“ചന്ദ്രമുഖിയെ കാണാതെ ‍ഞങ്ങൾ ഉറങ്ങില്ല, ചന്ദ്രമുഖി സുരക്ഷിതമായി തിരിച്ചെത്തുംവരെ ഞങ്ങൾ നിങ്ങളെ പിന്തുടരും”

By on

“ചന്ദ്രമുഖിയെ കാണാതെ ഞങ്ങൾ ഉറങ്ങില്ല. ചന്ദ്രമുഖി സുരക്ഷിതമായി തിരിച്ചെത്തുംവരെ ഞങ്ങൾ നിങ്ങളെ പിന്തുടരും.” ചന്ദ്രമുഖിയുടെ സുഹൃത്തും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ രചന മുദ്രബോയിന പറയുന്നു. ചന്ദ്രമുഖിയുടെ അമ്മ അനിത, ദളിത് അവകാശ പ്രവർത്തകനും എഴുത്തുകാരനുമായ പ്രൊഫസർ കാഞ്ച ഇളയ്യ, ബിഎൽഎഫ് പ്രതിനിധികൾ, ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവർ ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രചന.

“സർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള പരിപൂർണ പരാജയമാണിത്. അവർക്ക് ഒരു എംഎൽഎ സ്ഥാനാർത്ഥിയെ സംരക്ഷിക്കാൻ കഴിയുന്നില്ല. ഞങ്ങൾക്കിത് സഹിക്കാൻ കഴിയില്ല. ചന്ദ്രമുഖിയെ ഇപ്പോൾ തന്നെ തിരിച്ചുകൊണ്ടുവരിക.” ലെെല ​ഗുരു പറയുന്നു.

ഇന്നലെ രാവിലെ മുതലാണ് ബഹുജൻ ഇടത് മുന്നണിയുടെ ​ഗോഷ്മഹൽ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായ ചന്ദ്രമുഖി മുവ്വലയെ കാണാതായത്. ചന്ദ്രമുഖിയെ തട്ടിക്കൊണ്ടുപോയതാണ് എന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും പറയുന്നു. ഇന്നലെ വെെകുന്നേരം ബഞ്ചാരാ ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെയും തെലങ്കാന പൊലീസിന് ചന്ദ്രമുഖിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

“ചന്ദ്രമുഖിയുടെ എതിർസ്ഥാനാർത്ഥികൾക്ക് ഇതിനകം ചന്ദ്രമുഖിയുടെ സ്ഥാനാർത്ഥിത്വം ഒരു ഭീഷണിയായിട്ടുണ്ട്. സംസ്ഥാനത്തെ പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചും ചന്ദ്രമുഖിക്ക് ഉണ്ടായിരുന്ന കൃത്യത അവരെ ഭയപ്പെടുത്തിയിരുന്നു. ഉദാസീനത ഒഴിവാക്കി സംസ്ഥാന പൊലീസ് സേനയെ ഉപയോ​ഗപ്പെടുത്തി ചന്ദ്രമുഖിയെ എത്രയും പെട്ടെന്ന് കണ്ടെത്തണം.
​ഗോഷ്മഹൽ മണ്ഡലത്തിലെ മത്സരാർത്ഥികളുടെ വീടുകളിലും അവരുമായി ബന്ധപ്പെട്ട പ്രവർത്തകരുടെയും വീടുകളിൽ തിരച്ചിൽ നടത്തണം. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു തിരച്ചിൽ നടപടി സാധ്യമാക്കണം.

തെലങ്കാന ചീഫ് ഇലക്ടറൽ ഒാഫീസർ, സ്ത്രീ സുരക്ഷാ എെജി, നാഷണൽ വിമൻസ് കമ്മീഷൻ അധ്യക്ഷൻ, ഇലക്ഷൻ കമ്മീഷണർ ഒാഫ് ഇന്ത്യ, എന്നിവരോട് ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൊണ്ട് ജനകീയ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്. എല്ലാവരും ക്യാംപെയ്നുമായി സഹകരിക്കുക. ”

രചന മുദ്രബോയിന, വെെജയന്തി വസന്ത മോ​ഗ്ലി, കാർത്തിക് ബിട്ടു കൊണ്ടയ്യ എന്നീ ട്രാൻസ്ജെൻഡർ അവകാശ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.


Read More Related Articles