യുഎപിഎ ചുമത്തിയതിൽ കമ്മീഷണര്‍ എവി ജോര്‍ജിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്‍റ്

By on

വ്യാജ ഏറ്റുമുട്ടലിന് എതിരായ പത്രപ്രസ്താവനയും ഏതാനും പുസ്തകങ്ങളും കൈവശം വെച്ചു എന്ന കുറ്റത്തിനു ത്വാഹാ ഫസൽ, അലൻ ശുഐബ് എന്നിവർക്കെതിരെ യുഎപിഎ ചുമത്തിയ പോലീസ് നടപടിയിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജിന്റെ പങ്ക് അന്വേഷിക്കണമെന്നു സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്‍റ്. ഇത്തരം അന്യായമായ വേട്ടകളിൽ നിരവധി തവണ ആരോപണം നേരിട്ടയാളാണ് എ വി ജോർജ്. കുപ്രസിദ്ധമായ ബീമാപള്ളി വെടിവെപ്പിനു പിന്നിലും മഅ്ദനിയെയും സൂഫിയാ മഅ്ദനിയെയും കെട്ടിചമയ്ക്കപ്പെട്ട കേസുകളിൽ അറസ്റ്റ് ചെയ്യുന്നതിലും ആലുവയിലെ പോലീസ് വേട്ടയിലും ആർഎസ്എസുകാർ മർദ്ദിച്ച വിസ്ഡം പ്രവർത്തകർക്കെതിരെ കേസെടുത്തതിലുമൊക്കെ ഇദ്ദേഹം നിയമത്തിനതീതമായ ഇടപെടലുകൾ നടത്തിയെന്നു പരക്കെ ആരോപണമുണ്ട്.

ഏറ്റവും ഒടുവിൽ പോലീസ് സ്റ്റേഷനിലെ ഉരുട്ടി കൊലപാതക കേസിൽ ആരോപണ വിധേയനായ ഇദ്ദേഹത്തെ വകുപ്പ് തല നടപടിക്കു പിന്നാലെ ക്ലീൻചീറ്റ് നൽകി കോഴിക്കോട് കമ്മീഷണറായി നിയമച്ചതിൽ നേരത്തെ തന്നെ സംശയങ്ങളുർന്നിട്ടുണ്ട്. ഭരണകൂട വേട്ടക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുയരുന്ന കോഴിക്കോടിനെ നിശബ്ദമാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണോ ഇത്തരം വേട്ടകളുടെ പിന്നിലെന്നു സംശയിക്കേണ്ടുന്ന സാഹചര്യമാണ്.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന ശക്തമായ സംശയം ഉയരുന്ന സന്ദർഭത്തിലാണ് പോലീസ് നടപടി എന്നതും ശ്രദ്ധിക്കേണ്ടതാണ്. ആദ്യം വെടിവെക്കുകയോ ഭീകരനിയമം ചാർത്തുകയോ ചെയ്തു പിന്നീട് കഥമെനയുന്ന പതിവ് രീതിയാണ് ഇവിടെയും പോലീസ് സ്വീകരിക്കുന്നത്. ഇത്തരം വ്യാജകഥകളെ പൊതുസമൂഹം തള്ളികളയണം. കോഴിക്കോട് കേന്ദ്രീകരിച്ചു പോലീസ് നടത്തുന്ന മുസ്ലീം വേട്ടകൾക്കും പൗരാവകാശ ധ്വംസനങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്. നിയമ ലംഘനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉന്നത ഉദ്യോഗസ്ഥരെ നിലക്കു നിർത്താനും കേരളത്തിലെ മുഴുവൻ യുഎപിഎ കേസുകളും പുനപരിശോധിക്കാനും സർക്കാർ തയ്യാറാവണമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ട്രിയേറ്റ്  ആവശ്യപ്പെട്ടു.


Read More Related Articles