ശബരിമല സ്ത്രീ പ്രവേശനം : ഹർത്താലിനോട് മുഖം തിരിച്ച് സംസ്ഥാനം

By on

നാളെ ബിജെപി പിന്തുണയോടെ പ്രഖ്യാപിച്ച ഹർത്താലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സുപ്രീം കോടതി വിധിയേ തുടർന്ന് ശബരിമല സ്ത്രീ പ്രവേശനം ഇന്ന് യാഥാർഥ്യമായതോടെ, രാവിലെമുതൽ പല സ്ഥലങ്ങളിലും സംഘപരിവാർ അനുകൂല സംഘടനകൾ വ്യാപകമായ അക്രമങ്ങളാണ് നടത്തി വരുന്നത്. ഈ സാഹചര്യത്തിലാണ് ഒരു രീതിയിലും നാളത്തെ ഹർത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനമെടുത്തത്.

” ഇത്തരം ഹർത്താലുകൾ ജനങ്ങളുടെ ജീവിക്കാനും സഞ്ചരിക്കാനുമുള്ള മൗലിക അവകാശങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. അതുകൊണ്ട്തന്നെ ഹർത്താലിനോട് സഹകരിക്കാതെ നാളെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനാണ് ഞങ്ങളുടെ തീരുമാനം” വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്‌ അനസ് കീബോർഡ്‌ ജേർണലിനോട്‌ പറഞ്ഞു.

അതേ സമയം നാളത്തെ ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാധാരണ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
” ഹര്‍ത്താലില്‍ അക്രമത്തിന് മുതിരുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടം ഈടാക്കും ,പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. അക്രമത്തിന് മുതിരുകയോ ബലം പ്രയോഗിച്ചു കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യും” സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

നാളെ തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസുകൾക്കും മതിയായ സംരക്ഷണം ഒരുക്കണമെന്നും, ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു . സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണല്‍ എ.ഡി.ജി.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ മറവിൽ മുസ്ലിം സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന സംഭവം ആർഎസ്എസ് ആസൂത്രണം ചെയ്ത വർഗീയ കലാപത്തിന്റെ മുന്നൊരുക്കമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് സംരക്ഷണം കൊടുത്ത പോലിസിന് ആർഎസ്എസ് അക്രമത്തെ തടഞ്ഞുനിർത്താനും അടിച്ചമർത്താനും ബാധ്യതയുണ്ട്, സത്രീ പ്രവേശനം നടത്തിയതിൽ പ്രതിഷേധമുള്ളവർ അത് പ്രകടിപ്പിക്കേണ്ടത് അതിന് സൗകര്യമൊരുക്കിയ സർക്കാർ സംവിധാനങ്ങളോടാണ്. അതിനു പകരം പ്രശ്‌നത്തെ വഴി തിരിച്ചുവിടുന്നതിനും വർഗീയ കലാപം ലക്ഷ്യം വച്ച് മുസ്‌ലിം സ്ഥാപനങ്ങൾ തിരഞ്ഞു പിടിച്ച് അക്രമിക്കുന്നതും ഗുരുതരമായ സ്ഥിതി വിശേഷമാണ് ഉണ്ടാക്കുക.
ഇത് അടിച്ചമർത്താൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


Read More Related Articles