എന്തുകൊണ്ട് ആ തെറി വാക്ക് മ്യൂട്ട് ചെയ്തു? രാവണ്‍ സംഗീത വിഡിയോ സംവിധായകന്‍ പറയുന്നു
‘രാവണ്‍’ എന്ന സംഗീത വിഡിയോ ഉയര്‍ത്തിവിട്ട രാഷ്ട്രീയ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത് ആ ചോദ്യങ്ങളുടെ കരുത്തിനെയും അടയാളപ്പെടുത്തുന്നു. അഭിരുചികളെയും തെരഞ്ഞെടുപ്പുകളെയും ജാതീയവും വംശീയവുമായ കള്ളികളില്‍ നിര്‍ത്തി ആക്രമിക്കുന്ന ബ്രാമണ്യ സൗന്ദര്യ സങ്കല്പത്തിനെതിരായ കലാപഗീതത്തിന് നിശബ്ദപ്പെടുത്തിയ ഒരു തെറിവാക്ക് കൊണ്ടാണ് ‘രാവണ്‍’ സംവിധായകന്‍ ആദര്‍ശ് കുമാര്‍ അനിയല്‍ അടിവരയിട്ടിരിക്കുന്നത്.
എന്നാല്‍ ആ തെറി എന്തുകൊണ്ട് മ്യൂട്ട് ചെയ്തു എന്ന ചോദ്യത്തിന് ആദര്‍ശിന് വളരെ കൃത്യമായ ഉത്തരമുണ്ട്. ആ തെറി ലോകം മുഴുവന്‍ കേള്‍ക്കാന്‍ വേണ്ടിയാണു ബീപ് ചെയ്തിരിക്കുന്നത് എന്ന് ആദര്‍ശ് പറയുന്നു. ”നമ്മുടെ കൂട്ടുകാരുടെ ഇടയില്‍ മാത്രം നില്‍ക്കേണ്ടതല്ല, കേരളത്തിന് പുറത്തേക്കു സഞ്ചരിക്കണം എന്ന് വിചാരിച്ചാണ് ചിത്രം റിലീസ് ചെയ്തത്. നമ്മള്‍ ഇപ്പൊ അത് കേള്‍പ്പിച്ചിരുന്നു എങ്കില്‍ അത് ഇവിടെ മാത്രമാണ് തെറിയാവുക. നമ്മുടെ രാജ്യം കടന്നു പോവുമ്പോള്‍ അത് തെറിയാവില്ല. എന്നാല്‍ എല്ലാ ഭാഷയിലും ആ ബീപ് ശബ്ദം തെറിയാവും. നമ്മള്‍ പറയാന്‍ ഉദ്ദേശിച്ചത് അത് തന്നെയാണ്”. ആദര്‍ശ് കുമാര്‍ പറഞ്ഞു.