ലെെംഗിക പീഡന ആരോപണം; ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയതിൽ പ്രതിഷേധിച്ച സ്ത്രീകളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം ശക്തം
സുപ്രിം കോടതിയിലെ മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലെെംഗിക പീഡന ആരോപണം ഉന്നയിച്ച കേസിൽ ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയതിൽ പ്രതിഷേധിച്ച് സുപ്രിം കോടതിക്ക് മുന്നിൽ പ്രതിഷേധിച്ച സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു.
ചീഫ് ജസ്റ്റിസിനെതിരായ ലെെംഗിക ആരോപണത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീകൾ സുപ്രിം കോടതിക്ക് പുറത്ത് പ്രതിഷേധിച്ചത്. സുപ്രിം ഇൻജസ്റ്റിസ് എന്ന പ്ലക്കാർഡും പ്രതിഷേധത്തിൽ ഉയർന്നിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് സുപ്രിം കോടതി പരിസരത്ത് സെക്ഷൻ 144 പ്രഖ്യാപിച്ചു. അമ്പത്തിനാല് സ്ത്രീകളെ മണിക്കൂറുകളോളം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ കരുതൽ തടവിലാക്കി നാല് പതിനൊന്നോടെ വിട്ടയച്ചു.
അന്വേഷണം അവസാനിപ്പിച്ച് കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകിയെങ്കിലും അന്വേഷണ സമിതി റിപ്പോർട്ട് പരാതിക്കാരിക്ക് നൽകിയിരുന്നില്ല. അങ്ങേയറ്റം നിരാശയും ഭീതിയും തോന്നുന്നുവെന്നും തനിക്കും കുടുംബാംഗങ്ങൾക്കും എതിരായി ഉണ്ടാവാൻ ഇടയുള്ള ആക്രമണമോർത്ത് അതിയായ ഭയമുണ്ടെന്നും പരാതിക്കാരി പ്രസ്താവനയിൽ പറഞ്ഞിരുന്നു. ”വ്യവസ്ഥയിലെ അധികാരമുള്ളവർക്കെതിരെ നിൽക്കുന്ന ദുർബലർക്ക് നീതി നൽകാൻ കഴിവില്ലാത്ത ഈ വ്യവസ്ഥിതിയിൽ എനിക്ക് വിശ്വാസം നഷ്ടമാവുകയാണ്” എന്നും പരാതി തള്ളിയതിനോട് പരാതിക്കാരി പ്രതികരിച്ചിരുന്നു. സുപ്രീംകോടതി പാനലിൽ നിന്നും തനിക്ക് നീതി ലഭിക്കില്ല എന്ന് പറഞ്ഞുകൊണ്ട് പരാതിക്കാരി ഹിയറിംഗിൽ നിന്നും പിൻമാറിയിരുന്നു. ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി, എസ് എ ബോബ്ഡെ എന്നിവരടങ്ങിയ സമിതി ഹിയറിംഗുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നു. സമിതിയ്ക്ക് മുന്നിൽ ചീഫ് ജസ്റ്റിസ് ബുധനാഴ്ച ഹാജരായിരുന്നു.
സ്ത്രീ പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധമറിയിച്ച് സുപ്രിം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാർക്ക് സ്ത്രീ സംഘടനകൾ തുറന്ന കത്തെഴുതി.
“ഈ രാജ്യത്തെ സ്ത്രീകളിൽ നിന്നും സുപ്രിം കോടതി ചരിത്രപരമായൊരു വെല്ലുവിളി നേരിടുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് ഈ കേസിൽ ക്ലീൻ ചിറ്റ് നൽകിയത് തൊഴിലിടങ്ങളിലെ ലെെംഗിക അതിക്രമങ്ങൾ തടയാനുള്ള 2013ലെ ലെെംഗിക അതിക്രമ നിരോധന നിയമത്തിലെ വിശാഖ മാർഗരേഖകളുടെ ലംഘനമാണ്. പരമോന്നത കോടതി പരാതിക്കാരിയായ സ്ത്രീയോടും രാജ്യത്തെ മുഴുവൻ സ്ത്രീകളോടും ഉത്തരം പറയേണ്ടിയിരിക്കുന്നു. സ്ത്രീ അവകാശങ്ങളുടെ സംരക്ഷണത്തിലൂടെയും ജനാധിപത്യ മുന്നേറ്റങ്ങളിലൂടെയും ധിക്കാരപൂർവ്വമുള്ള ഇത്തരം നടപടികളിൽ നിന്ന് നീതിയുടെ വ്യവസ്ഥിതികളെ വീണ്ടെടുക്കേണ്ടതുണ്ട്. നീതിന്യായ ഉത്തരവാദിത്തത്തിനും വ്യവസ്ഥിതിയുടെ അഖണ്ഡതയ്ക്കും വേണ്ടിയുള്ള സ്ത്രീപക്ഷ പോരാട്ടമാണിത്.” വിവിധ സ്ത്രീ സംഘടനകളുടെയും സ്ത്രീകളുടെയും കൂട്ടായ്മ തുറന്ന കത്തിൽ സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിം കോടതി ഈ വിഡ്ഢിത്തത്തെ തുറന്നുസമ്മതിക്കണമെന്നും കേസിൽ മതിയായ അന്വേഷണം ഇനിയെങ്കിലും നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അധികാരത്തിന്റെ ഇത്രയും പ്രകടമായ ദുരുപയോഗത്തോട് ഞങ്ങൾ പ്രതിഷേധം തുടരുമെന്നും സ്ത്രീകൾ കത്തിൽ പറയുന്നു.
ചിത്രങ്ങൾ അമൃത ജോരി, ദേശ്ദീപ് ധൻഖർ