ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് തെറ്റിയെന്ന് സർക്കാർ; നൂറോളം പേർ കുറവ്
ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ ഉണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ൽ നിന്നും 253 ലേക്ക് ചുരുക്കി ശ്രീലങ്കന്‍ സർക്കാരിന്‍റെ തിരുത്ത്. ആരോഗ്യമന്ത്രാലയമാണ് കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ നൂറോളം കുറവുണ്ടെന്ന് കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിയുന്നതിലും കണക്കുകളിലും ഉണ്ടായ പിഴവാണ് മരണസംഖ്യയിൽ പിഴവുണ്ടാകാൻ കാരണമെന്നാണ് വിശദീകരണം. കൊളംബോ, നെഗോംബോ, ബറ്റിക്കലോവ എന്നിവടങ്ങളിലാണ് ചാവേറാക്രമണം ഉണ്ടായത്. നാഷണൽ തൗഹീദ് ജമാത്ത് എന്ന സംഘനയാണ് സ്ഫോടനങ്ങൾക്ക് പിന്നിലെന്നാണ് ശ്രീലങ്കൻ അധികൃതരുടെ കണ്ടെത്തൽ.
മോർച്ചറികളിൽ നിന്നും തെറ്റായ വിവരങ്ങൾ ലഭിച്ചതാണ് കണക്കിൽ പിഴവ് വരാൻ കാരണമെന്ന് ശ്രീലങ്ക പ്രതിരോധ സഹമന്ത്രി റുവാൻ വിജേവർധനെ അറിയിച്ചു. ചിന്നിത്തെറിച്ച ശരീരഭാഗങ്ങൾ എറെയുണ്ടായിരുന്നതിനാൽ കണക്കെടുപ്പ് എളുപ്പമായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. കൊല്ലപ്പെട്ട ഒരേ ആൾക്കാരെ തന്നെ വീണ്ടും എണ്ണമെടുത്തതും കണക്കിൽ തെറ്റുണ്ടാക്കാൻ ഇടയാക്കി. ആക്രമണം തടയാൻ കഴിയാത്ത വിധം ഗുരുതരമായ രഹസ്യാന്വേഷണ പരാജയം ഉണ്ടായതിന്റെ പേരിൽ ശ്രീലങ്കൻ സർക്കാർ വലിയ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് കണക്കിലെ പിഴവു കൂടി വ്യക്തമായിരിക്കുന്നത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടെലുകളിലുമാണ് സ്ഫോടനമുണ്ടായത്.