തേജസ് ദിനപത്രം അച്ചടി അവസാനിപ്പിക്കുന്നു; അവസാന പ്രതി ഡിസംബർ 31ന്
പോപ്പുലര്‍ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം നിർത്തലാക്കാൻ തീരുമാനിച്ചതായി മാനേജമെന്‍റ്. അവസാന കോപ്പി ഡിസംബർ 31ന് പുറത്തിറക്കുമെന്നും വാർത്താ സമ്മേളനത്തിൽ മാനേജമെന്റ് പ്രതിനിധികൾ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് സ്ഥാപനം നീങ്ങുന്നതെന്നും ഈ നിലയിൽ തുടരാൻ അസാധിക്കില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന മാനേജ്‌മെന്റ് യോഗത്തിൽ തീരുമാനം എടുത്തത്. സർക്കാർ തേജസ് പത്രത്തിന് തുടരുന്ന പരസ്യ വിലക്കിനെതിരെ നിരവധി തവണ അധികൃതരുമായി സംസാരിച്ചെങ്കിലും പരസ്യം നൽകാനാവില്ലെന്ന് നിലപട് സർക്കാർ സ്വീകരിച്ചതിനെത്തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനിച്ചത്.
കേരള സർക്കാർ പരസ്യം നൽകാത്തതിനാൽ കേന്ദ്ര സർക്കാർ പരസ്യങ്ങളും സ്ഥാപനത്തിന് ലഭിക്കുന്നുണ്ടായിരുന്നില്ല. തൊടുപുഴ ന്യൂ മാൻ കോളേജ് അദ്ധ്യാപകൻ ജോസഫിന്റെ കൈവെട്ടുമായി ബന്ധപ്പെട്ടാണ് തേജസ്സിന് നൽകിയിരുന്ന പരസ്യങ്ങൾ വർഗീയത ആരോപിച്ച് സർക്കാർ നിർത്തലാക്കിയത്. തമൗലിക വാദം വളര്‍ത്താന്‍ തേജസ് പത്രത്തെ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ 2014ല്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണം നടത്തിയ ജില്ലാ കലക്ടര്‍മാര്‍ ഇതിനു വിരുദ്ധമായ റിപ്പോർട്ടാണ് നൽകിയിരുന്നതെങ്കിലും തീവ്രവാദത്തിനും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും തേജസിനെ പോപ്പുലര്‍ഫ്രണ്ട് മറയാക്കുന്നുവെന്ന് ആരോപിച്ച് പരസ്യം നൽകുന്നത് വിളക്കുകയായിരുന്നു. എന്നാൽ സംഘപരിവാർ നിയന്ത്രണത്തിലുള്ള ജനം ടിവിയ്‌ക്കും ജന്മഭൂമിയ്ക്കും നിരന്തരം സർക്കാർ പരസ്യം നൽകുമ്പോഴാണ് തേജസ്സിനെതിരെ പരസ്യ വിലക്ക് തുടരുന്നത്.
നിലവില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇറങ്ങുന്ന തേജസ് ദ്വൈവാരിക വാരികയാക്കാനും ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നിലനിര്‍ത്തി കൂടുതല്‍ പരിഷ്‌കരിക്കാനും മാനജ്‌മെന്റ് തീരുമാനിച്ചു. 1997ല്‍ മാസികയായി രൂപംകൊണ്ട തേജസ് പിന്നീട് ദ്വൈവാരിക ആവുകയും അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ 2006 ജനുവരി 26ന് ദിനപത്രം തുടങ്ങുകയുമായിരുന്നു. നേരത്തെ സൗദിഅറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും തേജസിന് എഡിഷന്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നരവര്‍ഷം മുമ്പ് അവ അടച്ചുപൂട്ടിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പത്രത്തിന് നിലവില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്. ഏകദേശം 200ൽ അധികം വരുന്ന ജീവനക്കാരാണ് പത്രം അടച്ചു പൂട്ടുന്നതോടെ പ്രതിസന്ധിയിലാകുന്നത്.