പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം; ഗുവാഹതി വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു
അസമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായി കർഫ്യൂവിനെയും ഇന്റർനെറ്റ് നിരോധനത്തെയും സെെനിക വിന്യാസത്തെയും മറികടന്ന പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഗുവാഹതി ലചിത് നഗറിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയായിരുന്ന ദീപാഞ്ചൽ ദാസ് ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ.
അസമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഗുവാഹതി. ഇരുപത്തിമൂന്നുകാരനായ ദീപാഞ്ചൻ ദാസിന്റെ ശരീരം വെടിയുണ്ട തുളച്ചിരുന്നു, തന്റെ കയ്യിൽ കിടന്നാണ് ദീപാഞ്ചൽ മരിച്ചതെന്നും സുഹൃത്ത് പറഞ്ഞതായി ഇൻസെെഡ് നോർത് ഈസ്റ്റ് എന്ന വെെബ്സെെറ്റ് റിപ്പോർട്ട് ചെയ്യുന്നു. സെെനിക് ഭവനിലെ ഒരു ക്യാന്റീനിൽ തൊഴിലാളിയായിരുന്നു ദീപാഞ്ജൻ ദാസ്. ഹതിഗാവ് ഹെെസ്കൂളിനടുത്ത് നാലുപേർക്ക് നേരെ വെടിയുതിർക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ഒരാൾ അവിടെവെച്ചുതന്നെ കൊല്ലപ്പെടുകയുമായിരുന്നു.
ബുധനാഴ്ച സ്കൂൾ വിദ്യാർത്ഥികൾ ഗുവാഹത്തി ഷില്ലോങ് റോഡ് ഉപരോധിച്ചുകൊണ്ട് തുടങ്ങിയ പ്രക്ഷോഭം അസമിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്റർനെറ്റ് നിരോധനം അടുത്ത 48 മണിക്കൂറുകളിലായി പത്ത് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.