നിഖാബിനോട് എതിർപ്പ് ആർക്കാണ്? താലിയിൽ അടിച്ചമർത്തൽ കാണാത്ത പൊതുബോധ ആധുനികതയ്ക്ക്

By on

By-അരവിന്ദ് വിഎസ്

വംശീയതയും ജാതി അടിച്ചമർത്തലും ആദിവാസികൾക്കെതിരെ നല്ലതുപോലെ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ആദിവാസികൾ പ്രശ്നം അനുഭവിക്കുന്നുണ്ടെന്നും ഭൂമിയൊക്കെ ആ പ്രശ്നങ്ങളിൽ ഒന്നാണെന്നും മലയാളികൾക്കിടയിൽ ഒരു ബോധ്യം വന്നു തുടങ്ങിയിട്ടുണ്ട്. അത് ഒരു ദിവസം കൊണ്ട് പെട്ടെന്നുണ്ടായതല്ല. ആദിവാസികൾ തുടർച്ചയായി നയിച്ച സാമൂഹിക മുന്നേറ്റങ്ങളുടെ ഫലമാണത്. തിരുവനന്തപുരത്തു സെക്രെട്ടറിയേറ്റിനു മുന്നിൽ നടത്തിയ കുടിൽകെട്ടി സമരത്തിലൂടെയും, മുത്തങ്ങയിലെ ഭൂമസമരത്തിലൂടെയും, ചെങ്ങറയിലെ ഭൂമിപിടിച്ചടക്കലിലൂടെയും, ആറളത്തെ സമരത്തിലൂടെയും, ഏറ്റവും ശക്തമായ നില്പുസമരത്തിലൂടെയും, ഇതാ ഇപ്പോൾ സർക്കാർ അടിച്ചമർത്തിയ തൊവരിമല ഭൂസമരത്തിലൂടെയും ഒക്കെ ആദിവാസികൾ ഈ പ്രശ്നങ്ങൾ പൊതുസമൂഹത്തിനെ മനസിലാക്കിക്കൊടുക്കുകയാണ്. അത്ര തുടർച്ചയായിട്ടാണ് തകർന്നു നിൽക്കുന്ന സാഹചര്യത്തിലും അവർ അടുത്തടുത്ത വർഷങ്ങളിൽ സമരം ചെയ്യാൻ തയ്യാറാകുന്നത്. സത്യത്തിൽ അത്രമാത്രം ജാതിവെറിയും വംശവെറിയും ആദിവാസികളോട് നിലനില്‍ക്കുന്നത് കൊണ്ടാണ് അവരിൽ ബഹുഭൂരിപക്ഷത്തിനും ജീവിതനിലവാരത്തിനു മാറ്റം വരാത്തത്. അല്ലെങ്കില്‍, നടത്തിയ മുന്നേറ്റങ്ങളും അവയുടെ തുടർച്ചയും പരിശോധിക്കുകയാണെങ്കിൽ അല്‍പമെങ്കിലും മാറ്റം വരേണ്ട സമയം നിർബന്ധമായും കഴിഞ്ഞിരിക്കുന്നു.

ഒരു സാമൂഹിക വിഭാഗവും നടത്താത്ത ശക്തമായ ജനകീയ മുന്നേറ്റങ്ങൾ തുടർച്ചയായി നടത്തിയവരാണ് ആദിവാസി വിഭാഗം. കാരണം അവരനുഭവിക്കുന്നത് അത്രമാത്രം രൂക്ഷമായ പ്രശ്നങ്ങളാണ്. അതുകൊണ്ടാണ് ആ സമൂഹം അത്രമാത്രം സാമൂഹിക മുന്നേറ്റങ്ങള്‍ നടത്താൻ വീണ്ടും വീണ്ടും തയ്യാറാകുന്നത്. സമൂഹത്തിന്‍റെ ഏറ്റവും കാതലായ ഒരു സ്വഭാവമാണത്. തങ്ങൾ സാമൂഹികമായി അനുഭവിക്കുന്ന ഒരു പ്രശ്നത്തെ ഏതു സമൂഹവും അധികകാലം ചൂണ്ടിക്കാണിക്കാതിരിക്കില്ല. ഈ ലോകത്തിലുണ്ടായിട്ടുള്ളതായിട്ടുള്ള മിക്കവാറും സാമൂഹിക മുന്നേറ്റങ്ങളുടെ ശാസ്ത്രീയ സ്വഭാവമാണത്. തങ്ങൾ ഒരു പ്രശ്നം അനുഭവിക്കുന്നുണ്ടെന്നും അത് തന്‍റെ മാത്രം വ്യക്തിപരമായ പ്രശ്നമല്ലെന്നും അത് ഒരു സാമൂഹികമായ പ്രശ്നമാണെന്നും ബോധ്യം വരുന്ന ഒരു സമൂഹവും, ഒരു വിഭാഗവും അത് അഡ്രെസ്സ് ചെയ്യാതിരിക്കില്ല.
നോക്കൂ ഈ അടുത്തകാലത്തുണ്ടായ ചില സമരങ്ങൾ, വിജയിച്ച സമരങ്ങൾ നോക്കു. ബ്രേക്ക് ദി കർഫ്യൂ, ഇരിപ്പുസമരം, മൂത്രപ്പുരസമരം, നഴ്സുമാർ നയിച്ച സമരം, വടയമ്പാടി ജാതിമതിൽ തകർക്കൽ, ദളിത് ഹർത്താൽ… അങ്ങനെ എന്തുമെടുക്കൂ… നോക്ക് അവയുടെ ശക്തി നോക്ക്… വേണ്ട പഴയ ചരിത്രം പരിശോധിക്കൂ, മൾട്ടി നാഷണൽ കോർപ്പറേറ്റ് ആയ കൊക്കകോളയെ ആദിവാസികൾ സമരം ചെയ്തു ഓടിച്ചിട്ടുണ്ട് ഈ നാട്ടിൽ നിന്നും. അതാണ് സമൂഹം. അത് തുടർച്ചയായി മുന്നേറ്റങ്ങൾ നടത്തുകയും അങ്ങനെ മാറികൊണ്ടിരിക്കുകയും ചെയ്യും. അതാണ് സാമൂഹിക സിദ്ധാന്തങ്ങൾ തെളിയിക്കുന്നത്. പ്രശ്‌നമനുഭവിക്കുന്ന ഏതു സാമൂഹിക വിഭാഗവും കൂട്ടം ചേർന്ന് ആ പ്രശ്നത്തെ അഡ്രസ് ചെയ്യും അതിനെ പരിഹരിക്കാൻ പൊതുസമൂഹവുമായും അധികാര കേന്ദ്രവുമായും ചർച്ചകൾ നടത്തും, ബലം പ്രയോഗിക്കും. അതിൽ നിന്ന് അവർക്കു മാറി നില്‍ക്കാന്‍ കഴിയില്ല. ഹെർബെർട് ബ്ലുമെർ, കാൾ മാർക്സ്, നീൽ സ്മെൽസെർ, റോബർട്ട് കെ മെർറ്റൻ എന്നിവരെപോലെയുള്ള ശാസ്ത്രന്മാർ തെളിവ് നിരത്തി നമുക്കതു സ്ഥാപിച്ചു തന്നിട്ടുണ്ട്. സ്ട്രക്ച്ചറൽ സ്‌ട്രെയിൻ തിയറി, മാർക്സിസ്റ്റ് തിയറി, റിലേറ്റീവ് ഡിപ്രിവഷൻ തിയറി, റിസോർസ് മൊബിലൈസേഷൻ തിയറി എന്നെല്ലാം അനേകം സിദ്ധാന്തങ്ങളും അതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്നുണ്ട്.

ഇനി നമുക്ക് വിഷയത്തിലേക്ക് വരാം. ഇപ്പോൾ നിഖാബുമായി ബന്ധപ്പെട്ടുണ്ടായ വിഷയം സത്യത്തിൽ ഒരു സാമൂഹിക മുന്നേറ്റത്തിന്‍റെ സ്വഭാവമുള്ളതാണ്.  വലിയൊരു പൊതുസമൂഹം നിഖാബിനെ, ബുർഖയെ നിരോധിക്കണം എന്നാവശ്യപെടുന്നു. മതാത്മകതയെ തള്ളിക്കളഞ്ഞുകൊണ്ട് സമൂഹം പുരോഗമനമാകണം എന്നതാണ് പ്രധാന ആവശ്യം. ആരാണ് ആവശ്യപ്പെടുന്നത് എന്ന് ചോദിച്ചാൽ പൊതുസമൂഹം എന്നെ പറയാവു. എന്നാൽ ഈ വാദം വരുന്നത് എവിടെ നിന്നുമാണ് എന്നതാണ് സാമൂഹ്യശാസ്ത്രപരമായ ചോദ്യം. പ്രാഥമികമായി രണ്ടു യുക്തിപരമായ ന്യായങ്ങളാണ് പൊതുസമൂഹത്തിൽ നിലനിൽക്കുന്നത്. ആദ്യത്തേത് തീർച്ചയായും മുസ്ലിം സ്ത്രീയുടെ പൗരാവകാശത്തെക്കുറിച്ചുള്ളതാണ് രണ്ടാമത്തേത് രാജ്യസുരക്ഷയെക്കുറിച്ചുള്ളതാണ്. ആദ്യഘടകം അല്പം വിശദമായി പറയേണ്ടതാണ്. രണ്ടാമത്തേത്, തീവ്രവാദി അക്രമണങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ നിലനില്‍ക്കുന്നതല്ലെന്ന് ബോധ്യം വരുന്നതാണ്. ബുർഖ ഇട്ടുകൊണ്ട് രാജ്യത്ത് ഒരു തീവ്രവാദി ആക്രമണവും നടത്തപ്പെട്ടതായി വിവരങ്ങളില്ല. അതുകൊണ്ട് ആ വാദം നിലനില്‍ക്കുന്നതല്ല.
ഇനി രണ്ടാമത്തെ ഘടകം മുസ്ലിം സ്ത്രീയുടെ സ്വത്വ സ്വാതന്ത്ര്യത്തിന്‍റേതാണ്. ഇതെവിടെ നിന്നാണ് ഈ പ്രത്യയശാസ്ത്രം വരുന്നതെന്ന് ചോദിച്ചാൽ അത് മോഡേണിറ്റിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. സാമൂഹ്യശാസ്ത്രത്തിന്‍റെ വളർച്ചയുടെ തുടക്കം തന്നെ പുരാതനമായ ദൈവസങ്കല്പങ്ങളിൽ നിന്നും ആചാര അനുഷ്ഠാനങ്ങളിൽ, മതത്തിന്‍റെ കെട്ടുപാടുകളിൽ നിന്നും സമൂഹം കൂടുതൽ യുക്തിസഹമായ, ശാസ്ത്രീയമായ ജീവിതരീതിയിലേക്ക് മാറുന്നതിനെക്കുറിച്ചായിരുന്നു.

ഓഗസ്റ്റ് കോംട്, എമിൽ ദ്ർഖീം, വെബർ, കാൾ മാർക്സ്, ടാൽകോട്ട് പാഴ്സൺ തുടങ്ങിയ ശാസ്ത്രജ്ഞന്മാർ സമൂഹത്തിന്‍റെ ഈ പുരോഗമനപരമായ ചലനത്തെ പലതരത്തിൽ നിരീക്ഷിച്ചവരാണ്. ഓഗസ്റ്റ് കോംട്ന്‍റെ പോസ്റ്റിറ്റിവിസം മതാത്മകതയെ തള്ളിക്കളയുന്നതാണ്. എമിൽ ദ്ർഖീമിന്റെ സോഷ്യൽ സോളിഡാരിറ്റി സമൂഹം മോഡേണിറ്റിയിലേക്ക് ചലിക്കുന്നതിനെക്കുറിച്ചാണ്, കാൾ മാർക്സ് ന്റെ ഹിസ്റ്റോറിക്കൽ മെറ്റീരിയലിസം ചരിത്രപരമായ സാമൂഹിക മാറ്റത്തെക്കുറിച്ചാണ്, ടാൽകോട്ട് പാർസന്‍റെ പാറ്റേൺ വേരിയബിൾസ് പുരാതന നവീന സമൂഹങ്ങളെ താരതമ്യം ചെയ്യുന്നതാണ്.

ഇവരുടെ സൈദ്ധാന്തിക വിഭാഗത്തെയും അതിന്‍റെ തുടർച്ചയെയും പറയുന്ന പേരാണ് മോഡേണിറ്റി. യുക്തിസഹമായി ചിന്തിക്കുക, ശാസ്ത്രീയമായിരിക്കുക, മതനിരപേക്ഷമായിരിക്കുക, വർധിച്ച വ്യക്തിസ്വാതന്ത്ര്യം എന്നതൊക്കെ അവർ ചൂണ്ടിക്കാണിച്ച പുരോഗമനമാണ്. അങ്ങനെ ആ സിദ്ധാന്തങ്ങൾ എല്ലാം മോഡേണിറ്റിയുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. കേരളം ഈ മോഡേണിറ്റി എന്ന പ്രത്യയശാസ്ത്രരീതിയിൽ മുന്നേറ്റങ്ങൾ നടത്തി ജാതിയതയെയും മതാത്മകതയുടെയും പ്രത്യക്ഷ സ്വാധീനങ്ങളെ ചില രീതിയിൽ മാറ്റം വരുത്തിയിട്ടുള്ള പ്രദേശമാണ്. അതുകൊണ്ട് മോഡേണിറ്റിയുടെ സ്വാധീനം ഈ ഭൂപ്രദേശത്തു വളരെ പ്രകടമാണ്. നവോത്ഥാനം അതിന്‍റെ അടിവേരായിരുന്നു. മുസ്ലിം സ്ത്രീയുടെ നിഖാബ് ഒരു പ്രത്യക്ഷ മത ചിഹ്നമായിരിക്കുകയും, പ്രത്യക്ഷത്തിൽ തന്നെ അത് മതത്തിന്‍റെ പ്രകടമായ ഒരു സാമൂഹിക നിയന്ത്രണ സംവിധാനമായിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്, മോഡേണിറ്റിയ്ക്ക് പെട്ടെന്ന് തന്നെ നിഖാബും ബുർഖയും സ്ത്രീയെ അടിച്ചമർത്തുന്ന ഒന്നായി ബോധ്യപ്പെടുന്നത്. എന്നാൽ താലി പോലെയുള്ള ഹിന്ദുമതത്തിന്‍റെ പ്രകടനം അടിച്ചമർത്തൽ അല്ലാതാകുന്നത് അത് ഈ രാജ്യത്തിന്‍റെ സംസ്കാരമായും വിശിഷ്ടമായും ഇവിടുത്തെ ഹിന്ദു പൊതുബോധം നിലനിർത്തുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് നിഖാബും ബുർഖയും സ്ത്രീ വിരുദ്ധമായും, താലി സംസ്കാരമായും തോന്നുന്നതും. സത്യത്തിൽ മോഡേണിറ്റി ആണ് ഈ സാഹചര്യത്തിൽ മുസ്ലിം സ്ത്രീ അടിച്ചമർത്തപ്പെടുന്നു എന്ന് നമ്മളെ ചിന്തിപ്പിക്കുന്നത്.

നമ്മുടെ ശാസ്ത്രീയ പരിശോധന തന്നെ മോഡേണിറ്റിയിൽ ഊന്നി നിൽക്കുകയാണ്. എന്‍റെ പക്ഷം മോഡേണിറ്റിയല്ല സാമൂഹിക മുന്നേറ്റ സിദ്ധാന്തങ്ങളാണ് നിഖാബിന്‍റെ വിഷയത്തിൽ ശാസ്ത്രീയ പരിശോധനയിൽ ഊന്നി നില്‍ക്കേണ്ടതെന്നാണ്. നമ്മൾ മുൻപ് സാമൂഹിക മുന്നേറ്റ സിദ്ധാന്തങ്ങളെക്കുറിച്ചു പറഞ്ഞകൂട്ടത്തിൽ പറഞ്ഞ ഏറ്റവും പ്രമുഖനായ റോബർട്ട് കെ മെർറ്റൻ എന്ന സാമൂഹ്യ ശാസ്ത്രജ്ഞൻ ‘റിലേറ്റീവ് ഡിപ്രിവേഷൻ’ എന്ന ഒരു സിദ്ധാന്തം സാമൂഹിക മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടു മുന്നോട്ടു വെക്കുന്നുണ്ട്. നിലനിൽക്കുന്ന സമൂഹത്തിൽ തങ്ങളുടെ സാമൂഹിക സാഹചര്യം മറ്റു സാമൂഹിക വിഭാഗങ്ങളിൽ നിന്നും പിന്നോക്കം നിൽക്കുകയാണെന്നും അത്തരത്തിൽ തങ്ങൾക്കു സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്ന ഒരു പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ബോധ്യം വരുന്ന ഏതു സാമൂഹിക വിഭാഗവും കൂട്ടം ചേർന്ന് ആ പ്രശ്നത്തെ അഡ്രസ് ചെയ്യും, സമരങ്ങളും പ്രകടനങ്ങളും നയിക്കും, അതിനെ പരിഹരിക്കാൻ പൊതുസമൂഹവുമായി അധികാര കേന്ദ്രവുമായി ചർച്ചകൾ നടത്തും. അതിൽ നിന്ന് അവർക്കു മാറി നില്ക്കാൻ കഴിയില്ല. വ്യക്തി ജീവിതത്തിൽ പ്രശ്നത്തെ അനുഭവിക്കുകയും അത് വ്യക്തിപരമായ പ്രശ്‌നമല്ലെന്നും സാമൂഹികമായ പ്രശ്നമാണെന്നും തിരിച്ചറിയുകയും ചെയ്യുന്ന എല്ലാ വിഭാഗവും അതിനെതിരെ സാമൂഹിക ഇടപെടലിന് സ്വയം തയ്യാറാകും.

ഇവിടെ മുസ്ലിം സ്ത്രീ പ്രശ്‌നമനുഭവിക്കുന്നുണ്ട് എന്ന് മോഡേണിസ്റ്റുകളാണ് തീർപ്പുകല്പിക്കുന്നത്, അല്ലാതെ പ്രശ്നബാധിതരായ മുസ്ലിം സ്ത്രീകളല്ല. തട്ടം, ബുർഖ, നിഖാബ് എന്നിവ ഒരു സാമൂഹിക പ്രശ്നങ്ങളാക്കി ഉയർത്തിക്കാട്ടി മുസ്ലിം സ്ത്രീകൾ നടത്തിയ ഏതെങ്കിലും ഒരു സാമൂഹിക മുന്നേറ്റം ഈ സംസ്ഥാനത്തു ഉണ്ടായിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും അടയാളപ്പെടുത്താൻ കഴിയാത്തത് ഇത് കൊണ്ടാണ്. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഇല്ലെന്നല്ല, അത്തരം പ്രതിഷേധങ്ങൾക്ക് ഒരു സാമൂഹിക മുന്നേറ്റമായി രൂപപ്പെടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അതായത് മുസ്ലിം സ്ത്രീകൾ പ്രശ്നബാധിതരാണെന്നു തീരുമാനിക്കപ്പെടുന്നത് എവിടെ നിന്നുമാണ്? അത് മോഡേണിസ്റ്റുകളില്‍ നിന്നുമാണ്. അല്ലാതെ പ്രശ്നബാധിതർ എന്ന് അവർ കരുതുന്ന മുസ്ലിം സ്ത്രീകളിൽ നിന്നും ഒരിക്കൽ പോലും അങ്ങനെ ഒരു മുന്നേറ്റം ഉണ്ടായിട്ടില്ല.

സ്ത്രീകൾ എന്നല്ല ആദിവാസികൾ എന്നല്ല ഏതു സാമൂഹിക വിഭാഗമായാൽ പോലും അവർ അനുഭവിക്കുന്ന പ്രശ്നത്തെ പൊതുസമൂഹത്തിനു മുന്നിൽ ചർച്ചയാക്കാൻ അല്ലെങ്കിൽ അവർ അനുഭവിക്കുന്ന സാമൂഹിക പ്രശ്നത്തെ പരിഹരിക്കുവാൻ അവർ സ്വയം മുന്നോട്ടു വരും, അതാണ് സാമൂഹിക സത്യം. യൂണിഫോമും തട്ടവുമിട്ടുകൊണ്ട് ഇന്ത്യൻ പട്ടാളത്തിനെതിരെ കല്ലെറിയുന്ന കശ്മീരി പെൺപോരാളികളെ നിങ്ങൾ മറന്നുപോയോ? അവർ പ്രശ്നബാധിതരാണ്, ഇന്ത്യൻ ദേശരാഷ്ട്രം അതിന്‍റെ പട്ടാളവും എന്ന സാമൂഹിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണവർ. എന്നാൽ അതൊരിക്കലും നമ്മുടെ പരിശോധനയിൽ വരില്ല കാരണം നമ്മുടെ സൈദ്ധാന്തികത മോഡേണിറ്റിയിൽ ഒതുങ്ങിയിരിക്കുകയാണ്. പ്രശ്നം അതാണ് മതാത്മകതയെ മാറ്റി തീർക്കണം എന്നത് മാത്രമാണ് പ്രാഥമികമായ വിഷയം. എന്നാൽ സാമൂഹ്യശാസ്‌ത്രപരമായി പരിശോധിക്കുമ്പോൾ നമ്മൾ ഇതൊരു സാമൂഹിക മുന്നേറ്റത്തിന്‍റെ സ്വഭാവത്തിലാണ് അളക്കാൻ കഴിയുക. അതായത് പൊതുസമൂഹം നിലനില്‍ക്കുന്ന ഒരു സാമൂഹിക സാഹചര്യത്തെ മാറ്റാൻ ബലം പ്രയോഗിക്കുകയാണ്. നിഖാബിനെതിരെ സംസാരിക്കുന്നവർ മുഴുവൻ ഹിന്ദുത്വവാദികൾ ആണെന്ന് വാദിക്കാൻ കഴിയില്ല. അവർ മോഡേണിസ്റ്റുകളുമാകാം, യുക്തിവാദികളാകാം, മതേതരവാദികളാകാം. എന്നാൽ പ്രശ്നം ഉന്നയിക്കുന്നത് പ്രശ്നബാധിതർ ആയവരല്ല എന്നതാണ് കാതലായ വിഷയം. നോക്കൂ, മുസ്ലിം സ്ത്രീകൾക്ക് പ്രശ്‌നമനുഭവിക്കുന്നതായി ബോധ്യപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും അതിനെതിരെ അവരിൽ നിന്നും തന്നെ ഒരു മുന്നേറ്റമായി അത് ഉയർന്നു വരും. സർവ്വായുധങ്ങളുമായി വരുന്ന ഇന്ത്യൻ പട്ടാളത്തിനെ കല്ലെറിഞ്ഞു ഓടിപ്പിക്കാൻ ധൈര്യപെടാമെങ്കിൽ അവർക്ക് തല മറക്കുന്ന തുണി എടുത്തുമാറ്റാൻ ആരുടെയെങ്കിലും ഏജൻസി വേണമെന്ന് കരുതുന്നത് മോഡേണിസത്തിന്‍റെ ഏറ്റവും വലിയ പരാജയമാണ്. കണ്ണ് തുറന്നെല്ലാവരും നോക്കൂ മുൻപ് പറഞ്ഞ സാമൂഹിക മുന്നേറ്റങ്ങൾ നോക്കു.

ബ്രേക്ക് ദി കർഫ്യൂ, ഇരിപ്പുസമരം, മൂത്രപ്പുരസമരം, നഴ്സുമാർ നയിച്ച സമരം, വടയമ്പാടി ജാതിമതിൽ തകർക്കൽ, ദളിത് ഹർത്താൽ, പ്ലാച്ചിമട സമരം, പൊമ്പിള ഒരുമൈ സമരം, ചെങ്ങറ ഭൂസമരം അങ്ങനെ എത്രയെത്ര സമരങ്ങൾ. പ്രശ്‌നമനുഭവിക്കുന്നവർ അത് അഡ്രെസ്സ് ചെയുക തന്നെ ചെയ്യും. അതുകൊണ്ട് മുസ്ലിം സ്ത്രീയെ തട്ടമൂരിക്കാൻ മോഡേണിസ്റ്റുകൾ തിരക്കുകൂട്ടേണ്ട. പ്രശ്‌നബാധിതരാണെങ്കിൽ, സ്വാഭാവികമായ സാമൂഹിക നീതി നിഷേധിക്കപ്പെടുന്നു എങ്കിൽ അവർ ആ പ്രശ്നത്തെ ചൂണ്ടികാണിക്കുവാൻ ഏതു ദൈവശാസ്ത്രത്തെയും ചോദ്യം ചെയ്തുകൊണ്ട് പുറത്തുവരും. സഭപോലെയുള്ള അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്തു നമ്മുടെ കന്യാസ്ത്രീകൾ നടത്തിയ പോരാട്ടം മാത്രം മതി അതിനു തെളിവുനൽകാന്‍. അതുകൊണ്ട് പ്രശ്നബാധിതരായവർ ആ പ്രശ്നത്തെക്കുറിച്ചു സംസാരിക്കുമ്പോൾ മിണ്ടാതെ നിന്ന് കേട്ടു ഐക്യപ്പെടുക എന്നതുമാത്രമാണ് പ്രിവിലേജുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ഏക രാഷ്ട്രീയ ഉത്തരവാദിത്വം എന്നതാണ് സാമൂഹിക യാഥാർഥ്യം.


Read More Related Articles