകാശമുണ്ട് എന്നും കോടതി പ്രതികരിച്ചു. “അതിശക്തമായ നിയമവിരുദ്ധത ദൃശ്യമാണെങ്കിൽ നമുക്ക് കയ്യും കെട്ടിയിരുന്ന് കീഴ്ക്കോടതികളിലേക്ക് പോകാൻ പറയാൻ പറ്റില്ല” എന്നും കോടതി പ്രതികരിച്ചു.

അഡ്വക്കേറ്റ് ഷാദാൻ ഫറസാത് വഴി ഫയൽ ചെയ്ത ജ​ഗിഷ അറോറയുടെ ഹർജിയിൽ സൂചിപ്പിച്ചിരിക്കുന്ന അറസ്റ്റിലെ നിയമവിരുദ്ധതകൾ ഇവയാണ്,
ഐപിസി 500 അനുസരിച്ച് ക്രിമിനൽ ഡിഫെയ്മേഷൻ ഒരു നോൺ കോ​ഗ്നിസിബിൾ ഒഫൻസ് ആണ്. ഇതിനാൽ നേരിട്ട് ബാധിതനായ ഒരാൾ മജിസ്ട്രേറ്റിന് സമർപ്പിക്കുന്ന സ്വകാര്യ പരാതിയിൽ മാത്രമേ നടപടിയെടുക്കാൻ കഴിയുകയുള്ളു.

എഫ്ഐആറിൽ ചേർത്തിരിക്കുന്ന ഐടി ആക്ടിലെ 66ാം വകുപ്പ് ഒരു തരത്തിലും ഈ കേസുമായി ബന്ധപ്പെടുത്താൻ കഴിയുന്നതല്ല.

സിവിൽ വേഷത്തിലെത്തിയ രണ്ട് പൊലീസുകാരാണ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് മെമ്മോ നൽകിയിട്ടില്ല. അറസ്റ്റിന്റെ കാരണങ്ങൾ പ്രശാന്തിന്റെ ഭാര്യയെ അറിയിച്ചിട്ടില്ല.
ഡൽഹിയിൽ നിന്നും പ്രശാന്ത് കനോജിയയെ കൊണ്ടുപോകുമ്പോൾ ട്രാൻസിറ്റ് റിമാൻഡ് ഉണ്ടായിരുന്നില്ല. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നില്ല.

കനോജിയയുടെ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമുയർന്നപ്പോൾ ഐപിസി 505, ഐടി ആക്ട് വകുപ്പ് 67 എന്നിവയും കൂട്ടിച്ചേർത്തിരുന്നു. അശ്ലീല പരാമർശം നടത്തുക, സാമൂഹ്യമാധ്യമങ്ങളിൽ അപവാദം പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് കൂട്ടിച്ചേർത്തത്. എന്നാൽ മുഖ്യമന്ത്രിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭിപ്രായ പ്രകടനം ഒരു തരത്തിലും ഭരണകൂടത്തിനെതിരെ കുറ്റകൃത്യം നടത്താൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു പൊതു ശല്യം ആയി കണക്കാക്കാൻ പറ്റില്ലെന്നും പരാതിക്കാരി വാദമുയർത്തി.

കനോജിയയെ കൂടാതെ മറ്റ് രണ്ടു മാധ്യമപ്രവർത്തകരെയും യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാഷൻ ലെെവ് മേധാവി ഇഷിക സിം​ഗ്, എഡിറ്റർ അനുജ് ശുക്ല എന്നിവരാണ് അറസ്റ്റിലായത്. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഒരു സ്ത്രീ നടത്തിയ വാർത്താ സമ്മേളനത്തെക്കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചതിനാണ് ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടത്.


Read More Related Articles