‘ജയിൽ ഗാർഡിന് ഒരു സ്തുതിഗീതം’; അണ്ഡാസെല്ലിൽ നിന്നും ജിഎൻ സായിബാബയുടെ പുതിയ കവിത
മാവോയിസ്റ്റ് ബന്ധമാരോപിച്ച് 2013 മുതൽ തടവും ഭരണകൂട പീഡനവും അനുഭവിക്കുകയാണ് ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ജിഎൻ സായിബാബ. 2016ൽ ജാമ്യം കിട്ടിയെങ്കിലും 2017 മാർച്ചിൽ ജീവപര്യന്ത തടവ് വിധിക്കപ്പെട്ട് ജിഎൻ സായിബാബ നാഗ്പൂർ സെൻട്രൽ ജയിലിലെ അണ്ഡാ സെല്ലിൽ കഴിയുകയാണ്. ശരീരം 90% തളർന്ന അവസ്ഥയിലാണ്. ജയിലിൽ നിന്നും ഇതിനുമുമ്പും ജിഎൻ സായിബാബ കവിതകളെഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലെഴുതിയ പുതിയ കവിതയുടെ പരിഭാഷ വായിക്കാം.
ജയിൽ ഗാർഡിന് ഒരു സ്തുതിഗീതം
അഴികൾക്കിടയിലൂടെ
അയാൾ പുഞ്ചിരിക്കുന്നു
അയാൾ ചിരിക്കുന്നു
പുലർകാല സ്വപ്നങ്ങളിൽ നിന്ന്
എന്നെ കുലുക്കിയുണർത്താൻ.
ഒരു ഗുഡ്മോണിങ് കൊണ്ടുള്ള
കെട്ടിപ്പിടിത്തത്തോടെ
എന്റെ ജീവപര്യന്തത്തിന്റെ കൂട്ടിലേക്ക്
താക്കോൽക്കൂട്ടത്തിന്റെ മുഴക്കത്തോടെ.
തലയിൽ കടുംനീല നിറമുള്ള നെഹ്റുത്തൊപ്പി
ക്രൂരതയുള്ള കാക്കിക്കുപ്പായം
പാമ്പുപോലെയൊരു കറുത്ത ബെൽട്
ഇതൊക്കെയുമായി എന്റെ
പാതി തുറന്ന, ഉറക്കം വിടാത്ത
കണ്ണുകൾക്ക് മുന്നിൽ
അയാൾ നിൽക്കുകയും
ഉലാത്തുകയും ചെയ്യുന്നു.
ഒരു ചെകുത്താനെപ്പോലെ നരകത്തിന്റെ കവാടങ്ങളുടെ
കാവലാളാകുന്നു.
ശത്രുവിന്റെ സെെന്യത്തിൽ നിന്നുള്ള
ഒരു പ്രതിബിംബം പോലെ.
പക്ഷേ ചൂടുള്ള ഒരു പുഞ്ചിരിയണിഞ്ഞ
സുഹൃദ്മുഖത്തോടെ,
ദിനം പുലരുമ്പോൾ
ഒരാൾ ചത്തോ ജീവിച്ചോ എന്നറിയാൻ വന്ന് നിൽക്കുകയാണ്.
ജീവനുള്ള ഒാരോ തലയും എണ്ണിയെടുക്കുന്നു.
വേദനയും പരാതിയും കാണിക്കാതെ
ദിവസം ഒരായിരം തവണ
ഇരുമ്പുഗേറ്റുകളുടെ പൂട്ടുകൾ
തുറക്കുകയും അടക്കുകയും ചെയ്യുന്നു.
അക്ഷീണമായ സേവനങ്ങൾക്ക്
കൈമടക്കോ പ്രത്യുപകാരങ്ങളോ ചോദിക്കാതെ
വയർലെസ് സെറ്റിൽ നിന്ന്
ഒരിക്കലും എത്താത്ത ഡോക്ടറെ
ക്ഷമയോടെ
വിളിച്ചുകൊണ്ടിരിക്കുന്നു.
ഞാൻ ക്ഷീണിതനും ബോധരഹിതനും ആയിക്കിടക്കുമ്പോൾ
അയാൾ സ്വന്തം സങ്കടകഥകൾ മറച്ചുവെച്ച്
കുറ്റമോ നിരപരാധിത്വമോ കണക്കിലെടുക്കാതെ
ചങ്ങലയിൽ കിടക്കുന്ന
വിഷാദം നിറഞ്ഞ ആത്മാക്കൾക്ക്
അനുതാപപൂർവ്വം ചെവിയോർക്കുന്നു.
അയാൾ കേൾക്കുന്നു.
സംവദിക്കുന്നു.
മേലധികാരികൾ അടുത്തെങ്ങും ഇല്ലാത്തപ്പോൾ
അധികാരത്തിലിരിക്കുന്ന
ദുഷ്ടശക്തികളെപ്പറ്റി
വെറുപ്പോടെ പുരികങ്ങൾ ചുളിക്കുന്നു.
പെെശാചിക ഭരണകൂടത്തിന്റെ ഇരുണ്ട പടിക്കെട്ടുകളിൽ
രാത്രികൾ തോറും
മേൽനോട്ടത്തിന്റെ കഴുകൻ കണ്ണുകളുമായി
അതിശക്തമായി ചവിട്ടുന്നു.
അയാൾ വരുന്നത്
നമ്മുടെ സാമൂഹ്യവേദനയുടെ
ആഴക്കിണറിൽ നിന്നാണ്.
ഗേറ്റുകൾക്കപ്പുറത്ത് തന്നെത്തിരയുന്ന
പ്രിയപ്പെട്ടവരുമായി ചെലവിടാൻ അയാൾക്ക് സമയമില്ല.
രാപ്പകൽ ഡ്യൂട്ടിയിൽ അയാൾ തടവിലാണ്.
നാല് ചുവരുകൾക്കുള്ളിൽ
അടഞ്ഞ ഗേറ്റുകൾക്കുള്ളിൽ
തുച്ഛവേതനത്തിനായി
ഒരു ജീവിതകാലം മുഴുവൻ
അയാൾ ജീവിച്ചുതീർക്കുന്നു.
ശപിക്കപ്പെട്ട ആത്മാക്കൾ
വരികയും പോകുകയും ചെയ്യുമ്പോൾ
അയാൾ ഒരു സ്ഥിരം തടവുകാരനാണ്.
അയാൾക്ക് അവധികളില്ല.
വീക്ക്എൻഡുകളോ വിശുദ്ധ ദിവസങ്ങളോ ഇല്ല.
അയാളൊരു കന്യാസ്ത്രീയാണ്.
അയാളൊരു നഴ്സാണ്.
ഒരു പുരോഹിതനാണ്.
ക്ഷമയുള്ള കഠിനാധ്വാനിയാണ്.
എന്റെ കൂടിന്റെ അഴികളിൽ
അന്തമില്ലാതെ പറ്റിച്ചേരുന്ന
അക്ഷീണനായ ആ അടിമ
എന്‌റെ സുഹൃത്താണ്,
അനന്തരവനാണ്, സഖാവാണ്.
എന്റെ ജീവപര്യന്തതടവിന്റെ രക്ഷിതാവാണ്,
ശെെലികളുടെയും
വാക്കുകളുടെയും ശബ്ദമാത്രകളുടെയും.
പരിഭാഷ: മൃദുല ഭവാനി