ളാഹയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശിവദാസൻ ആചാരി ആർഎസ്എസ് നേതാക്കൾക്കെതിരെ പരാതി നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തൽ; പരാതി കൊടുത്തതിന് മർദ്ദിച്ച് അവശനാക്കി
പത്തനംതിട്ട: ശബരിമല സന്ദർശനം നടത്തിയ ശേഷം ളാഹ വനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ശിവദാസൻ ആചാരി അയൽവാസികളായ ആർ എസ് എസ് നേതാക്കൾക്കെതിരെ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഇരു ചക്രവാഹനത്തിൽ ലോട്ടറി കച്ചവടം നടത്തുന്ന തന്നെ അയൽ വാസികളായ ചിലർ വഴി നടക്കാൻ അനുവദിക്കുന്നില്ല,വഴിയിൽ തടഞ്ഞ് ഉപദ്രവിക്കുന്നു എന്നായിരുന്നു പരാതി.വാഹനം കത്തിക്കും എന്ന ഭീഷണി ഉള്ളതായും പരാതിയിൽ പറയുന്നുണ്ട് എതിർ കക്ഷികൾ ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകർ ആണെന്നാണ് ആരോപണം. പരാതി പിൻവലിക്കണം എന്ന ആവശ്യവുമായി ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പന്തളത്തെ പ്രമുഖ ആർ.എസ്.എസ് നേതാവ് കൈയ്യും കാലും തല്ലി ഒടിച്ച് കൊക്കയിൽ തള്ളും എന്ന് ഭീഷണിപെടുത്തിയതായും സമീപവാസികൾ ആരോപിക്കുന്നു. ഏപ്രിൽ 24 ന് ശിവദാസനെ എതിർകക്ഷികൾ മർദ്ദിക്കുകയും ശിവദാസൻ പന്തളം സി എൻ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പിന്നീട് അടൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ശിവദാസൻ പരാതി നൽകിയ വിവരം പന്തളം പൊലീസ് കീബോഡ് ജേണലിനോട് സ്ഥിരീകരിച്ചു.
തുലാമാസപൂജയ്ക്കു ശബരിമല ദർശനത്തിനെത്തിയ ശേഷം കാണാതായ തീർഥാടകൻ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസന്റെ (60) മൃതദേഹം പ്ലാപ്പള്ളി കമ്പകത്തുംവളവിനു സമീപം വനത്തിലാണ് കണ്ടെത്തിയത്. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ സംഘപരിവാറും തന്ത്രി കുടുംബാംഗമായ രാഹുൽ ഈശ്വറും കോൺഗ്രസ് പ്രവർത്തകരും നടത്തിയ പ്രതിഷേധം അക്രമാസക്തമായപ്പോഴുണ്ടായ പൊലീസ് നടപടിയിലാണ് ശിവദാസൻ കൊല്ലപ്പെട്ടതെന്ന പ്രചരണമാണ് ബിജെപി നടത്തിയത്. എല്ലാ മലയാള മാസവും ശബരിമല ദർശനം നടത്താറുള്ള ഇദ്ദേഹം 18നു രാവിലെയാണു വീട്ടിൽനിന്ന് ഇരുചക്രവാഹനത്തിൽ പുറപ്പട്ടത്. തിരിച്ചെത്താതിരുന്നതിനെത്തുടർന്നു ബന്ധുക്കൾ 21നു പമ്പ, നിലയ്ക്കൽ, പെരുനാട് പൊലീസ് സ്റ്റേഷനുകളിലും 24നു പന്തളം പൊലീസിലും പരാതി നൽകി. ബന്ധുക്കൾ തന്നെ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
അതേസമയം, പൊലീസ് നടപടിക്കിടെയാണു ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. 16,17 തീയതികളിലാണു യുവതീപ്രവേശവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ ഉണ്ടായത്. ശിവദാസൻ 18നാണു വീട്ടിൽനിന്നു ശബരിമലയിലേക്കു തിരിച്ചത്. 19നു ദർശനം കഴിഞ്ഞ് ഇറങ്ങി അക്കാര്യം ഫോണിലൂടെ വീട്ടിലറിയിച്ചിട്ടുണ്ട്. ഇതിനുശേഷമാണു കാണാതാകുന്നത്. മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം ളാഹയിലാണ്. ലാത്തിച്ചാർജ് നടന്നത് നിലയ്ക്കലും. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.
നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നതു വ്യാജ വാർത്തയാണെന്ന് കേരള പൊലീസും സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ശിവദാസനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് കാട്ടി ബിജെപി ഇന്ന് പത്തനംതിട്ടയിൽ ഹർത്താല്‍ നടത്തിയിരുന്നു.