രശ്മി രഞ്ജൻ കൊല്ലപ്പെട്ടപ്പോൾ ജില്ലയ്ക്ക് നഷ്ടമായത് ആദ്യത്തെ പിഎച്ച്ഡി സ്കോളർ
സാൻസ്ഫ്രാൻസിസ്കോയിൽ നടക്കാനിരിക്കുന്ന എസ്പിഎെഇ ഫോട്ടോണിക്സ് വെസ്റ്റ് 2019 സയൻസ് കോൺഫറൻസിൽ ഒരു പ്രബന്ധം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു പിഎച്ച്ഡി വിദ്യാർത്ഥി രശ്മി രഞ്ജൻ സുന. ഡെങ്കി പനി ബാധിച്ച് യൂണിവേഴ്സിറ്റി ഹെൽത് സെന്ററിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർ കാണിച്ച മെഡിക്കൽ അലംഭാവവും ഗുണനിലവാരം കുറഞ്ഞ ഹിമഗിരി ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തതും രശ്മി രഞ്ജന്റെ ജീവനെടുത്തു.
“കൊല്ലപ്പെട്ടില്ലെങ്കിൽ സ്വന്തം ജില്ലയിൽ നിന്നും പിഎച്ച്ഡി സ്വന്തമാക്കുന്ന ആദ്യത്തെ വിദ്യാർത്ഥിയാകുമായിരുന്നു രശ്മി രഞ്ജൻ സുന. കൊല്ലപ്പെടുന്ന സമയത്ത് രശ്മി രഞ്ജന്റെ ജില്ല ഒരു പിഎച്ച്ഡി സ്കോളറെ കാണാൻ പോകുകയായിരുന്നു. ഇപ്പോൾ അവർ ഒരു തലമുറ പിന്നോട്ടാക്കപ്പെട്ടിരിക്കുന്നു. ഇനി അവർക്ക് അടുത്ത തലമുറ വരെ കാത്തിരിക്കണം.” ഹെെദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാംസൺ ഗിഡ്ല പറയുന്നു.
മൂന്ന് ദിവസം മുമ്പ് സർവ്വകലാശാല ഹെൽത് സെന്ററിലെ ഡോക്ടർമാരുടെ മെഡിക്കൽ അലംഭാവത്തിനിരയായി കൊല്ലപ്പെട്ട രശ്മി രഞ്ജന് നീതി ആവശ്യപ്പെട്ട് കൊണ്ട് സർവ്വകലാശാലയിൽ സമരം ചെയ്യുകയാണ് വിദ്യാർത്ഥികൾ. ഡെങ്കി ബാധിതനായ രഞ്ജൻ കൊല്ലപ്പെടാൻ കാരണക്കാരായ ഹഹിമഗിരി ഹോസ്പിറ്റലിനെ മുഖ്യപ്രതിയാക്കി എഫ്എെആർ ഫയൽ ചെയ്യുക, രശ്മിയുടെ രക്ഷിതാക്കൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക എന്നീ പ്രധാന ആവശ്യങ്ങൾ ഉയർത്തിയാണ് സമരം, എന്നാൽ ഇതിനോട് ഇതുവരെയും സർവ്വകലാശാല അധികൃതർ പോസിറ്റീവായി പ്രതികരിച്ചിട്ടില്ല.
രശ്മി രഞ്ജൻ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാം എന്ന് മാത്രമാണ് അധികൃതർ മറുപടി നൽകിയത്. അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ശാരീരിക, മാനസിക ആരോഗ്യം കണക്കിലെടുക്കാതെ അവരെ കൊലപ്പെടുത്തുകയാണ് എല്ലാക്കാലത്തും സർവ്വകലാശാല അധികാരികൾ ചെയ്തിട്ടുള്ളതെന്നും അത് സാധ്യമാക്കുന്ന ഒരു വഴിയാണ് യൂനിവേഴ്സിറ്റിയിലെ ഹെൽത് സെന്റർ എന്നും അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രതിഷേധമറിയിച്ചിരുന്നു.
നവംബർ 26ന് സമരം ആരംഭിച്ചപ്പോൾ പൊലീസിന്റെ ഭാഗത്ത് നിന്നും വിദ്യാർത്ഥികളെ അടിച്ചമർത്താൻ ശ്രമമുണ്ടായിരുന്നു. അഞ്ച് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് പ്രതിഷേധം ശക്തമായപ്പോൾ വിട്ടയക്കുകയും ചെയ്തിരുന്നു.