ഫാമിലി പ്ലാസ്റ്റിക്കിലെ തീ പിടുത്തത്തിന് പിന്നിൽ സ്ഥാപനത്തിലെ ജോലിക്കാർ
ഫാമിലി പ്ലാസ്റ്റിക്കിലെ തീ പിടുത്തത്തിന് പിന്നിൽ സ്ഥാപനത്തിലെ ജോലിക്കാർ തന്നെയാണെന്ന് പോലീസ്. ശമ്പളം വെട്ടികുറച്ചതിലെ പകമൂലം ജീവനക്കാർ സ്ഥാപനത്തിന് തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചിറയന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി പരിശോധിച്ചപ്പോൾ സംശയം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്ത് വന്നത്. രണ്ടു പേരും കുറ്റം സമ്മതിച്ചിട്ടുണ്ട്.
ജോലി കഴിഞ്ഞ് ലൈറ്റ് അണച്ച ശേഷം സ്‌റ്റോര്‍ റൂമിന് സമീപത്തെത്തി സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന ഉത്പന്നങ്ങള്‍ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ബിമൽ ലൈറ്റര്‍ ഉപയോഗിച്ച് തീ വെയ്ക്കുകയായിരുന്നു. സമീപത്തെ കടയിൽ നിന്നാണ് ഇവർ ലൈറ്റർ മേടിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന സംശയം ഉണ്ടായിരുന്നെങ്കിലും അട്ടിമറി സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിരുന്നില്ല.