കുരുന്നിന്‍റെ ജീവന്‍ രക്ഷിക്കാന്‍ മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്‍റായി സഹായമഭ്യര്‍ത്ഥിച്ച് യുവാവ്; ഉടന്‍ ഇടപെട്ട് ശൈലജ റ്റീച്ചര്‍
ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്‍റായി സഹായമഭ്യർത്ഥിച്ച യുവാവിന് മിനിറ്റുകൾക്കകം കമന്‍റ് ബോക്‌സിൽ തന്നെ ശൈലജ ടീച്ചർ ഉത്തരം നൽകിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. രക്താർബുദത്തോട് പൊരുതി, പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിയെ അഭിനന്ദിച്ചു കൊണ്ട് ആരോഗ്യ മന്ത്രി പോസ്റ്റ് ചെയ്ത കുറിപ്പിന്‍റെ കമന്‍റ് ബോക്‌സിൽ ആണ് യുവാവ് തന്‍റെ സഹോദരിയുടെ കുഞ്ഞിന്‍റെ ചികിത്സക്ക് സഹായം ചോദിച്ചത്. ജിയാസ് മടശ്ശേരി എന്ന യുവാവാണ് തന്‍റെ സഹോദരിയുടെ കുട്ടിയുടെ അസുഖ വിവരം ആരോഗ്യ മന്ത്രിയെ അറിയിച്ചത്.
” ടീച്ചറേ, വേറെ ഒരു മാർഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത് എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി, നിർഭാഗ്യവശാൽ വാൽവ് സംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങ്ങൾ dr നിർദ്ദേശിച്ച പ്രകാരം പെരിന്തൽമണ്ണയിലെ KIMS ALSHIFAYIL എത്തി. അവർ ടെസ്റ്റുകൾ നടത്തി. ഇപ്പൊൾ ഇവിടെ നിന്ന് ഒന്നുകിൽ അമൃത ഹോസ്പിറ്റലിൽ അല്ലെങ്കിൽ ശ്രീചിത്തിര യിലിയോട്ട് കൊണ്ട് പോവാൻ പറഞ്ഞു.മേൽ ഹോസ്പിറ്റലിൽ ബന്ധപ്പെട്ടപ്പോൾ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു. ടീച്ചറേ…എത്രയും പെട്ടന്ന് എന്‍റെ കുട്ടിയെ മേൽ ഹോസ്പിറ്റലിൽ എത്തിച്ചിട്ടില്ലേൽ ജീവൻ അപകടത്തിലാവും എന്നാണ് dr പറഞ്ഞത്. ടീച്ചർ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു. ജിയാസ് ” എന്നായിരുന്നു കമന്‍റ്. ഫോൺ നമ്പരും ജിയാസ് കമന്‍റിനൊപ്പം ചേർത്തിരുന്നു.
അൽപ്പസമയത്തിനകം തന്നെ കുഞ്ഞിന്‍റെ ചികിത്സാചിലവ് സർക്കാർ ഏറ്റെടുക്കുന്നതായും നടപടികൾ തുടങ്ങിയതായും ഷൈലജ റ്റീച്ചര്‍ മറുപടി നൽകി.
” താങ്കളുടെ കമന്‍റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും.” എന്ന് മന്ത്രി ജിയാസിന് മറുപടിയായി കുറിച്ചു.
ഇതോടെ രാഷ്ട്രീയ വിയോജിപ്പുള്ളവർ പോലും ഫേസ്ബുക്ക് പോസ്റ്റുകളിൽ ആരോഗ്യ മന്ത്രിയുടെ ഈ മാതൃകാ പരമായ ഇടപെടലിനെ അഭിനന്ദിക്കുകയാണ്. സംഭവത്തിന് ആധാരമായ മന്ത്രിയുടെ പോസ്റ്റ് ചുവടെ.