കശ്മീർ ജനത നിശ്ശബ്ദമാക്കപ്പെട്ടിട്ട് ഇന്ന് രണ്ടാം ദിവസം, നിശ്ചലമായി കശ്മീരി വാർത്താ വിനിമയം
ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഒപ്പുവെച്ച വിജ്ഞാപനം ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചതിനെ തുടർന്ന് ഈ നടപടിക്കെതിരെ ശബ്ദിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് കശ്മീരി ജനത. പൊതുജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ഒറ്റപ്പെടലിന്റെയും സെെനിക നിയന്ത്രണങ്ങളുടെയും കർഫ്യൂവിന്റെയും നാൽപത്തിയൊമ്പത് ദിവസങ്ങളാണ് ഇനി കശ്മീരികൾക്ക് കടന്നുപോകേണ്ടിയിരിക്കുന്നത്.
ആർക്കും വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്, ആശുപത്രിയിൽ ജോലി ചെയ്യുന്നവർക്ക് പോലും പുറത്തേക്കിറങ്ങാൻ കർഫ്യൂ പാസ് വേണം. ഇതിനിടയിൽ ഒരു ആൺകുട്ടി കൊല്ലപ്പെട്ടതായും രണ്ടുപേർക്ക് പരിക്കേറ്റതായും ഫെയ്സ്ബുക് വഴി വിവരങ്ങൾ ലഭിച്ചു. കശ്മീരിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്നു എന്നാണ് പൊലീസ് ഭാഷ്യം.
പ്രധാന കശ്മീരി മാധ്യമങ്ങളുടെ വെബ്സെെറ്റുകളില്‍ ഭൂരിഭാഗവും അവസാനം അപ്ഡേറ്റ് ചെയ്തിരിക്കുന്നത് ഓഗസ്റ്റ് നാലിനാണ്. ഓഗസ്റ്റ് നാലിന് രാത്രി പതിനൊന്ന് മണിയോടെ തന്നെ ജമ്മു കശ്മീരിലേക്കുള്ള ഇന്റർനെറ്റ് സംവിധാനം ഇന്ത്യൻ ഭരണകൂടം വിച്ഛേദിച്ചു.
1,80,000 സെെനികരെയാണ് ജമ്മു കശ്മീർ പ്രത്യേക പദവി പിൻവലിക്കാനായി സാഹചര്യമൊരുക്കുന്നതിന് വേണ്ടി ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിൽ വിന്യസിപ്പിച്ചത്. മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ലയും മെഹ്ബൂബ മുഫ്തിയും ഇന്നലെ രാത്രി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.