രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

By on

രഹന ഫാത്തിമക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഇന്ന് രാവിലെയാണ് രഹന ഫാത്തിമക്ക് ജാമ്യം അനുവദിച്ചത്. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രഹന ശബരിമല പ്രവേശനത്തിന് ഒരുങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് രഹനയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശബരിമല തീർത്ഥാടകയായി രഹന പോസ്റ്റ് ചെയ്ത ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലായിരുന്നു ഹൈക്കോടതി നിർദ്ദേശ പ്രകാരം അറസ്റ്റും പിന്നീടുള്ള ജയിൽ വാസവും.

പമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് മാസത്തേയ്ക്ക് പ്രവേശിക്കരുത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യരുത് എന്നീ നിര്‍ദ്ദേശങ്ങളോടെയാണ് ജഡ്ജി സുനില്‍ തോമസ് രഹനയ്ക്ക് ജാമ്യം അനുവദിച്ചത്.

എല്ലാ പ്രായത്തിലുമുള്ല സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമല സന്ദര്‍ശനം നടത്തിയ രഹനയ്ക്ക് ഇപ്പോഴുള്ള ജാമ്യ വ്യവസ്ഥകള്‍ പൌരസ്വാതന്ത്ര്യങ്ങള്‍ക്കുള്ള വിലക്കാണെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും രഹനയുടെ ഭര്‍ത്താവ് മനോജ് കെ ശ്രീധര്‍ പ്രതികരിച്ചു.

ശബരിമല തീർത്ഥാടകയുടെ വേഷത്തിലുള്ള ചിത്രത്തിൽ രഹന തുട കാട്ടിയെന്നും ഒപ്പം ശബരിമലവിഷയവുമായി ബന്ധപ്പെട്ട് ചിത്രകാരി ഷാരോൺ റാണിയുടെ പുള്ളിക്കാരി എന്ന സീരീസിലെ ഒരു കാർട്ടൂൺ രഹന ഫേസ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്തത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നുമുള്ള ബി. രാധാകൃഷ്ണൻ മേനോൻ എന്നയാളുടെ പരാതിയിൽ ആണ് പത്തനംതിട്ട പോലീസ് കേസ് എടുത്തത്. തുടർന്ന് ഹൈക്കോടതി രഹനയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേതുടർന്നാണ് നവംബർ 27 ന് രഹന ജോലി ചെയ്യുന്ന എറണാകുളത്തെ ബി എസ് എൻ എൽ ഓഫീസിൽ വെച്ച് രെഹന അറസ്റ്റിലായത്. 17 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് ഇപ്പോൾ കോടതി രഹനക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.


Read More Related Articles