ഷർജീൽ ഇമാമിനെ പിന്തുണച്ചതിന് രാജ്യദ്രോഹം ചുമത്തപ്പെട്ട ഉർവശി ചുഡാവാലയുടെ (ക്രിസ്) അറസ്റ്റ് തടഞ്ഞ് ബോംബേ ഹൈക്കോടതി
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായി പ്രസംഗിച്ചതിന് രാജ്യദ്രോഹം അടക്കം നിരവധി വകുപ്പുകൾ ചുമത്തപ്പെട്ട ജെ എൻ യു ഗവേഷക വിദ്യാർത്ഥി ഷർജീൽ ഇമാമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിന് രാജ്യദ്രോഹം അടക്കമുള്ള കേസുകൾ ചുമത്തപ്പെട്ട റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് വിദ്യാർത്ഥിനി ക്രിസ് ചുഡാവാല (22)യെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബേ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് കെ എസ് ഷിൻഡേയുടെ ഏകാംഗ ബെഞ്ചാണ് ക്രിസിന് മുൻകൂർ ജാമ്യം നൽകിയത്. 124 A, 153 B തുടങ്ങിയ വകുപ്പുകളാണ് വിദ്യാർത്ഥിനിയ്ക്ക് എതിരെ ചുമത്തിയിരുന്നത്.
പ്രഥമ ദൃഷ്ട്യാ രാജ്യദ്രോഹ കേസ് നിലനിൽക്കുന്നതാണെന്ന് കാട്ടി ഫെബ്രുവരി 5 ന് മുംബൈയിലെ സെഷൻസ് കോടതി ക്രിസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അഡീഷനൽ സെഷൻസ് ജഡ്ജി പ്രശാന്ത് രാജ് വൈദ്യയാണ് ക്രിസ് ചുഡാവാലയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. ക്രിസിന്‍റെ മുദ്രാവാക്യം രാജ്യദ്രോഹപരമാണന്നും കുറ്റം അതീവ ഗുരുതരമാണെന്നും നീരീക്ഷിച്ച രാജ് വൈദ്യ ക്രിസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പറഞ്ഞു. സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് ക്രിസ് ചുഡാവാല ബോംബേ ഹൈക്കോടതിയെ സമീപിച്ചത്. ‘ഷർജീൽ നിന്‍റെ സ്വപ്നങ്ങളെ ഞങ്ങൾ സാക്ഷാത്കരിക്കും’ എന്നതാണ് ക്രിസ് വിളിച്ച് മുദ്രാവാക്യം എന്നാണ് പ്രൊസിക്യൂഷൻ ആരോപിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ആസാദ് മൈതാനത്ത് നടന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ ‘ക്വീർ ആസാദി മാർച്ചി’നിടയിലാണ് ക്രിസ് അടക്കമുള്ളവര്‍ ഷര്‍ജീല്‍ ഇമാമിന്‍റെ അറസ്റ്റിനെതിരെ മുദ്രാവാക്യം ഉയര്‍ത്തിയത്.