‘നിഷ്ഠൂരതയുടെ അനന്തരാഘാതം ഇപ്പോഴും അനുഭവിക്കാനാകുന്നു’; സജ്ജൻ കുമാറിനെ ശിക്ഷിച്ചുകൊണ്ട് കോടതി
വംശഹത്യ എന്ന വാക്ക് എടുത്ത് പറഞ്ഞുകൊണ്ടാണ് ദില്ലി ഹൈക്കോടതി 1984ലെ സിഖ് കൂട്ടക്കൊല കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻകുമാറിനെ ജീവപര്യന്തം ശിക്ഷയക്ക് വിധിച്ചത്. ‘എത്ര വെല്ലുവിളി നേരിട്ടാണെങ്കിലും സത്യം പുറത്തുവരുമെന്ന് ഇരകൾക്ക് ഉറപ്പു നൽകുക’ എന്നത് പ്രധാനമാണെന്ന് കോടതി പറഞ്ഞു. ജഗ്ദീഷ് കൗർ, നീർപ്രീത് കൗർ എന്നീ സ്ത്രീകൾ 34 വർഷം നീണ്ട നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് സജ്ജൻ കുമാറിന് ശിക്ഷ കിട്ടിയത്. ചെയ്യപ്പെട്ട നിഷ്ഠൂരതയുടെ അനന്തരാഘാതം ഇപ്പോഴും അനുഭവിക്കാനാവുന്നുണ്ടെന്ന് കോടതി, നിയമ പോരാട്ടം നടത്തിയവരെ എടുത്ത് കാട്ടിക്കൊണ്ട് പറഞ്ഞു. തന്‍റെ കൗമാരക്കാരനായ മകനെ ജിവനോടെ കത്തിക്കുന്നത് കണ്ടു നിൽക്കേണ്ടി വന്ന ആളാണ് ജഗ്ദീഷ് കൗർ. നീർപ്രീത് സിംഗിന്റെ പിതാവിനെ വീട്ടിൽ നിന്നും വലിച്ചിറക്കി തീകൊളുത്തി കൊന്നു. വിധി കേട്ട ഇരുവരും പൊട്ടിക്കരഞ്ഞു.
ഇതേ കേസിൽ സജ്ജൻകുമാറിനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയെ കോടതി ഈ മാസം 31 ന് മുൻപ് കീഴടങ്ങാനും സജ്ജൻകുമാറിനോട് ആവശ്യപ്പെട്ടു. 1984 നവംബർ 1 ന് ദില്ലിയിൽ രാജ് നഗറിലെ ഒരു സിഖ് കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി ഒരു ഗുരുദ്വാരയ്ക്ക് തീവച്ചു എന്നീ കുറ്റങ്ങളാണ് സജ്ജൻകുമാർ ചെയ്തതായി കോടതി കണ്ടെത്തിയത്.
1984 ഒക്ടോബർ 31 ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സിഖ് വംശജരായ അംഗരക്ഷകർ വെടിവെച്ച് കൊന്നതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന സിഖ് വിരുദ്ധ കലാപത്തിൽ 3000 ഓളം ആളുകളാണ് കൊല്ലപ്പെട്ടത്.
”1947 ലെ വേനൽക്കാലത്ത് വിഭജനവേളയിൽ മുസ്ലിങ്ങളും, സിഖുകാരും, ഹിന്ദുക്കളുമടങ്ങുന്ന ലക്ഷക്കണക്കിന് ജനങ്ങൾ കൊല്ലപ്പെട്ട കൂട്ടക്കുറ്റകൃത്യങ്ങൾക്ക് ഈ രാജ്യം സാക്ഷ്യം വഹിച്ചു. 37 വർഷങ്ങൾ കഴിഞ്ഞ് രാജ്യം മറ്റൊരു വൻ ദുരന്തത്തിന് കൂടി സാക്ഷിയായി. ആ വർഷം നവംബർ 1 മുതൽ നാല് വരെയുള്ള ദിവസങ്ങളിൽ 2733 സിഖുകാർ ദില്ലിയിൽ കൊലചെയ്യപ്പെട്ടു. അവരുടെ വീടുകൾ തകർക്കപ്പെട്ടു. രാജ്യത്തിന്റെ ബാക്കി ഇടങ്ങളിലും ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടു” 203 പേജുള്ള വിധിയിൽ ജസ്റ്റിസുമാരായ മുരളീധർ, വിനോദ് ഗോയൽ എന്നിവർ പറഞ്ഞു.
സിഖ് വിരുദ്ധ കലാപത്തിൽ മറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരെയും ആരോപണങ്ങളും പരാതിതകളും സാക്ഷിമൊഴികളും ഉണ്ടെങ്കിലും കേസിൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നയാളായി മുൻ എംപി കൂടിയായ കോൺഗ്രസ് ഉന്നത നേതാവ് സജ്ജൻകുമാർ മാറി. രാജ്യത്തെ മൂന്ന് വലിയ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തുന്ന ദിവസം തന്നെയാണ് സജ്ജൻകുമാർ ശിക്ഷിക്കപ്പെട്ടത്.
കുറ്റവാളികൾക്ക് രാഷ്ട്രീയ പരിരക്ഷ ലഭിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു. 2013 ൽ സജ്ജൻകുമാറിനെ വെറുതെ വിട്ട വിചാരണ കോടതി രാജ് നഗർ കേസിൽ കോൺഗ്രസ് കൗൺസിലറായ ബൽവാൻ ഖോഖാർ, വിരമിച്ച നാവികസേനാ ക്യാപ്റ്റൻ ഭഗ്മലിനെയും മറ്റ് മൂന്ന് പേരെയും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.
വൈകിയെത്തിയ നീതിയെന്ന് അരുൺ ജെയ്റ്റ്ലി
രാജ്യം കണ്ട ഏറ്റവും ഹീനമായ വംശഹത്യയാണ് 1984 ലെ സിഖ് വിരുദ്ധ കലാപമെന്നാണ് ബിജെപി നേതാവും കേന്ദ്ര ധനമന്ത്രിയുമായ അരുൺ ജെയ്റ്റ്ലി പ്രതികരിച്ചത്. സജ്ജൻ കുമാറിന് ദില്ലി ഹൈക്കോടതി വിധിച്ച ശിക്ഷ വൈകിയെത്തിയ നീതിയാണെന്ന് ജെയ്റ്റ്ലി റ്റ്വീറ്റ് ചെയ്തു. 1984 കലാപത്തിന്റെ പാപങ്ങൾക്ക് കോൺഗ്രസും ഗാന്ധി കുടുംബവും ഇനിയും അനുഭവിച്ചുകൊണ്ടേയിരിക്കുമെന്നും ജെയ്റ്റ്ലി കുറിച്ചു.
Sajjan Kumar’s conviction by the Delhi High Court is a delayed vindication of Justice. The Congress and the Gandhi family legacy will continue to pay for the sins of 1984 riots.
— Arun Jaitley (@arunjaitley) December 17, 2018