“കുറച്ചു കഴിഞ്ഞിരുന്നെങ്കില്‍ കൊന്നേനെ”, ശബരിമല യുവതീ പ്രവേശനം ആഘോഷിച്ചവരെ തലയ്ക്ക് ആക്രമിച്ച് സംഘപരിവാര്‍
By Mrudula Bhavani
ശബരിമല ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നീ സ്ത്രീകൾക്ക് അഭിവാദ്യം അറിയിക്കാൻ കോഴിക്കോട് മിഠായി തെരുവിലെ കിഡ്സൺ കോർണറിൽ വില്ലുവണ്ടിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മയ്ക്ക് നേരെ ആർഎസ്എസ് ആക്രമണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആർഎസ്എസുകാർ അതിക്രൂരമായി കയ്യേറ്റം ചെയ്തു. ഷാഹിദ ഷാ, ശ്രീജിത്, ബിഎസ് ബാബുരാജ്, യമുന ചുങ്കപ്പള്ളി, റെനോയർ, അംബിക, വിപി സുഹ്റ, ഒപി രവീന്ദ്രൻ, അമൃത, ആദിത്യൻ, സിപി ജിഷാദ്, സനീഷ്, അഖിൽ, ശ്രീകാന്ത്, റഹ്മ തുടങ്ങിയവരാണ് ആക്രമിക്കപ്പെട്ടത്.
“നല്ല അടിയാണ് കിട്ടിയത്. തലയ്ക്കാണ് രണ്ട് മൂന്ന് അടി കിട്ടിയത്. എന്തൊക്കെയോ കനമുള്ള സാധനങ്ങളെടുത്ത് തലയ്ക്ക് അടിച്ചിട്ടുണ്ട്. നടുവിനിട്ട് ചവിട്ടിയിട്ടുണ്ട്. മുഖത്തേക്ക് കരിക്ക് എറിഞ്ഞിട്ടുണ്ട്. കെെതച്ചക്കയൊക്കെ എടുത്ത് എറിഞ്ഞു. കുറച്ച് കഴിഞ്ഞിരുന്നെങ്കിൽ കൊന്നേനെ. ആ അവസ്ഥയിലായിരുന്നു. തുടക്കത്തിൽ മുപ്പതോളം പേരുണ്ടായിരുന്നു അതിൽ സ്ത്രീകൾ വളരെ കുറവായിരുന്നു. പരിപാടി തുടങ്ങി ആർട്ട് ഗ്യാലറിയിൽ നിന്ന് ലെെബ്രറിയുടെ മുന്നിലെത്തി സംസാരിച്ചപ്പോൾ തന്നെ ഇവർ വരുന്നത് കണ്ട് പിരിഞ്ഞുപോകാൻ നോക്കുകയായിരുന്നു. അപ്പോൾ നമ്മൾ പറഞ്ഞു പേടിച്ച് ഓടണ്ട അഞ്ച് മിനിറ്റ് എങ്കിലും ഇവിടെ നിന്നിട്ട് പോകാം എന്ന്. അങ്ങനെ എല്ലാവരും നിന്നതാണ്. പിന്നെ അടിക്കാൻ തുടങ്ങി. തെറിമാത്രം. അങ്ങനെ തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോഴേക്കും എല്ലാവരും കൂടെ വന്നു, പകുതിപ്പേരും ഓടി. ഞങ്ങളൊരു പത്തുപന്ത്രണ്ട് പേരെ ഉണ്ടായിരുന്നുള്ളൂ.
ആദ്യം ഒന്ന് രണ്ട് പേരെ അടിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങളവരെ പിടിച്ചുമാറ്റാൻ നോക്കി. ഞങ്ങളെ എല്ലാവരെയും തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി അതോടെ. കയ്യിൽ കിട്ടിയ സാധനങ്ങൾ എടുത്ത് എറിയുകയാണ്. പൊലീസുകാർ അപ്പോഴാണ് ഞങ്ങളുടെ അടുത്തേക്ക് വന്നത്, അഞ്ചാറുപേരുണ്ടായിരുന്നു. അവരിങ്ങനെ കവർ ചെയ്ത് നിൽക്കും അപ്പോഴും മുന്നിൽ നിന്നും പിന്നിൽ നിന്നും സെെഡിൽ നിന്നും ഒക്കെ അടിക്കുകയായിരുന്നു. വളരെ കുറച്ച് പൊലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസ് അവരെ തുരത്തിയോടിക്കാൻ ഒന്നും നോക്കിയിട്ടില്ല. ഞങ്ങളെ സംരക്ഷിക്കാൻ ഉള്ളത്ര ആൾക്കാരും ഉണ്ടായിരുന്നില്ല. അവരും തല്ല് കൊണ്ടിട്ടുണ്ട്. അങ്ങനെ മുന്നോട്ട് കൊണ്ടുപോയി പിന്നെ ഓടാനും പറ്റില്ല ഓടുമ്പോൾ അടിക്കുകയാണ്. ആർട്ട് ഗ്യാലറിയിൽ എത്തുമ്പോഴേക്ക് മുട്ട എറിയാൻ തുടങ്ങി. പെെനാപ്പിൾ, കരിക്ക് ഒക്കെ എറിഞ്ഞു. ആർട്ട് ഗ്യാലറിയിൽ കയറി ഗേറ്റ് അടച്ചപ്പോൾ അവസാനിച്ചു. അതുവരെയും അത്രയും വലിയ ആൾക്കൂട്ടം പിന്തുടർന്നു, അധികവും യുവാക്കളായിരുന്നു. 25 വയസ്സൊക്കെ ഉള്ളവർ. കൊല്ലും എന്നൊക്കെയാണ് പറയുന്നത്. എല്ലാവർക്കും തലയ്ക്ക് നല്ല പരിക്കുണ്ട്. എല്ലാവരെയും തലയ്ക്കാണ് അടിച്ചത്. പിന്നിൽ നിന്ന് കാണുന്നവരെയൊക്കെ നടുവിന് ചവിട്ടിയിട്ടുണ്ട്.” – നിയമവിദ്യാർത്ഥി യമുന പറയുന്നു.
“ഞാനും വിപി സുഹ്റയും ഇവർക്കിടയിൽ നിന്ന് രക്ഷപ്പെടാൻ നോക്കുമ്പോൽ വിപി സുഹ്റയോട് നാമം ജപിച്ച് വീട്ടിലിരുന്നുകൂടെ തള്ളേ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു അവർ. വിപി സുഹ്റയെയും എന്നെയും അവർ തിരിച്ചറിഞ്ഞില്ല, അറിഞ്ഞിരുന്നെങ്കിൽ നന്നായി ആക്രമിച്ചേനെ. നല്ല തെറിയാണ് വിളിക്കുന്നത്, റെനോയെ അവർ ഹെൽമെറ്റ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. കോഴിക്കോട്ട്കാരൊന്നും അല്ല ആ ആൾക്കൂട്ടം. അത്രയും വലിയൊരു മോബ് ആയിരുന്നു.” മാധ്യമപ്രവർത്തക അംബിക പറയുന്നു.
“ഞങ്ങൾ ഇരുപതോളം പേർ ഇപ്പോൾ ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ പത്ത് പേർക്ക് സാരമായ പരിക്കുണ്ട്. ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ പല്ല് പോയിട്ടുണ്ട്. എനിക്ക് നല്ല കഴുത്ത് വേദന ഉണ്ട്. അവിടെ സംഘപരിവാറിന്റെ പ്രതിഷേധ പ്രകടനം നടക്കുന്നുണ്ടായിരുന്നു. എസ്കെ പൊറ്റക്കാടിന്റെ പ്രതിമയുടെ അടുത്ത് സംഘം ചേർന്ന് നിൽക്കുകയായിരുന്നു. അതിന് മുന്നെ തന്നെ പരിപാടി നടത്തിക്കഴിഞ്ഞ് യോഗം അവസാനിപ്പിച്ച് പിരിയാൻ തുടങ്ങുമ്പോഴാണ് അവർ വന്നത്. പൊലീസുകാരും വന്നു നിങ്ങളിവിടെനിന്ന് പിരിഞ്ഞുപോകണം ഇവിടെ നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പിരിഞ്ഞുപോകാൻ പോകുകയാണ് പക്ഷേ ഇങ്ങനെ പറയുന്നത് ശരിയല്ല എന്ന് നമ്മൾ പൊലീസിനോട് പറഞ്ഞു, അവരെ പറഞ്ഞയച്ച് പൊലീസ് അവരുടെ കൂടെ പോയി. അവരുടെ കൂടെ പോയി അവിടെ എത്തിയ ഉടനെ അമ്പതോളം പേർ വന്ന് സ്ത്രീകളെ തെറിവിളിക്കാൻ തുടങ്ങി. അടിക്കാൻ തുടങ്ങി.കയ്യിൽ കിട്ടിയ എന്തൊക്കെയോ എടുത്ത് എറിയുകയായിരുന്നു അവർ. കല്ല്, മുട്ട, പെെനാപ്പിൾ ഒക്കെ എടുത്താണ് നമുക്ക് നേരെ എറിഞ്ഞത്. അതാണ് ഉണ്ടായത്.” പൊലീസ് അതിക്രമങ്ങൾക്കെതിരെ വിദ്യാർത്ഥി യുവജന കൂട്ടായ്മയിലെ ശ്രീകാന്ത് പറയുന്നു.
എല്ലാവർക്കും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ബീച്ച് ഹോസ്പിറ്റലിൽ ഒബ്സർവേഷനിലാണ് ഇവർ .