ആൾക്കൂട്ടവും ഹാഷ്ടാഗുമില്ല; ശവപ്പെട്ടിയിൽ നിരാഹാരം തുടർന്ന് ശ്രീജിത്
പോലീസ് കസ്റ്റഡിയിൽ കൊല ചെയ്യപ്പെട്ട സഹോദരൻ ശ്രീജീവിന് നീതി തേടിക്കൊണ്ടു സെക്രട്ടേറിയേറ്റിന് മുന്നിൽ ശ്രീജിത് നടത്തുന്ന സമരം 1008 ദിവസങ്ങൾ പിന്നിട്ടു. നിലത്ത് പായ വിരിച്ചു കിടന്നിരുന്ന ശ്രീജിത് ഇന്ന് ഒരു ശവപ്പെട്ടിയിലാണ് കിടക്കുന്നത്. കറുത്ത ഒരു തുണി കൊണ്ട് പുതച്ചിട്ടുണ്ട്. മിക്കവാറും സമയം കത്തുന്ന ചൂടിൽ ഉറങ്ങുകയാണ് ശ്രീജിത്. സമരം തുടങ്ങിയ സമയത്ത് പന്തലിൽ വെച്ചിരുന്ന ഓറഞ്ചും പച്ചയും നിറത്തിലുള്ള ബുദ്ധചിത്രത്തിന് സമാനമായി സഹോദരൻ ശ്രീജീവിന്റെ ഒരു പെയിന്റിങ് പന്തലിൽ പൂമാല ചാർത്തി വെച്ചിട്ടുണ്ട്.
2015 മെയ് 15 നു തുടങ്ങിയ സമരത്തിന് 760 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ജനകീയ പിന്തുണ ലഭിച്ചത്. ജനുവരി മാസത്തിൽ ജസ്റ്റിസ് ഫോർ ശ്രീജിത് എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ സംഘടിച്ച നൂറുകണക്കിന് ആളുകൾ സെക്രട്ടേറിയേറ്റ് പരിസരത്ത് നീതിക്ക് വേണ്ടി ശബ്ദമുയർത്തി ശ്രീജിത്തിനൊപ്പം നിന്നു. കേസിൽ സിബിഐ അന്വേഷണം നടത്താമെന്നു സർക്കാർ ഉറപ്പു നൽകിയതോടെ ശ്രീജിത് സമരം നിർത്തി. വീണ്ടും സമരം തുടങ്ങേണ്ടിവന്നത് അന്വേഷണത്തിലുള്ള പാകപ്പിഴകൾ കാരണമാണ് എന്നു ശ്രീജിത്ത് വിശദീകരിച്ചു. എന്നാൽ, ശ്രീജിത്തിന്റെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ ആൾക്കൂട്ടം പഴയ ശക്തിയിൽ പിന്നീട് തിരിച്ചുവന്നില്ല. പിന്നീട് കണ്ടപ്പോൾ കൂടുതലായി ഒന്നും പറയാനില്ലാത്ത രീതിയിൽ നിരാശ പ്രകടിപ്പിച്ചിരുന്നു ശ്രീജിത്. പിണറായി വിജയൻ പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇടത്പക്ഷ സർക്കാർ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് 20 കസ്റ്റഡി കൊലപാതകങ്ങളാണ് ഉണ്ടായത്.