നജ്മൽ ബാബുവിന്‍റെ മൃതദേഹം ബന്ധുക്കൾ ബലം പ്രയോഗിച്ച് കൊണ്ടുപോയി; ആർഡിഒ യുടെ നിർദ്ദേശം ലംഘിക്കാൻ എം എൽ എ സുനിൽകുമാറും പൊലീസും നേതൃത്വം നൽകിയെന്ന് ആരോപണം
കൊടുങ്ങല്ലൂര്‍: അന്തരിച്ച മുന്‍ നക്സലൈറ്റും സാമൂഹ്യ പ്രവര്‍ത്തകനുമായ നജ്മല് ബാബുവിന്‍റെ മൃതദേഹം അദ്ദേഹത്തിന്‍റെ ഒസ്യത്തിന് എതിരായി ചേരമാൻ മസ്ജിദിൽ സംസ്കരിക്കാന് വിടാതെ ബന്ധുക്കളും സുഹൃത്തുക്കളും ബലം പ്രയോഗിച്ച് കൊണ്ട് പോയി. ഇന്ന് വൈകുന്നേരം കൊടുങ്ങല്ലൂില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച പൊലീസ് മൈതാനിയില്‍ വൻ സംഘർഷമാണ് ഉണ്ടായത്. ഇവിടെ നിന്നാണ് അദ്ദേഹത്തിന്‍റെ മൃതദേഹം ബലമായി കൊണ്ടുപോയത്. ചേരമാൻ മസ്ജിദിൽ തന്‍റെ മൃതദേഹം അടക്കം ചെയ്യണമെന്നാണ് ടിയെൻ ജോയി എന്ന നജ്മൽ ബാബു നിലപാട് എടുത്തിരുന്നത്. ഇക്കാര്യം അദ്ദേഹം രേഖാമൂലം ആവശ്യപ്പെട്ടിരുന്നതുമാണ്. ഇതിന് മസ്ജിദ് അധികൃതര് അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാൽ നജ്മൽ ബാബു യുക്തിവാദിയാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും എത്തി സംസ്കാരച്ചടങ്ങ് തടഞ്ഞു. തുടർന്ന് ജില്ലാഭരണകൂടം ഇടപെട്ട് സംസ്കാരം ഒരു ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂർ എംഎൽഎ വി ആർ സുനിൽ കുമാറും സർക്കിള്‍ ഇന്സ്പെക്ടറും തമ്മില് ചർച്ച നടന്നത്. ഈ ചർച്ചയ്ക്ക് ശേഷമാണ് ബന്ധുക്കൾ നജ്മൽ ബാബുവിന്‍റെ മൃതദേഹം ബലമായി കൊണ്ടുപോയത്. അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി മറ്റൊരു സ്ഥലത്ത് സംസ്കാര ചടങ്ങ് നടത്തുകയാണ് അവർ ഇപ്പോൾ. ആർ ഡി ഒയുടെ നിർദ്ദേശത്തിന് വിരുദ്ധമായാണ് മൃതദേഹം തട്ടിയെടുത്ത് കൊണ്ട് പോയത്.
പ്രതിഷേധത്തിന്‍റെ വിഡിയോ
തന്നെ ചേരമാൻ പള്ളിയിൽ കബറടക്കണം എന്നാവശ്യപ്പെട്ട് ടിയെൻ ജോയ് എഴുതിയ കത്തിന്‍റെ പൂർണ്ണരൂപം
പ്രിയപ്പെട്ട സുലൈമാൻ മൗലവിക്ക്,
വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യ ഭംഗിയിലാണ് ഒരുപക്ഷേ എന്റെ വിശ്വാസം. ജീവിതത്തിൽ ഉടനീളം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്നും മുസ്ലിങ്ങൾ ആയിരുന്നു-ഇപ്പോഴും! ഞാൻ മരിക്കുമ്പോൾ എന്നെ ചേരമാൻ പള്ളിയുടെ വളപ്പിൽ സംസ്കരിക്കുവാൻ കഴിയുമോ?
നോക്കൂ! മൗലവി, ജനനം ”തിരഞ്ഞെടുക്കുവാൻ” നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി. എന്റെ ഈ അത്യാഗ്രഹത്തിന് മതപരമായ ന്യായങ്ങൾ കണ്ടെത്തുവാൻ പണ്ഡിതനായ നിങ്ങൾക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഇങ്ങനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?
ജനിച്ച ഈഴവജാതിയുടെ ജാതിബോധം തീണ്ടാതിരിക്കുവാനാണ് അച്ഛൻ എന്നെ മടിയിൽ കിടത്തി അന്ന് ‘ജോയ്’ എന്ന് പേരിട്ടത്. ബാബറി പള്ളി തകർക്കലിനും ഗുജറാത്ത് വംശഹത്യയ്ക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം ‘മാത്രം’ സഹിക്കുന്ന വിവേചനങ്ങളിൽ ഞാൻ അസ്വസ്ഥനാണ്. ഇതിനെതിരായ ”മുസ്ലിം സാഹോദര്യങ്ങളുടെ” പ്രതിഷേധത്തിൽ ഞാൻ അവരോടൊപ്പമാണ്. മുസ്ലിം സമുദായത്തിലെ അനേകരോടൊപ്പം എന്റെ ഭൗതിക ശരീരവും മറവ് ചെയ്യപ്പെടണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ പിന്നിൽ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുർബലന്റെ പിടച്ചിലിൽ മൗലവി എന്നോടൊപ്പം ഉണ്ടാകുമെന്ന് ഇപ്പോൾ എനിക്ക് ഏതാണ്ട് ഉറപ്പാണ്.
നിർത്തട്ടെ
സ്നേഹത്തോടെ, സ്വന്തം കൈപ്പടയിൽ
ടിയെൻജോയ്
മുസിരിസ്-dec.13/2013
copy to സെക്രട്ടറി
ചേരമൻ മഹല്ല് കമ്മറ്റി