പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ ഷര്‍ജീല്‍ ഉസ്മാനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഉസ്മാനിയെ അലിഗഢ് ജില്ലാ മജിസ്ട്രേറ്റ് കോടതി പതിനഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കുന്ന വിവരം കുടുംബത്തെ അറിയിച്ചിരുന്നില്ല.
ഡിസംബര്‍ 15ന് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കുറ്റവല്ക്കരിക്കാനുണ്ടായ നീക്കങ്ങളുടെ തുടര്‍ച്ചയാണ് ഷര്‍ജീല്‍ ഉസ്മാനിയുടെ അറസ്റ്റ് എന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം. സര്‍വ്വകലാശാലയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ തന്നെയാണ് മകനെതിരെയുള്ള നീക്കമെന്ന് ഷര്‍ജീല്‍ ഉസ്മാനിയുടെ പിതാവ് പറഞ്ഞിരുന്നു.
ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ പൊലീസ് അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ റാലിക്ക് നേരെ പൊലീസ് സായുധ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പൊലീസിനെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചു എന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എഫ്ഐആര്‍ ചുമത്തിയിരുന്നു. ഗ്രനേഡുകള്‍ അടക്കമുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുകയും ചെയ്തു. പൊലീസ് അതിക്രമത്തിന്റെ വ്യക്തമായ വീഡിയോ ദൃശ്യങ്ങള്‍ തെളിവുകളായി നിലനില്‍ക്കെയാണ് ഇത്.
ജനുവരിയില്‍ അലഹാബാദ് ഹൈക്കോടതി നല്കിയ ഉത്തരവ് പ്രകാരം പൊലീസ് അതിക്രമത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കമ്മീഷന് നല്കിയ ശുപാര്‍ശകള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് ഡിജിപിയോട് നിര്‍ദ്ദേശിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ കുറ്റവിമുക്തരാക്കുന്ന കോടതി ഇടപെടല്‍ നിലനില്‍ക്കെയാണ് ഷര്‍ജീല്‍ ഉസ്മാനിയുടെ അറസ്റ്റ്. മുഹമ്മദ് അമന് ഖാന് ഫയല്‍ ചെയ്ത പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു കോടതി ദേശീയ മനുഷ്യാവകാശ കമ്മീഷനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്.
മാരകമായി പരിക്കേറ്റ ആറു വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മോട്ടോര്‍സൈക്കിളുകള്‍ തകര്‍ക്കുകയും ക്രമസമാധാന നില തകര്‍ക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയുക, സിആര്‍പിഎഫ്, ആര്‍എഎഫ് എന്നീ സേനകള്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ പൗരരുടെ മനുഷ്യാവകാശങ്ങള്‍ കണക്കിലെടുത്ത് മാത്രം ഇടപെടുക, അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കുക, ഇന്റലിജന്‍സ് സംവിധാനം ശക്തമാക്കുക, സര്‍വ്വകലാശാല വിസിയും രജിസ്ട്രാറും വിദ്യാര്‍ത്ഥികളുമായി മികച്ച ആശയവിനിമയത്തിനുള്ള സംവിധാനം രൂപീകരിക്കുക എന്നിവയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍.