“പരമോന്നത അനീതി”, ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സ്ത്രീകളുടെ പ്രസ്താവന

By on

‘സുപ്രിം ഇന്‍ജസ്റ്റിസ്’

“ഞങ്ങള്‍ വിവിധ സ്ത്രീ കൂട്ടായ്മകളിലെയും പൗരസമിതികളിലെയും പ്രവര്‍ത്തകരാണ്, 1970കളുടെ അവസാനം മുതല്‍ക്ക് തന്നെ നീതി, അവകാശങ്ങള്‍, നിയമ പരിഷ്‌കരണങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ടവ, ലൈംഗിക അതിക്രമങ്ങള്‍, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങള്‍ എന്നീ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നവരാണ്.

ഇന്ന് നമ്മള്‍ സുപ്രിം കോടതിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് മുമ്പെന്നുമില്ലാതിരുന്ന തരത്തിലൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികപീഡന പരാതിയില്‍ പരാതിക്കാരിക്ക് നീതിയുക്തമായ വിചാരണ ഉറപ്പാക്കാന്‍ കോടതി പരാജയപ്പെട്ടുകഴിഞ്ഞു. പ്രത്യേക അന്വേഷണ കമ്മിറ്റിയെ നിയമിക്കണമെന്ന പരാതിക്കാരിയുടെ അപേക്ഷ തള്ളിക്കളഞ്ഞുകൊണ്ട് പകരം സുപ്രിം കോടതി ഒരു ഇന്‍ ഹൗസ് കമ്മിറ്റിയെ നിയമിക്കുകയാണ് ചെയ്തത്, ഇതിലുള്ളത് ചീഫ് ജസ്റ്റിസിന്റെ ജൂനിയര്‍മാരായ മൂന്ന് ജഡ്ജിമാരാണ്. അത്ഭുതപ്പെടുത്താതെ, മെയ് ആറ് 2019ന് ഈ കമ്മിറ്റി പരാതിയില്‍ കഴമ്പൊന്നുമില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

ഞങ്ങള്‍ ഈ പരാതിക്കാരിയുമായി ഐക്യപ്പെടുന്നു. നീതിപൂര്‍ണവും സ്വതന്ത്രവുമായ ഒരു അന്വേഷണം നടത്താതെ എത്തിച്ചേര്‍ന്നിരിക്കുന്ന ഈ നിഗമനത്തെ അതിശക്തമായി എതിര്‍ക്കുന്നു. ഇതിലെത്തിച്ചേര്‍ന്നത് നീതിയിലേക്കുള്ള പ്രക്രിയകളെ ലംഘിച്ചുകൊണ്ടാണ് എന്ന് മാത്രമല്ല വിശാഖ ജഡ്ജ്‌മെന്റിന്റെ ആത്മാവിനെത്തന്നെയും തൊഴിലിടങ്ങളിലെ അധികാര അസന്തുലിതാവസ്ഥകളെ ഇല്ലായ്മ ചെയ്യാനുള്ള സെക്ഷ്വല്‍ ഹറാസ്‌മെന്റ് ഓഫ് വിമെന്‍ അറ്റ് വര്‍ക് പ്ലേസ് ആക്റ്റ് (2013)നെയും ലംഘിക്കുന്ന രീതിയാണ് അതിലുടനീളം കൈക്കൊണ്ടിരിക്കുന്നത്. ഈ കടുത്ത ലംഘനങ്ങള്‍ക്ക് പുറമെ, പരാതിക്കാരിയുടെ അപേക്ഷകള്‍ പരിഗണിക്കാതെയും പൗരസമൂഹത്തില്‍ നിന്നുമുയരുന്ന പ്രതിഷേധങ്ങളെ വിലക്കെടുക്കാതെയും സുപ്രിം കോടതി സിറ്റിങ് ജഡ്ജിക്ക് അന്വേഷണ കമ്മിറ്റി ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്.

 

പരമോന്നത ഭരണഘടനാ വ്യവസ്ഥിതിയായ സുപ്രിം കോടതി നടത്തിയ ഇത്രയും ക്രൂരമായ അധികാര ദുര്‍വിനിയോഗം ഞങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ പൗരരുടെ ശ്രദ്ധയിലേക്ക് പരാതിക്കാരിയും കുടുംബവും ഭീഷണിയിലാണ് കഴിയുന്നത് എന്നും ഞങ്ങള്‍ ഇതിനാല്‍ അറിയിക്കുന്നു.
ജുഡീഷ്യറിയുടെ പരമാധികാരത്തെ അനുകൂലിക്കുകയും അതിനെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഞങ്ങളും. എന്നിരുന്നാലും നീതിയുടെ വ്യവസ്ഥയിലുള്ള കുറവുകളെ ചൂണ്ടിക്കാട്ടുകയും ചെയ്യേണ്ടതുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു, അത് ശരിപ്പെടുത്തുമ്പോള്‍ കോടതി അതിന്റെ സ്വാതന്ത്ര്യത്തെത്തന്നെയാണ് സ്ഥിരപ്പെടുത്തുന്നത്, ഇതൊരിക്കലും കോടതി വ്യവഹാരങ്ങളിലുള്ള കടന്നുകയറ്റമല്ല.
വിശാഖ ജഡ്ജ്‌മെന്റിന്റെ ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള ആറ് വര്‍ഷത്തിന് ശേഷം നടപ്പിലാക്കിയ നിയമവും സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെയോ റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്കെതിരെയോ നിലവിലുള്ള ജഡ്ജിമാര്‍ക്കെതിരെയോ ഉള്ള ലൈംഗിക ആരോപണ പരാതികളെ ഗുണപരമായി നേരിടാനുള്ള നടപടിക്രമം ഉണ്ടാക്കിയിട്ടില്ല എന്നത് ഞങ്ങളെ അമ്പരപ്പിക്കുന്ന വസ്തുതയാണ്. രാജ്യത്തെമ്പാടുമുള്ള ജഡ്ജിമാര്‍ക്കെതിരെ ഉയരുന്ന ഇത്തരം പരാതികള്‍ തെറ്റാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ നടപടി. എങ്ങനെയായാലും നീതിന്യായവ്യവസ്ഥ മതിയായ നിയമത്തിന്റെയും വ്യവഹാരങ്ങളിലൂടെയും തന്നെ സഞ്ചരിക്കേണ്ടതുണ്ട്. വ്യവഹാരങ്ങളുടെ അഭാവമുണ്ടെങ്കില്‍ നിലനില്‍ക്കുന്ന നിയമത്തിന്റെ സത്തയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്് നിലകൊള്ളേണ്ടതുണ്ട്. അവിടെയാണ് സുപ്രിം കോടതി ഇപ്പോള്‍ സ്വയം പരാജയപ്പെട്ടിരിക്കുന്നത്, അതോടൊപ്പം രാജ്യവും.

ഇന്നൊരു സങ്കടകരമായ ദിവസമാണ്. ഇന്ന് സുപ്രിം കോടതി ഞങ്ങളോട് പറഞ്ഞിരിക്കുന്നു, സുപ്രിം കോടതിയിലെ ഒരാള്‍ക്കെതിരെ പരാതി വരുമ്പോള്‍ അധികാരത്തിന്റെ അസന്തുലിതാവസ്ഥ ഒരു പ്രശ്‌നമല്ലെന്ന്. പൗരര്‍ക്ക് നീതി ലഭ്യമാക്കാനുള്ള നിയമാനുസൃതമായ അവകാശങ്ങള്‍ അതിന് ബാധകമല്ലെന്ന്. നീതിയുടെ അടിസ്ഥാനപരമായ പെരുമാറ്റച്ചട്ടം അതിന് മാത്രം ബാധകമല്ലെന്ന്. ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ സങ്കല്‍പിക്കാന്‍ കഴിയും, നിയമവാഴ്ചയുടെ സംരക്ഷകര്‍, രാജ്യത്തിന്റെ ധാര്‍മികതയുടെ മാതൃകയായ ഒരു വ്യവസ്ഥിതി ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ എന്തിനാണ് മറ്റൊരാള്‍ അതില്‍ നിന്ന് വ്യത്യസ്തമാകാന്‍ തയ്യാറാകേണ്ടത്? സ്വന്തം പെരുമാറ്റം തന്നെ ഇങ്ങനെയായിരിക്കെ എങ്ങനെയാണ് കോടതിക്ക് അവര്‍ക്കുമുന്നില്‍ മാതൃകയാകാന്‍ കഴിയുക?

സ്ത്രീകളും അരികുവല്‍ക്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങളുമായിരിക്കെ മറ്റൊരു തരത്തിലുള്ള സാമൂഹ്യ അധികാരവും ഇല്ലാത്ത ഞങ്ങള്‍ക്ക് നീതി പ്രതീക്ഷിച്ച് എത്തേണ്ടിവരുന്നത് കോടതികളിലേക്കാണ്. അധികാരവര്‍ഗത്തിന്റെ സാമൂഹ്യ സദാചാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഖാപ് പഞ്ചായത്തുകളിലും സമാന വ്യവസ്ഥിതികളിലും അല്ല ഞങ്ങള്‍ നീതിതേടി പോകുന്നത്. നീതിക്ക് വേണ്ടി ഞങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് ഭരണഘടനാപരമായ നിയമവ്യവസ്ഥിതിയിലാണ്. സ്വയം തിരുത്തിക്കൊണ്ട് സുപ്രിം കോടതി ഈ പരാതിക്കാരിയോട് ചെയ്തിരിക്കുന്ന കടുത്ത അനീതി തിരുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. അതിനെക്കാളുപരി ഈ കേസ് നീതിപൂര്‍വ്വവും സുതാര്യവുമായ നിയമ നടപടി ക്രമങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്താനുമുള്ള ആവശ്യകതയാണ് തുറന്നുകാട്ടുന്നത്. ഈ നാട്ടിലെ നിയമങ്ങളോട് പരമാധികാര കേന്ദ്രങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് സൂചിപ്പിക്കാന്‍ കൂടിയാണത്.


സ്ത്രീ അവകാശ സംഘടനകളും സ്ത്രീപക്ഷ പ്രവര്‍ത്തകരും എന്ന നിലയ്ക്ക് വിരമിച്ച ജഡ്ജിമാര്‍ക്കും ഞങ്ങള്‍ ഒരു തുറന്ന കത്ത് അയക്കുന്നുണ്ട്. നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് നിന്ന് തുറന്നു സംസാരിക്കാനും ഞങ്ങളവരോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. സ്ത്രീ അവകാശങ്ങള്‍ മാത്രമല്ല അപകടത്തിലായിരിക്കുന്നത്, സുപ്രിം കോടതിയുടെ വിശ്വാസ്യത കൂടിയാണ്. ജുഡീഷ്യറിയിലെ ഭാഗമായിരുന്ന പലരുടെയും വേദന നിറഞ്ഞ സമരങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ഈ വ്യവസ്ഥിതിയെ സംരക്ഷിക്കാന്‍ കൂടിയാണ്.” സ്ത്രീ സംഘടനകളും വ്യക്തികളുമായി 350 പേര്‍ ചേര്‍ന്ന് ഒപ്പുവെച്ചതാണ് ഈ പ്രസ്താവന.


Read More Related Articles