“കേസുകളും അറസ്റ്റും ചെറു കണ്ണികളാണ്, മുറുകുന്നതിന് മുമ്പ് ഈ വല പൊട്ടിച്ചെറിയേണ്ടതുണ്ട്”; ജയില്‍മോചിതനായ കശ്മീരി മാധ്യമപ്രവര്ത്തകന് ഖ്വാസി ഷിബ്ലി
‘ദ കശ്മീരിയത്’ ന്യൂസ് വെബ്സൈറ്റിന്റെ എഡിറ്ററായ ഖ്വാസി കഴിഞ്ഞ ഒമ്പത് മാസങ്ങളായി പബ്ലിക് സേഫ്റ്റി ആക്റ്റ് ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശ് ബറേലിയിലെ ജയിലില്‍ തടവിലായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യുന്നതിന്റെ മുന്നൊരുക്കമായി നടത്തിയ സൈനിക വിന്യാസത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനും ട്വീറ്റ് ചെയ്തതിനുമാണ് ഷിബ്ലി അറസ്റ്റ് ചെയ്യപ്പെട്ടത്. ഓഗസ്റ്റ് ഒമ്പതിനാണ് ഷിബ്ലിയെ ഉത്തര്‍പ്രദേശിലേക്ക് മാറ്റിയത്. എന്നാല്‍, അതിനു ശേഷവും ആഴ്ചകളോളം കഴിഞ്ഞാണ് ഷിബ്ലി എവിടെയാണ് എന്നതിനെപ്പറ്റി ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിവരം ലഭിക്കുന്നത്.
ഏപ്രില്‍ 13ന് ഷിബ്ലിക്ക് ജയില്‍ മോചനം അനുവദിച്ചെങ്കിലും കോവിഡ് ലോക് ഡൗണ്‍ കാരണം ഏപ്രില്‍ 25ന് മാത്രമാണ് ഷിബ്ലിക്ക് കശ്മീരിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞത്.
ദ കശ്മീര്‍വാല വെബ്സൈറ്റിന് വേണ്ടി യശ്രാജ് ശര്‍മ നടത്തിയ അഭിമുഖത്തില്‍ നിന്ന്.
അറസ്റ്റിന് ശേഷം ഏത് ജയിലിലേക്കാണ് കൊണ്ടുപോയത്? എപ്പോഴാണ് നിങ്ങള്‍ക്കെതിരെ പിഎസ്എ ചുമത്തിയ കാര്യം അറിയുന്നത്?
ജൂലൈ 27 (2019) നാണ് എന്നെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചത്, പെട്ടെന്നുണ്ടായ സൈനിക വിന്യാസത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടിനെ പറ്റിയും അതേ വിഷയത്തിലുള്ള ഒരു ട്വീറ്റിനെ പറ്റിയും ആയിരുന്നു അത്.പിന്നീട് തുടര്‍ച്ചയായി മൂന്നു ദിവസം ഞാന്‍ ചോദ്യം ചെയ്യപ്പെട്ടു. മറ്റു ട്വീറ്റുകളെ കുറിച്ചും എന്റെ ന്യൂസ് വെബ്സൈറ്റ് ദ കശ്മീരിയതിന്റെ സാമ്പത്തിക ഉറവിടത്തെപ്പറ്റിയും ചോദ്യങ്ങളുണ്ടായി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം എന്നെ ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഓഗസ്റ്റ് എട്ടിന് എനിക്കെതിരെ പിഎസ്എ ചുമത്തിയ കാര്യം അറിയിച്ചു, അതു സംബന്ധിച്ച ഡോസിയര്‍ കിട്ടി.
ഓഗസ്റ്റ് അഞ്ചിന് എവിടെയായിരുന്നു? കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യപ്പെട്ട കാര്യം എങ്ങനെയാണ് അറിഞ്ഞത്?
അനന്തനാഗിലെ ഷേര്‍ബാഗ് പൊലീസ് സ്റ്റേഷനിലായിരുന്നു. പൊലീസ് സ്റ്റേഷനിലെ അന്തരീക്ഷം എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. ഓഗസ്റ്റ് നാലിന് രാത്രി ആരും ഉറങ്ങിയിരുന്നില്ല. അന്ന് രാത്രി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ആയിരിക്കണം, കൂടുതല്‍ പേരെ പൊലീസ് തടവിലാക്കുന്നത് കണ്ടത് ഓര്‍ക്കുന്നു. പിറ്റേ ദിവസം രാവിലെ അതിനേക്കാള്‍ പ്രശ്നം നിറഞ്ഞതായിരുന്നു.
ഞാന്‍ ദേഷ്യത്തിലായിരുന്നു. ആശങ്കയിലായിരുന്നു. ഒരു കശ്മീരി എന്ന നിലയില്‍, എനിക്ക് തോന്നുന്നു ആര്‍ക്കും എങ്ങനെ വികാരങ്ങള്‍ പ്രകടിപ്പിക്കണം എന്ന് അറിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു, അത് അവിശ്വസനീയമായിരുന്നു.
ആശയവിനിമയത്തിനുള്ള വഴികള്‍ ഇല്ലാതാക്കപ്പെടുന്നതിന് മുമ്പ് ഏറ്റവും ഒടുവില്‍ സംസാരിച്ചത് ആരോടായിരുന്നു? എന്താണ് സംസാരിച്ചത്? ഓര്‍ക്കുന്ന തരത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ?
എന്റെ സുഹൃത്ത് ഫഹദ് ഷായോടാണ് ഞാന്‍ സംസാരിച്ചത്, നമ്മുടെ ഒരു വര്‍ക്കിനെ കുറിച്ചാണ് സംസാരിച്ചത്. കശ്മീരിലെ മാധ്യമപ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്, അതിനെ പരിഹരിക്കാനുള്ള വഴികളെക്കുറിച്ച്.
എപ്പോഴാണ് നിങ്ങളെ കശ്മീരില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്? അതേപ്പറ്റി ചിന്തിച്ചപ്പോള്‍ ഭയപ്പെട്ടിരുന്നോ?
ഓഗസ്റ്റ് ഒമ്പതിന് രാവിലെ ഒരു മിലിറ്ററി എയര്‍ക്രാഫ്റ്റിലാണ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയത്. എനിക്കറിയുമായിരുന്നില്ല, ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന്. വിമാനത്തില്‍ എനിക്കാകെ കാണാനായത് അപരിചിതമായ കുറേ മുഖങ്ങളാണ്.
കുപ്വാരയില് നിന്നുള്ള ഒരു യുവാവാണ് എന്റെ തൊട്ടടുത്ത് ഇരുന്നിരുന്നത്. കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് നമ്മള്‍ക്ക് അറിയാമായിരുന്നു, അതുകൊണ്ട് നമ്മള് കവിതകള്‍ ചൊല്ലിത്തുടങ്ങി. അവന്റേത് നല്ല ശബ്ദമായിരുന്നു. എന്റേതിനേക്കാളും. നമ്മള് ഫൈസ് അഹമ്മദ് ഫൈസിന്റെ ഹം ദേഘേംഗേ ചൊല്ലി. വിമാനത്തില്‍ പൊലീസുകാരുടെ ബഹളമുണ്ടായിരുന്നു, ഞങ്ങള്‍ അതിനേക്കാള്‍ ഉറക്കെ കവിത ചൊല്ലി.
അറസ്റ്റ് ചെയ്യപ്പെട്ട് പല ആഴ്ചകളോളം നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അധികാരികളോട് അവരുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നോ?
ഞാന്‍ തടവില്‍ കഴിഞ്ഞത് ഉത്തര്‍പ്രദേശ് ബറേലിയിലെ ജില്ലാ ജയിലിലായിരുന്നു. മാഷാ അല്ലാഹ്, ഞാന്‍ എവിടെയാണ് എന്ന് എന്റെ വീട്ടുകാരെ ജമ്മു കശ്മീര്‍ പൊലീസ് അറിയിക്കില്ലെന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു. എന്റെ ബന്ധുക്കളോട്, എന്റെ ഉമ്മയോട് സംസാരിക്കാന്‍ ഞാന്‍ കഴിയുന്നത്ര ശ്രമിച്ചു, പക്ഷേ അവരെന്നെ സമ്മതിച്ചില്ല.
എങ്ങനെയുള്ളതായിരുന്നു നിങ്ങളുടെ സെല്‍?
ആ സെല്‍ ഒരാളുടെ ഓരോ ശ്വാസത്തെയും വേട്ടയാടുന്നതായിരുന്നു. അതൊരു കൂടാണ്. അതെന്നോട് ചെയ്തത് കൂട് കിളിയോട് ചെയ്യുന്ന കാര്യമാണ്.
എത്രത്തോളമാണ് ഒരു ജേണലിസ്റ്റ് എന്ന സ്വത്വത്തെപ്പറ്റി നിങ്ങള്‍ ഓര്‍മ്മിപ്പിക്കപ്പെട്ടത്?
ചിലപ്പോഴൊക്കെ അത് ഓര്മ്മിപ്പിക്കപ്പെട്ടിരുന്നു, പക്ഷേ ചിലപ്പോള്‍ ഞാനത് ഓര്‍ത്തില്ല. ഒരു ജേണലിസ്റ്റ് എന്ന നിലയില്‍ കശ്മീരിനെ കുറിച്ച് വസ്തുതകളറിയാത്ത പൊലീസുകാര്‍ എനിക്ക് കാവല്‍ നില്‍ക്കുന്നത് കണ്ടുനില്ക്കാന് കഴിഞ്ഞില്ല. അവര്‍ക്ക് പലതരം ബോധ്യങ്ങളായിരുന്നു. അവരെ വസ്തുതകള്‍ അറിയിക്കുക എന്നതാണ് എന്റെ ജോലി എന്ന് എനിക്ക് ബോധ്യപ്പെട്ടുകൊണ്ടേയിരുന്നു. പക്ഷേ അതും എന്നെ പ്രകോപിപ്പിച്ചു, ഒരു ജേണലിസ്റ്റ് ആയിരിക്കെ എല്ലാ തരത്തിലുമുള്ള കുറ്റവാളികള്‍ക്കൊപ്പം എന്നെ തടവിലിട്ടത്. എന്നിരുന്നാലും അവരില്‍ ഓരോരുത്തരുടെയും വേദനകളും സഹനങ്ങളും കേട്ടപ്പോള്‍ എനിക്ക് എന്റെ വേദന മറന്നുപോകുമായിരുന്നു.
എഴുതുവാനും വായിക്കുവാനും കഴിഞ്ഞിരുന്നോ?
സ്റ്റേഷനറി ഒന്നും അനുവദിക്കപ്പെട്ടിരുന്നില്ല. ഒരു വാക്ക് എഴുതാനൊക്കെ ഞാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. ഞാന്‍ പൊലീസുകാരോട് ഒരു പേനയ്ക്ക് വേണ്ടി യാചിക്കുമായിരുന്നു- എന്റെ പേരെഴുതി അത് തിരിച്ചുകൊടുത്തേക്കാം എന്ന് യാചിക്കുമായിരുന്നു. പക്ഷേ അവര്‍ തരില്ല.
പേനയും പേപ്പറും ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ നിരാഹാര സമരം ചെയ്തു- പക്ഷേ അവരെനിക്ക് അത് തന്നില്ല്, പകരം പുസ്തകങ്ങള്‍ അനുവദിച്ചു. അങ്ങനെ ഞാന്‍ കുറേയധികം പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. സിഗ്മണ്ട് ഫ്രോയ്ഡ്, ജോര്‍ജ് എലിയറ്റ്, ഫൈസ് അഹമ്മദ് ഫൈസ്, മിര്‍സാ ഗാലിബ് അങ്ങനെ പലരും.
തടവ് തുടങ്ങിയതിന് ശേഷം എപ്പോഴാണ് പരിചിതമായ ഒരു ശബ്ദത്തോട് നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞത്?
ജയിലില്‍ ഞാന്‍ മുഴുവന്‍ ദിവസവും കണ്ടത് അഴികള്‍ മാത്രമാണ്. എനിക്ക് ചുറ്റും എല്ലായിടത്തും. അമ്പത്തിയേഴ് ദിവസങ്ങള്‍ തടവില്‍ കഴിഞ്ഞ ശേഷം, ആരോ കാണാന്‍ വന്നിട്ടുണ്ട് എന്ന് എന്നെ അറിയിച്ചപ്പോള്‍ അന്ധനായ ഒരാള്‍ക്ക് എല്ലാ നിറങ്ങളും കാണാനായതുപോലെയാണ് എനിക്ക് തോന്നിയത്.
നല്ല ഭംഗിയുണ്ടായിരുന്നു അതിന്, ഉണ്ടാവുകയില്ലേ? നല്ല ഭംഗിയുണ്ടായിരുന്നു.
അവരുടെ അടുത്തെത്താന്‍ എനിക്ക് നാല് ഗേറ്റുകള്‍ കടക്കണമായിരുന്നു. അവരെല്ലാം കരയുകയായിരുന്നു. എനിക്ക് എന്റെ വേദന പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല, ഞാനവരോട് പറഞ്ഞു, ആശങ്കപ്പെടാന്‍ ഒന്നുമില്ല. എല്ലാം കുഴപ്പമില്ലാതെ പോകുന്നുണ്ട്.. ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാറുണ്ട് എന്നൊക്കെ ഞാനവരോട് നുണ പറഞ്ഞു.
ഉറക്കത്തില്‍ പേടിസ്വപ്നങ്ങള്‍ ഉണ്ടാകുമായിരുന്നോ?
ഉണ്ടായിരുന്നു, ഒരു സ്വപ്നം തുടര്‍ച്ചയായി കാണുമായിരുന്നു: കുറച്ചു പ്രേതങ്ങള്‍ എനിക്ക് പിന്നാലെ വരുന്നതായി, എന്റെ കയ്യില്‍ നിന്നും എന്റെ പേനയും പുസ്തകങ്ങളും തട്ടിയെടുത്തുകൊണ്ടേയിരിക്കുന്നു.
ജയിലില്‍ സുഹൃത്തുക്കളെ ഉണ്ടാക്കിയോ? അവരില്‍ ആര്‍ക്കെങ്കിലും എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
ഞാന്‍ സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുണ്ട്, ദളിത് പൊലീസ് ഉദ്യോഗസ്ഥര്‍. അവരുമായി ബന്ധം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ ഉറപ്പില്ല. ഞങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച ഒരു കാര്യം കശ്മീരികള്‍ ഭീകരവാദ അനുകൂലികളാണ് എന്ന അവരുടെ തെറ്റിദ്ധാരണയാണ്.
ആ തെറ്റിദ്ധാരണ തകര്‍ക്കുന്നതില്‍ ഞാന്‍ വിജയിച്ചു. ഞാന്‍ മോചിതനായപ്പോള്‍ അവര്‍ ഗേറ്റ് വരെ എന്റെ കൂടെ വന്നു. അവര്‍ എന്നെങ്കിലും കശ്മീരില്‍ വരികയാണെങ്കില്‍ ആതിഥേയനാകണം എന്നു പറഞ്ഞു. അതില്‍ സന്തോഷമേയുള്ളൂ എന്ന് ഞാന്‍ അവരോട് പറഞ്ഞു.
ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ച സമയത്ത് നിങ്ങള്‍ ജയിലിലായിരുന്നല്ലോ, അപ്പോള്‍ ആര്‍ക്കെങ്കിലും എഴുതിയിരുന്നോ? ആരെങ്കിലും നിങ്ങള്‍ക്ക് എഴുതിയിരുന്നോ?
ബംഗളൂരുവില്‍ എന്റെ സഹപാഠിയായിരുന്ന ഒരു സുഹൃത്തിന് എഴുതിയിരുന്നു. ഫഹദിന് കത്തുകളെഴുതാന്‍ എനിക്ക് പറ്റിയിരുന്നു പക്ഷേ ആ കത്തുകളൊന്നും ഫഹദിന് കിട്ടിയിട്ടില്ല. എനിക്കും കത്തുകളൊന്നും കിട്ടിയിട്ടില്ല കാരണം കത്തുകള്‍ സ്വീകരിക്കല്‍ അനുവദനീയമല്ല.
ജയിലില്‍ നിന്ന് എന്തെങ്കിലും കൊണ്ടുവന്നോ?
ആദ്യത്തെ അമ്പത്തിയേഴ് ദിവസങ്ങള്‍ ഞാനെന്റെ ഉടുപ്പുകള്‍ മാറ്റിയിരുന്നില്ല. എന്റെ കയ്യില്‍ ഉടുപ്പുകള്‍ ഉണ്ടായിരുന്നില്ല. ഞാന്‍ വീട് വിട്ടത് ഒരു ടീ ഷേര്‍ട്ടും പൈജാമയും ഇട്ടുകൊണ്ടായിരുന്നു. ഒരേ ഷര്‍ട്ട് തന്നെ പല തവണ ഞാന്‍ കഴുകി ഉപയോഗിച്ചു. പുതിയത് കിട്ടിയപ്പോഴേക്കും ഈ ടീ ഷേര്ട്ടില് 119 തുളകള്‍ ഉണ്ടായിരുന്നു. ജയില്‍ മോചിതനായപ്പോള്‍ അതേ ഷര്‍ട്ട് ധരിച്ചാണ് ഞാന്‍ പുറത്തിറങ്ങിയത്. എനിക്ക് ലോകത്തിലെ എല്ലാവരോടും പറയണമെന്നുണ്ടായിരുന്നു അവര്‍ എന്നോട് ചെയ്തത് എന്താണെന്ന്. ഇതൊരു അടിച്ചമര്‍ത്തലിന്റെ കഥയാണ്. ഞാന്‍ മാത്രമല്ല, ഇനിയും കുറേപ്പേര് ഇപ്പോഴും തടവില്‍ തുടരുന്നുണ്ട്. ഞാന്‍ ആ ടീ ഷേര്‍ട്ട് കൊണ്ടുവന്നിട്ടുണ്ട്.
കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പുതിയ കേസുകളെപ്പറ്റി അറിഞ്ഞുകാണുമല്ലോ? അതേപ്പറ്റി എന്താണ് കരുതുന്നത്?
എനിക്ക് തോന്നുന്നത് നല്ല മാധ്യമപ്രവര്‍ത്തനം മോശം മാധ്യമപ്രവര്‍ത്തനം എന്നിങ്ങനെ ഒരു ഇമേജ് സൃഷ്ടിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ട് എന്നാണ്. പിന്നീട് അവര്‍ കശ്മീരിലെ മീഡിയ ഫ്രറ്റേണിറ്റിയെ വിഭജിക്കാന്‍ സാധ്യതയുണ്ട്, ചിലര്‍ അതില്‍ ഗുണഭോക്താക്കളാകും ചിലര്‍ക്ക് എല്ലാം നഷ്ടപ്പെടും. എന്റെതടക്കമുള്ള എഫ്ഐആറുകള്‍, അറസ്റ്റുകള്‍ എല്ലാം ചെറിയ നൂലുകള്‍ മാത്രമാണ്, ആത്യന്തികമായി ഇതൊരു വലയാണ്, നമ്മളതില് ചെറുപ്രാണികളെപ്പോലെ ഒട്ടിപ്പോകുകയാണ് ചെയ്യുന്നത്. ഈ വല ശക്തിപ്പെടുന്നതിന് മുമ്പ് നമ്മള് ഇതിനെതിരെ ശബ്ദിക്കേണ്ടതുണ്ട്.
ഗൗഹര്‍ ഗീലാനിയെ പോലുള്ള ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസ് വന്നതോടെ കശ്മീരിലെ യുവ മാധ്യമപ്രവര്‍ത്തകര്‍ ഭയത്തിന് കീഴ്പ്പെട്ടിരിക്കുകയാണ്. ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്ത്തകരായിരിക്കെ നമ്മള് നമ്മുടെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. മാധ്യമസ്വാതന്ത്ര്യത്തെയാണ് ഭരണകൂടം കെണിയില്‍ പെടുത്തുന്നത്. ഇതിനെ തുറന്നെതിര്‍ക്കേണ്ടതുണ്ട്. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് ഇടം നഷ്ടപ്പെടുകയാണ്.