ഷര്‍ജീല്‍ ഉസ്മാനി എവിടെ? അറസ്റ്റ് വാര്‍ത്ത നിഷേധിച്ച് ക്രൈം ബ്രാഞ്ചും പൊലീസും

By on

വിദ്യാര്‍ത്ഥി നേതാവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഉസ്മാനിയുടെ കസ്റ്റഡിയെക്കുറിച്ച് ഇനിയും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ജൂലൈ എട്ടിന് വൈകുന്നേരമാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്ന് അവകാശപ്പെട്ട് എത്തിയ ഒരു സംഘം ഷര്‍ജീലിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് വാറണ്ട് കൂടാതെയാണ് ഷര്‍ജീലിനെ കസ്റ്റഡിയിലെടുത്തത്. ഷര്‍ജീലിന്റെ പുസ്തകങ്ങളും ലാപ്‌ടോപും ഇവര്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍, കസ്റ്റഡിയിലെടുത്ത ശേഷം ഇരുപത്തിമൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഷര്‍ജീല്‍ എവിടെയാണെന്ന് രക്ഷിതാക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ വിവരം ലഭിച്ചിട്ടില്ല.

ജൂലൈ 9ന് ഹിന്ദി ദിനപത്രമായ അമര്‍ ഉജാല, “അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമാക്കി എന്നാരോപിച്ച് ഷര്‍ജീല്‍ ഉസ്മാനിയെ ലക്‌നൗ എടിഎസ് (തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്) അറസ്റ്റ് ചെയ്തു” എന്ന് അലിഗഢ് ക്രൈം എസ് പി അരവിന്ദ് കുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ലക്‌നൗ എടിഎസ് എസ്പി വിനോദ് കുമാര്‍ സിങ് ഇക്കാര്യം നിഷേധിച്ചു. ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്തത് അലിഗഢ് പൊലീസ് ആണ് എന്നായിരുന്നു വിനോദ് കുമാര്‍ സിങ്ങിന്റെ പ്രതികരണം. എന്നാല്‍, അലിഗഢ് പൊലീസും ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും അലിഗഢ് പൊലീസും ഇക്കാര്യത്തെപ്പറ്റി ഒന്നും അറിയില്ല എന്നാണ് ജൂലെെ എട്ടിന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ലക്‌നൗ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അറസ്റ്റ് നിഷേധിച്ചു. ഈ സാഹചര്യത്തില്‍ ഷര്‍ജീല്‍ ഉസ്മാനിയുടെ നിയമവിരുദ്ധമായ കസ്റ്റഡിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്.

ഷര്‍ജീല്‍ ഉസ്മാനിയുടെ കസ്റ്റഡിയെക്കുറിച്ച് പിതാവ് താരീഖ് ഉസ്മാനി പറയുന്നു, ”ഇന്നലെ വൈകുന്നേരം ആറുമണിയോടുകൂടിയാണ് സാധാരണ വേഷത്തിലെത്തിയ ചിലര്‍ എന്റെ മകനെ കൈവിലങ്ങണിയിച്ച് കാറില്‍ കയറ്റി കൊണ്ടുപോയത്. ആറുപേരാണ് ഉണ്ടായിരുന്നത്. അതുകഴിഞ്ഞ് അര മണിക്കൂറിന് ശേഷം രണ്ടുപേര്‍ വീണ്ടും വന്നു, അവരും യൂണിഫോമിലായിരുന്നില്ല. അവര്‍ ഷര്‍ജീലിന്‍റെ പുസ്തകങ്ങളും ലാപ്‌ടോപും കൊണ്ടുപോയി. അറസ്റ്റ് ചെയ്യുകയാണ് എന്നതിന് ഒരു തെളിവും രേഖയായി നല്‍കാതെയാണ് അവര്‍ അവനെ കൊണ്ടുപോയത്. അതിന് ശേഷം എന്‍റെ മകന്‍ എവിടെയാണ് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നോ എവിടെയാണ് ഇപ്പോള്‍ ഉള്ളതെന്നോ ഞങ്ങളെ ആരും അറിയിച്ചിട്ടില്ല.

ഷര്‍ജീലിനെ അലിഗഢിലേക്ക് കൊണ്ടുപോകാനാണ് ഞങ്ങള്‍ വന്നത് എന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് എന്നു പറഞ്ഞ് എത്തിയവര്‍ പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ ഡിസംബര്‍ 15ന് ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ വെടിവെപ്പുണ്ടായി, അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധ റാലി നടന്നു. ഈ റാലിക്കെതിരെയും ആക്രമണം ഉണ്ടായി. ഈ സംഭവത്തില്‍ 52 വിദ്യാര്‍ത്ഥികളുടെ പേരില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ആ 52 പേരില്‍ ഒരാള്‍ ഷര്‍ജീല്‍ ആണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പേര് സൂചിപ്പിക്കാത്ത എഫ്‌ഐആറും ഫയല്‍ ചെയ്തു. കുറ്റാരോപിതരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു, അതില്‍ ഒരാള്‍ക്ക് ജാമ്യം കിട്ടി. ഈ അറസ്റ്റുകള്‍ നടന്നത് കോവിഡ്19 ന്റെ ഭീഷണി നിലനില്‍ക്കെയാണ്, സാമൂഹ്യവ്യാപനം വഴി കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്ന ഒരു സാഹചര്യത്തിലാണ് ഇതെല്ലാം നടന്നത്. ഷര്‍ജീല്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്, നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. ഫ്രറ്റേണിറ്റി യൂത് മൂവ്‌മെന്റിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഷര്‍ജീലിനെ നിയമവിരുദ്ധമായാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രക്ഷിതാക്കളെ അവര്‍ അറിയിക്കണമായിരുന്നു.”അസംഗഢ് എസ്എസ്പിയോ അലിഗഢ് പൊലീസോ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ലെന്നും ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലെന്നും മകന്‍ മിസ്സിങ് ആണ് എന്നുകാണിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും താരീഖ് ഉസ്മാനി പറയുന്നു.

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ന്യൂസ് ലോണ്‍ഡ്രിയിലേക്കുള്ള ക്യാംപസ് റിപ്പോര്‍ട്ടിങ്ങിലൂടെയാണ് ഷര്‍ജീല്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങുന്നത്. 2016 മുതല്‍ ഇതുവരെയും ഷര്‍ജീലിന്റെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും നടത്തിയത് മുസ്ലിം സ്വത്വരാഷ്ട്രീയത്തിന്റെ അതിശക്തമായ ഇടപെടലുകളാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ പരിധിയിലേക്കെത്തിക്കാന്‍, വംശീയ വിദ്വേഷ കുറ്റകൃത്യങ്ങളുടെ  ദൃശ്യങ്ങള്‍ സബ്‌ടൈറ്റില്‍ ചെയ്ത് ആര്‍ക്കൈവ്.ഓര്‍ഗില്‍ സൂക്ഷിക്കുന്നത് ഷര്‍ജീലിന്റെ പ്രൊജക്റ്റുകളില്‍ ഒന്നാണ്.

ജൂലെെ ഒമ്പതിന് വെെകുന്നേരം ഏഴുമണിയോടുകൂടി  ഷര്‍ജീല്‍ ഉസ്മാനിയെ അലിഗഢ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ പൊലീസിനെ ആക്രമിച്ചു എന്ന കുറ്റം ആരോപിക്കുന്നതടക്കം അഞ്ച് ക്രിമിനല്‍ കേസുകളാണ് ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ ചുമത്തിയിരിക്കുന്നത്.


Read More Related Articles