തെരേസ മേയുടെ ബ്രെക്സിറ്റ് വ്യവസ്ഥ പാർലമെന്റിൽ ചരിത്ര പരാജയമേറ്റുവാങ്ങി; സർക്കാരിനെതിരെ അവിശ്വാസ നീക്കവുമായി ലേബർ പാർട്ടി

By on

ബ്രിട്ടൻ, യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകുന്നതിനുള്ള ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേ പാർലമെന്റിൽ അവതരിപ്പിച്ച വ്യവസ്ഥ വൻ പരാജയമേറ്റുവാങ്ങി. ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായാണ് ഭരണകക്ഷി ഇത്ര വലിയ പരാജയം പാർലമെന്റിലെ വോട്ടെടുപ്പിൽ നേരിടുന്നത്. ആകെയുള്ള 432 എംപിമാരിൽ 232 പേരും ബ്രെക്സിറ്റ് വ്യവസ്ഥയ്ക്കെതിരായി വോട്ടു ചെയ്തു. ബ്രിട്ടനിൽ പൊതു തെരഞ്ഞെടുപ്പിനുള്ള സാഹചര്യത്തിന് വഴിയൊരുക്കിക്കൊണ്ട് ലേബർ‌ പാർട്ടി നേതാവ് ജെറമി കോർബൻ കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലുള്ള തെരേസ മേ സർക്കാരിനെതിരെ അവിശ്വാസ നീക്കവും മുന്നോട്ട് വച്ചു. അവിശ്വാസ പ്രമേയത്തിൻമേൽ ബുധനാഴ്ച ചർച്ചയാവാമെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. 14 ദിവസമാണ് വിശ്വാസവോട്ട് നേടാൻ ഭരണകക്ഷിക്ക് വേണ്ടത്. പരാജയപ്പെട്ടാൽ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് പോകും.

ബ്രെക്സിറ്റ് കരാറനുസരിച്ച് യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടന് പുറത്തുപോവാൻ 73 ദിവസങ്ങളാണ് ബാക്കിയുള്ളത്. സർക്കാരിന്റെ ബ്രെക്സിറ്റ് പദ്ധതി പരാജയപ്പെട്ടതോടെ ബ്രെക്സിറ്റിന് എന്തു സംഭവിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാതായി. ബ്രെക്സിറ്റ് വ്യവസ്ഥ വോട്ടിം​ഗിന്റെ ഫലത്തിൽ നിരാശയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ അധ്യക്ഷൻ ഷാങ് ക്ലോദ് യുങ്കെർ റ്റ്വീറ്റ് ചെയ്തു. എത്രയും ബ്രിട്ടൻ ഉദ്ദേശ്യം വ്യക്തമാക്കണമെന്നും സമയം തീരാറായെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞതും ശ്രദ്ധേയമായി.


അതേസമയം നിർണ്ണായക വോട്ടിം​ഗിൽ തെരേസ മേയുടെ ബ്രെക്സിറ്റ് വ്യവസ്ഥ പരാജയപ്പെട്ടെങ്കിലും പൗണ്ട് സ്ഥിരത നിലനിർത്തി.


Read More Related Articles