റിൻഷാദിന്റെ അറസ്റ്റ് മലപ്പുറം ജില്ലയിലെ മുസ്ലിമിനെതിരായ തിരക്കഥ പോലെ; ജലാൽ
മലപ്പുറം ഗവണ്മെന്റ് കൊളേജിൽ കശ്മീർ പ്രശ്നത്തെക്കുറിച്ച് പോസ്റ്ററുകൾ പതിച്ച റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറം വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രവർത്തകനായ റിൻഷാദിനെതിരായ രാജ്യദ്രോഹ കേസും അറസ്റ്റും മലപ്പുറം ജില്ലയിലെ മുസ്ലിമിനെതിരെയുള്ള മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് റിൻഷാദിന്റെ ഉമ്മയുടെ അമ്മാവൻ ജലാൽ. റിന്‍ഷാദ്, ഫാരിസ് എന്നീ വിദ്യാര്‍ത്ഥികളെയാണ് പ്രിന്‍സിപ്പാള്‍ മായയുടെ പരാതിയില്‍ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് ജലാല്‍ സംസാരിക്കുന്നു.
“സാധാരണ അവൻ രാവിലെ കൊളേജിൽ പോകുന്നതാണ്. ഇന്നലെ കുറച്ചു വെെകിപ്പോയി അവൻ. അവന്റെ കൂട്ടുകാരൻ എപ്പോഴും അവർ ഒന്നിച്ചാണ് പോകാറ് അവർക്ക് രാവിലെ പോകാൻ പറ്റിയില്ല.സ്കൂട്ടറിൽ പെട്രോളില്ല പെട്രോൾ അടിച്ച് വന്നിട്ട് പോകാം എന്ന് പറഞ്ഞ് നിൽക്കുന്ന സമയത്താണ്, ആ സമയത്ത് തന്നെ അവിടെ അവനെ നിരീക്ഷിക്കാൻ ഒന്നുരണ്ട് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വന്നിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. കൃത്യമായ സമയമൊന്നും അറിയില്ല. പെട്ടെന്ന് അഞ്ചാറ് പൊലീസുകാർ വന്ന് വാതിൽ മുട്ടി വിളിച്ചു. അപ്പോൾ ഉച്ചയ്ക്ക് കൊണ്ടുപോകേണ്ട ഭക്ഷണം പാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് അവന്റെ ഉമ്മ. അവന്റെ ഉപ്പാന്റെ പെങ്ങൾ അവിടെയുണ്ട്. അവർ വാതിൽ തുറന്നുകൊടുത്തു, റിൻഷാദിന്റെ വീടല്ലേ എന്ന് ചോദിച്ചു, അതെ എന്ന് പറഞ്ഞു. റിൻഷാദില്ലേ എന്ന് ചോദിച്ചു ഉണ്ട് എന്ന് പറഞ്ഞു. റിൻഷാദിനെ പുറത്തേക്ക് കൊണ്ടുവന്നു പിന്നെ അവർ എന്താണ് സംസാരിച്ചതെന്ന് അറിയില്ല. നേരെ അവനെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി. അല്ലാതെ വീട്ടുകാർക്ക് ഇതിനെ കുറിച്ച് യാതൊരു വിവരവും ഇല്ല. എന്തിനാണ് കൊണ്ടുപോകുന്നത് എന്ന് വിശദീകരിച്ചിട്ടില്ല. റിൻഷാദ് എന്ത് കുറ്റകൃത്യമാണ് ചെയ്തത് എന്ന് വിശദീകരിച്ചിട്ടില്ല. അത്തരമൊരു കാര്യവും വിശദീകരിച്ചിട്ടില്ല. അതുകഴിഞ്ഞ് ഞാനവന്റെ ഉപ്പാന്റെ അമ്മാവനാണ്. അവന്റെ ഉപ്പ മരിച്ചു. അവനും ബാക്കി ആ വീട്ടിൽ സ്ത്രീകൾ മാത്രമാണ് ഉള്ളത്. അവന്റെ ഉമ്മയും വല്യുമ്മയും ഒരു പെങ്ങളും അടങ്ങുന്ന ചെറിയ കുടുംബം. ഞങ്ങളിവിടെ വന്ന് അന്വേഷിച്ചു. ആരും കൃത്യമായി ഒന്നും വിട്ടുപറയുന്നില്ല. പൊലീസ് ഇൻസ്പെക്ടറോട് സംസാരിച്ചു. സിഐയെ കാണാൻ പറഞ്‍ഞു സിഐ കൃത്യമായി മുഖം തന്നില്ല. അതേ സമയം ഒഫൻസ് വലുതാണ് വലുതാണ് എന്ന് പറയുന്നു ഒഫൻസ് എന്താണ് എന്ന് ഞങ്ങളോട് പറയുന്നില്ല പിന്നീടാണ് ഓൺലെെൻ മാധ്യമങ്ങളിലൂടെ ഞങ്ങളറിയുന്നത് കശ്മീരികളെ സംഘപരിവാർ ആക്രമിക്കുന്നത് നിർത്തുക, ആർഎസ്എഫ് എന്ന സംഘടനയുടെ പേരിലുള്ള പോസ്റ്ററിന്റെ പേരിലാണ് കേസെടുത്തത് എന്ന്. എന്താണ് ആർഎസ്എഫ് എന്നും ഞങ്ങൾക്കറിയില്ല. പിന്നീട് പോരാൻ നേരത്ത്, ഏഴരമണിയോടെയാണ് ഞാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് പോരുന്നത്, അപ്പോഴാണ് പൊലീസ് പറയുന്നത് 124 എ ചാർജ് ചെയ്തിട്ടുണ്ടെന്ന്. അത് വല്ലാതെ അത്ഭുതപ്പെടുത്തി. കാരണം 124എ ഇങ്ങനെയൊരു പോസ്റ്ററിന് ഇട്ടാൽ, കശ്മീരികളെ അരുംകൊല ചെയ്യുന്നത് സംഘപരിവാർ നിർത്തുക എന്ന് പറഞ്ഞാൽ അതെങ്ങനെ 124എ ആകും എന്ന് പിടികിട്ടുന്നില്ല, ഇതിന്റെ ഉദ്ദേശ്യം എന്താണെന്ന് വെച്ചാൽ മലപ്പുറം ജില്ലയെ കുറച്ച് കാലമായി ടാർജറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിൽ പ്രത്യേകിച്ച് ഒരു മുസ്ലിം നാമാധാരി കൂടി വന്നുപെട്ടപ്പോൾ അത് ആഘോഷിക്കാൻ ഉള്ള ഒരു പ്രി പ്ലാൻഡ് കേസ്. ഇതിന് മുമ്പ് തിരക്കഥയൊക്കെ എഴുതി വെച്ച പോലെയാണ് അവർ പറയുന്നത്, ഓരോ സംഗതികളും. അതിലാണ് വല്ലാത്ത സങ്കടമുള്ളത്.
നമ്മുടെ പ്രധാനമന്ത്രി തന്നെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് കശ്മീരികൾക്ക് സംരക്ഷണം കൊടുക്കണം എന്നുള്ളത്. അത് തന്നെയാണ് റിൻഷാദ് പോസ്റ്റ് ചെയ്തത്, കശ്മീരികളെ ഉപദ്രവിക്കുന്നത് സംഘപരിവാർ നിർത്തുക എന്ന്. മാത്രമല്ല സംഘപരിവാറിനെക്കുറിച്ച് പോസ്റ്റർ വന്നാൽ അത് 124എ ആയി മാറുന്നൊരവസ്ഥ രാജ്യത്ത് വരിക എന്ന് പറഞ്ഞാൽ രാജ്യസ്നേഹികൾ കുറയുകയും രാജ്യദ്രോഹികൾക്ക് ജയിൽ പോരാതാകുകയും ചെയ്യുന്ന അവസ്ഥ വരും. അത് എല്ലാവരും ശ്രദ്ധിക്കണം, റിൻഷാദിന്റെ മാത്രം പ്രശ്നമല്ല. സമൂഹം ഇതിനെതിരെ ശബ്ദിച്ചിട്ടില്ലെങ്കിൽ എല്ലാവരും രാജ്യദ്രോഹികളാകുകയും ആരെയും എപ്പോഴും ഒരു മുന്നറിയിപ്പും കൂടാതെ വീട്ടിൽ നിന്നു ഇറക്കിക്കൊണ്ടുപോയി എന്തും ചെയ്യാം എന്തും ചാർജ് ചെയ്യാം എന്നുള്ള അവസ്ഥ, അത് നാടിന്റെ ഇപ്പോഴുള്ള അഖണ്ഡതയ്ക്കും ഐക്യത്തിനും പ്രതികൂലമായി ബാധിക്കുന്നൊരവസ്ഥയാണ്. ഈ അഖണ്ഡതയും ഐക്യവും നിലനിൽക്കണമെന്ന് താൽപര്യമുള്ള എല്ലാ ആളുകളും ഇതിനെതിരെ പ്രതിഷേധിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
ഇങ്ങനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടിച്ചുകൊണ്ടുപോകുന്ന അവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കണം. എന്നോട് ഒരു പൊലീസുകാരൻ പറഞ്ഞത് പ്രിൻസിപ്പാളിന്റെ പരാതിക്കനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് അതുകൊണ്ട് നിങ്ങൾ പ്രിൻസിപ്പാളിനെയും സിഐയെയും കാണണം എന്ന് പറഞ്ഞത്. അതനുസരിച്ച് ഞാൻ നേരെ പ്രിൻസിപ്പാളിനെ കണ്ടു, പ്രിൻസിപ്പാൾ എനിക്ക് തന്ന വിശദീകരണം, രണ്ട് പോസ്റ്ററുകൾ കണ്ടു, ആ പോസ്റ്റർ കണ്ടു ആർഎസ്എഫിന്റെ പേരിൽ. ആർഎസ്എഫ് മുമ്പ് ഇവിടെ പ്രവർത്തന സ്വാതന്ത്ര്യം വേണം എന്ന് പറഞ്‍ഞ് അപേക്ഷ കൊടുത്ത സംഘടനയാണല്ലോ എന്ന് ഓർത്ത് അപേക്ഷ തന്ന കുട്ടിയെ വിളിപ്പിച്ചു.
ആ പോസ്റ്ററിന് എന്താണ് കുഴപ്പം എന്ന് അവൻ പ്രിൻസിപ്പാളിനോട് ചോദിച്ചെന്നും കുറച്ച് കഴിഞ്ഞപ്പോൾ എസ്ബി വരികയും ചെയ്തു പ്രിൻസിപ്പാൾ അത് അപ്പോൾ തന്നെ എടുത്ത് മാറ്റി എന്നൊക്കെയാണ് പ്രിൻസിപ്പാൾ പറയുന്നത്. പ്രിൻസിപ്പാളിന്റെ ആ വിശദീകരണവും പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നും മീഡിയയിൽ നിന്നും കിട്ടിയ വാർത്തയും ഒന്നും നോക്കുമ്പോൾ പ്രിൻസിപ്പാളിന്റെ വിശദീകരണം വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അതുണ്ടാകാൻ പാടില്ലല്ലോ.
പ്രിൻസിപ്പാളിന്റെ പരാതി പ്രകാരം ആണെന്നാണ് പൊലീസ് പറയുന്നത്, പ്രിൻസിപ്പാൾ എന്നോട് പറഞ്ഞത് അവർ വന്ന് മഹസ്സർ തയ്യാറാക്കി എന്നാണ്. മറ്റൊരാളോട് പറഞ്ഞത് പൊലീസ് എന്റെ കയ്യിൽ നിന്ന് പരാതി എഴുതി വാങ്ങിച്ചു എന്നാണ്. പ്രിൻസിപ്പാൾ പറഞ്ഞത് ഞാൻ എന്റെ ഔദ്യോഗിക ചുമതല മാത്രം നിർവ്വഹിച്ചു എന്നാണ്. നിർവ്വഹിക്കേണ്ടത് തന്നെയാണ്. പക്ഷേ അത് മറ്റെന്തിന്റെയെങ്കിലും പേരിൽ ആണെങ്കിൽ നമ്മളെല്ലാം ശ്രദ്ധിക്കേണ്ട അവസ്ഥയാണത്. മറ്റെന്തെങ്കിലും പ്രത്യേക അജണ്ടയുടെ പേരിൽ ഇങ്ങനെയൊരു സംഗതി നടക്കുക എന്ന് പറഞ്ഞാൽ അത് ശ്രദ്ധിക്കണം. പ്രിൻസിപ്പാൾ മായ അവരുടെ നിരപരാധിത്വം വളരെ കൃത്യമായി വിശദീകരിച്ചു തന്നു പക്ഷേ അത് എന്താണ് എന്നുള്ളത് ഇപ്പോഴും അറിയില്ല. പോസ്റ്റർ കിട്ടി എന്ന് പറയുന്നു. അതെത്രമാത്രം ശരിയാണെന്ന് അറിയില്ല. പക്ഷേ അവന്റെ പോസ്റ്റ് എന്ന രീതിയിൽ ഓൺലെെൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച പോസ്റ്ററിന് 124എ ചാർജ് ചെയ്തു എന്ന് പറഞ്ഞാൽ അതൊരു വല്ലാത്ത അവസ്ഥയായി മാറും.”