പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്ക് ഭരണഘടനാ സ്വാതന്ത്ര്യം തടഞ്ഞ പൊലീസ് നടപടിക്കെതിരെ പ്രതിഷേധമറിയിച്ച് പൊലീസ് അതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ്മ

By on

വീട്ടുതടങ്കലിലെ മർദ്ദനം സഹിക്കാനാകാതെ വിവാഹം പിൻവലിക്കാനെത്തിയ ഡിഗ്രി വിദ്യാർത്ഥിനിയെ പൊലീസ് തടഞ്ഞു ബലം പ്രയോഗിച്ചു രക്ഷിതാക്കൾക്കൊപ്പം അയച്ച സംഭവത്തിൽ പൊലീസ് അതിക്രമങ്ങൾക്കെതിരെ വിദ്യാർത്ഥി യുവജന കൂട്ടായ്മ പ്രതിഷേധമറിയിച്ചു. ഈ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളാണ് ഇരുവരും.

പൊലീസ് അതിക്രമങ്ങൾക്കെതിരായ വി​ദ്യാർത്ഥി യുവജന കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അം​ഗങ്ങളാണ് ശ്വേതയും അഭിലാഷും. പ്രായപൂർത്തിയായ രണ്ടുപേരും സ്വന്തം ഇഷ്ടപ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത ശേഷമാണ് ശ്വേതയുടെ വീട്ടുകാർ ബലംപ്രയോ​ഗിച്ച് വിവാഹം പിൻവലിപ്പിച്ചത്. സ്വന്തം ഇഷ്ടപ്രകാരമെടുത്ത തീരുമാനത്തിൽ തുടരാനാണ് താൽപര്യം എന്ന് പയ്യന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് ശ്വേത വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ശ്വേതയെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നു. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം പൊലീസ് ഏകപക്ഷീയമായി ശ്വേതയെ വീട്ടുകാർക്കൊപ്പം വിടുകയായിരുന്നു. ബന്ധുക്കൾ വീട്ടുതടങ്കലിൽ ആക്കിയ ശ്വേതയെ പുറത്തെത്തിക്കാൻ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചിരിക്കുകയാണ് അഭിലാഷ്.

ശ്വേത

തേജസ് ന്യൂസ് സബ് എഡിറ്ററായ അഭിലാഷ് മാവോയിസ്റ്റ് ആണ് എന്നാണ് പയ്യന്നൂരിലെ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ​ഗദ്ദിക, മക്തൂബ് എന്നീ പ്രാദേശിക പത്രങ്ങളിലാണ് ഇത്തരം റിപ്പോർട്ടുകൾ വന്നത്. മക്തൂബ് എഡിറ്റർ വാർത്ത തിരുത്താൻ തയ്യാറായിട്ടുണ്ട് എന്ന് അഭിലാഷ് പറയുന്നു.

സംഭവത്തില്‍ പ്രതിഷേധമറിയിച്ച് പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവന

പോലീസ് അതിക്രമങ്ങൾക്ക് എതിരെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിദ്യാർത്ഥി യുവജന കൂട്ടായ്മയുടെ സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആയ സഖാക്കൾ ശ്വേത, അഭിലാഷ് എന്നിവർക്കെതിരെ പോലീസും മഞ്ഞപത്രങ്ങളും നടത്തുന്ന കുപ്രചാരണവും കടന്നാക്രമണവും അവസാനിപ്പിക്കുക.

ദീർഘ നാളായി പ്രണയത്തിലായിരുന്ന അഭിലാഷും ശ്വേതയും ഒരുമിച്ച് ജീവിക്കാൻ എടുത്ത തീരുമാനത്തിനൊപ്പം മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും നിലകൊള്ളേണ്ടതുണ്ട്‌. പ്രണയിക്കാനും ഒരുമിച്ച് ജീവിക്കാനുമുള്ള ഭരണഘടനാ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി ഇവർക്കൊപ്പം നിൽക്കേണ്ടത് അത്യാവശ്യമാണ്. ഒരുമിച്ച് ജീവിക്കാനുള്ള ഇരുവരുടെയും അവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണ് ഇന്ന് പോലീസിൽ നിന്നുണ്ടായത്. ഇവരുടെ നീതിക്ക് വേണ്ടി ശബ്ദമുയർത്താൻ മുഴുവൻ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളൊടും ജനാധിപത്യ വിശ്വാസികളോടും പോലീസ് അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വിദ്യാർത്ഥി യുവജന കൂട്ടായ്‌മ ആവശ്യപ്പെടുന്നു.

പോലീസ് അതിക്രമങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയുടെ ഭാഗമായതുകൊണ്ടുതന്നെ പോലീസ് അധികാരികളിൽ നിന്നും ഒരു തരത്തിലുമുള്ള നീതിയും നിലവിൽ ഇവർക്ക് ലഭിക്കാൻ സാധ്യതയില്ല. നാട്ടിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പോലീസ് അതിക്രമങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഇരുവരും പൊതുജനങ്ങളോട് അതിന്റെ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഏത് രീതിയിലും അവരുടെ പ്രവർത്തനങ്ങളെ തടയുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നും നടന്ന് കൊണ്ടിരിക്കുന്നത്.

രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്ക് സംരക്ഷകരാകേണ്ട പോലീസ് ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെയും പ്രവർത്തിച്ചത്. എല്ലാകാലത്തും പുരോഗമന ആശയങ്ങൾക്കെതിരെ നിലകൊണ്ടിട്ടുള്ളത്‌ ഭരണകൂടത്തിന്റെ ഉപകരണങ്ങളായി പ്രവർത്തിക്കുന്ന പോലീസ് തന്നെയാണ്. അത് തന്നെയാണ് ഇവിടെയും ആവർത്തിച്ചത്. ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന നീതിയാണ് ഇന്ന് പോലീസിന്റെ നേതൃത്വത്തിൽ ലംഘിക്കപ്പെട്ടത്. എല്ലാ പുരോഗമന മുന്നേറ്റങ്ങൾക്കും മൂല്യങ്ങൾക്കും എതിരെ എതിർപ്പുമായി എന്നും ആദ്യം രംഗത്തെത്തിയിട്ടുള്ള ചരിത്രമാണ് പോലീസ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾക്കുള്ളത്‌.

ജനാധിപത്യത്തിന്റെ മുഖംമൂടി അണിയുമ്പോഴും ഹിന്ദുത്വത്തിന്റെ ഫ്യൂഡൽ സദാചാര ധാർമ്മികതയാണ് ഈ പോലീസിനും ഈ ഹിന്ദുത്വഫാസിസ്റ്റു ഭരണകൂടത്തിനും ഉള്ളത്. അത് തന്നെയാണ് ഇവിടെയും കാണാനാകുന്നത്. ഫ്യൂഡൽ സദാചാര കുടുംബ ബന്ധങ്ങൾ തകർന്നു വീഴേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ് . സംഘപരിപാർ വിശ്വാസികളായ കുടുംബാംഗങ്ങളെ കൂട്ടുപിടിച്ച് പോലീസ് അതിന്റെ ഭരണകൂടത്തിന്റെ ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന അവകാശങ്ങളെ കാറ്റിൽ പറത്തി ഹിന്ദുത്വ സദാചാരത്തെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. അവയെ തച്ചുടക്കെണ്ടതുണ്ട്. പുത്തൻ ജനാധിപത്യ സദാചാര ബോധം വളർത്തിയെടുക്കുന്നതിനു യുവാക്കളും വിദ്യാർത്ഥികളും രംഗത്തിറങ്ങേണ്ടതുണ്ട് .

ഏതാനും മാസങ്ങളായി പോലീസ് നിരന്തരം ശ്വേതയുടെ വീട്ടിൽ പോവുകയും വ്യാജ പ്രചാരണങ്ങൾ നടത്തി വീട്ടുകാരെ ഉൾപ്പടെ ഭീഷണിപ്പെടുത്തുകയും ചെയ്ത് പോരുന്നതാണ്. തൽഫലമായി ശ്വേത ഇത്രയും നാൾ വീട്ടുതടങ്കലിൽ ആയിരുന്നു. ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് അവർക്ക് പഠിക്കാൻ വേണ്ടി പോലും വീടിന് പുറത്തേക്ക് ഇറങ്ങാൻ സാധിച്ചത്. തുടർന്ന് ഇരുവരും നിയമപരമായി വിവാഹിതരാവാൻ തീരുമാനിക്കുകയും പയ്യന്നൂർ രജിസ്റ്റാർ മുമ്പാകെ 2019 ജനുവരി 25ന് ഇരുവരും നേരിട്ടെത്തി വിവാഹം രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ഇരുവരും തങ്ങളുടെ ജീവിത പങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ നിയമവിധേയമായ “പ്രായപൂർത്തി” തികഞ്ഞവരുമാണ്. രജിസ്‌ട്രേഷൻ വിവരം മനസ്സിലാക്കിയ പോലീസ് വീട്ടുകാരെ സമീപിക്കുകയും വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമാണുണ്ടായത്. രജിസ്‌ട്രേഷൻ തിയതി മുതൽ മുപ്പത് ദിവസം ഇരുവർക്കും മാറി ചിന്തിക്കാനുള്ള സമയം സ്പെഷ്യൽ മാരേജ് ആക്ടിൽ പറയുന്നത് പ്രകാരം അനുവദിച്ചിട്ടുള്ള പ്രസ്തുത കാലാവധി തീരുന്നതിന് മുൻപ് തന്നെ വീട്ടുകാരുടെ നേതൃത്വത്തിൽ ശ്വേതയെ മർദ്ദിച്ചവശയാക്കുകയും വിസമ്മത പത്രത്തിൽ നിർബന്ധിച്ച് ഒപ്പ്‌ വെപ്പിക്കുകയുമുണ്ടായെന്ന് രജിസ്ട്രാർ മുമ്പാകെ ഹാജരാക്കിയപ്പോൾ ശ്വേത തുറന്ന് പറയുകയുമുണ്ടായി. ഇതിൽ പ്രകോപിതരായ വീട്ടുകാർ രജിസ്ട്രാർ ഓഫീസിൽ വെച്ച് ശ്വേതയെ വീണ്ടും മർദ്ദിച്ചു.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പൊതുജനങ്ങൾ ബഹളം വെയ്ക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. പൊതു സ്ഥലത്ത് വെച്ച് ശ്വേതയെ മർദ്ദിച്ച വീട്ടുകാർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ നിയമപ്രകാരം ശ്വേതയ്ക്ക് സംരക്ഷണം നൽകേണ്ട പോലീസ് അവരെ വീട്ടുകാരുടെ കൂടെ നിർബന്ധിച്ച് പറഞ്ഞയക്കുകയാണുണ്ടായത്. ഇത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണ്. മാത്രമല്ല അഭിലാഷിനെതിരെ കുപ്രചരണങ്ങൾ നടത്തികൊണ്ട് മഞ്ഞ പത്രങ്ങൾ ഉപയോഗിച്ച് പോലീസിന്റെ നേതൃത്വത്തിൽ വ്യാജ വാർത്തകൾ അച്ചടിച്ച് വിടുകയാണ് ചെയ്തത്. തനിക്കെതിരെ നടന്ന കുപ്രചരണങ്ങളെ കുറിച്ച് വ്യക്തമായ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്ന് അഭിലാഷ് പറയുന്നു. പോലീസ് കെട്ടിച്ചമച്ച വാർത്തയിൽ പറയുന്ന പോലെ താൻ ഒളിവിൽ അല്ലെന്നും “തേജസ് ഓൺലൈൻ പത്ര”ത്തിന്‍റെ സബ് എഡിറ്ററായി ഇപ്പോഴും ജോലി ചെയ്യുകയാണെന്നും ഏത് സമയത്തും തന്നെ ബന്ധപ്പെടാൻ സാധിക്കുമെന്നും അഭിലാഷ് വ്യക്തമാക്കുന്നു. ഈ നുണ പ്രചാരങ്ങൾ അവസാനിപ്പിക്കുന്നതിനും അഭിലാഷിനും ശ്വേതക്കുമെതിരെ പോലീസിൽ നിന്നുണ്ടായ കടുത്ത നീതി നിഷേധത്തിനെതിരെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും പ്രതികരിക്കണമെന്നും അവർക്കൊപ്പം നിൽക്കണമെന്നും പോലീസ് അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വിദ്യാർത്ഥി യുവജന കൂട്ടായ്മ ആവശ്യപ്പെടുന്നു.

 

 

 


Read More Related Articles