“കേസുമായി മുന്നോട്ട് പോകാതിരിക്കാൻ അവരെന്നെ വ്യാജ കേസുകളിൽ പെടുത്തുന്നു, വധഭീഷണിയും”; ആസിഫയുടെ അഭിഭാഷകൻ മുബീൻ ഫറൂഖി
ജമ്മു കശ്മീർ കത്വയിൽ എട്ടുവയസ്സുകാരിയായ ബക്കർവാലി പെൺകുട്ടി ആസിഫയെ ക്ഷേത്രത്തിനകത്ത് വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ ഇരയുടെ അഭിഭാഷകൻ മുബീൻ ഫറൂഖിക്കെതിരെ കേസ്. ആസിഫ കേസുമായി മുന്നോട്ട് പോകാതിരിക്കാൻ വേണ്ടിയാണ് തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നതെന്ന് മുബീൻ ഫറൂഖി കീബോർഡ് ജേണലിനോട് പറഞ്ഞു. തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ കേസിന് പിന്നിലെന്ന് മുബീന്‍ ഫറൂഖി പറയുന്നു.
“എന്‍റെ ജന്മനാടായ മലേർകോട്ലയിലാണ് എനിക്കെതിരെ അവർ ഐപിസി 458 ചുമത്തി വ്യാജ എഫ്ഐആർ ഉണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ടാണ് ഈ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവാണ് പരാതി നൽകിയിരിക്കുന്നത്. രാത്രിയിൽ ഞാൻ ഒരാളുടെ വീട് ആക്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. വളരെ ഗുരുതരമായ ആരോപണമാണിത്. എനിക്കെതിരെ പരാതി നൽകിയവർക്കെതിരെ ഞാൻ പൊലീസിന് രണ്ട് പരാതികൾ ഇതിന് മുമ്പ് ഫയൽ ചെയ്തിട്ടുണ്ട്. ജൂൺ 14ന് അവർ എന്നെ ഒരു വാട്സാപ് ഗ്രൂപ്പിൽ ആഡ് ചെയ്തിരുന്നു. ആ ഗ്രൂപ്പിൽ അവർ എനിക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി. അവർ എന്നെ കൊല്ലുമെന്ന് എനിക്ക് തോന്നി. ഞാൻ ഇവർക്കെതിരെ ഫയൽ ചെയ്ത രണ്ട് പരാതിയിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊലീസ് എന്‍റെ മൊഴിയെടുക്കുക പോലും ചെയ്തിട്ടില്ല. ഞാൻ ഈ പറയുന്നതുപോലുള്ള ഒരു കുറ്റകൃത്യം ഒരിക്കലും ചെയ്യില്ല.
എന്നെ കൊലപ്പെടുത്തുമെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചതിന്‍റെ കോൾ റെക്കോർഡ് എന്‍റെ കയ്യിലുണ്ട്. അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എന്‍റെ കയ്യിലുണ്ട്, അതെല്ലാം ഞാൻ പൊലീസ് സ്റ്റേഷനിലും എസ്എസ്പിക്കും നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. അവരെന്നെ വാട്സപ് ഗ്രൂപ്പിൽ ആഡ് ചെയ്ത ശേഷം എന്നെ അധിക്ഷേപിക്കുവാനും ഭീഷണിപ്പെടുത്തുവാനും തുടങ്ങി, എന്നെയും എന്‍റെ കുടുംബത്തെയും കൊലപ്പെടുത്തുമെന്നും അവർ ഭീഷണിപ്പെടുത്തി. ഇതിന്‍റെയെല്ലാം രേഖകൾ എന്‍റെ കയ്യിലുണ്ട്.
ഇന്നലെ അവർ എന്‍റെ വീട് റെയ്ഡ് ചെയ്തു. ഒരു ഭീകരവാദിയോടോ കുറ്റവാളിയോടോ പെരുമാറുന്നതുപോലെയായിരുന്നു അവരെന്നോട് പെരുമാറിയത്. ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും ഈ വ്യാജ കേസ് ഗൂഢാലോചനയുടെ ഭാഗമാണ്. പൊലീസ് സമ്മര്‍ദ്ദത്തിലാണ് റെയ്ഡ് ചെയ്യാനെത്തിയത്. ഐപിസി 458 ആയതുകൊണ്ട് എഫ് ഐ ആർ ഫയൽ ചെയ്യുന്നതിന് മുമ്പ് അവർക്ക് പ്രാഥമികമായി അന്വേഷണം നടത്താമായിരുന്നു. കാരണം ഇതൊരു ഗുരുതരമായ കുറ്റകൃത്യമാണ്. പക്ഷേ അവർ എന്നെ വിളിച്ചില്ല, എന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല, അവർ കേസ് രജിസ്റ്റർ ചെയ്യുക മാത്രമാണ് ചെയ്തത്.
കത്വ കേസിൽ അപ്പീലുമായി മുന്നോട്ടുപോകാൻ തയ്യാറെടുക്കുകയാണ് ഞങ്ങൾ പക്ഷേ അവരെന്നെ ഇതുപോലുള്ള കേസുകളിൽ പെടുത്തി കേസുമായി മുന്നോട്ട് പോകുന്നത് അവസാനിപ്പിക്കാൻ നോക്കുകയാണ്.
ഈ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഞാൻ പഞ്ചാബ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും, എന്‍റെ ജീവന് സംരക്ഷണം വേണം, അതും ആവശ്യപ്പെടും. ഈ കേസിൽ നീതിക്കൊപ്പം നിന്ന എല്ലാവരോടും എനിക്കൊപ്പം നിൽക്കണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്.” മുബീന്‍ ഫറൂഖി പറഞ്ഞു.
ആസിഫയുടെ ക്രൂരമായ കൂട്ടബലാത്സംഗ കൊലപാതക കേസിൽ നീതിക്കൊപ്പം നിലകൊണ്ട എല്ലാവരിൽ നിന്നും മുബീൻ ഫറൂഖി പിന്തുണ ആവശ്യപ്പെടുന്നു. കേസിൽ പതാൻകോട്ട് കോടതിയുടെ വിധിക്കെതിരെ പഞ്ചാബ് ഹരിയാന ഹെെക്കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് ആസിഫയുടെ കുടുംബം. മുസ്ലിം ഫെഡറേഷൻ പഞ്ചാബിന്‍റെ സംസ്ഥാന പ്രസിഡന്‍റ് കൂടിയാണ് ഫറൂഖി.