ഷഹീൻബാ​ഗ് പ്രക്ഷോഭത്തെ അസൗകര്യമെന്ന് ചിത്രീകരിക്കാൻ മറ്റ് റോഡുകൾ അടച്ചെന്ന് ചന്ദ്രശേഖർ ആസാദ്; സുപ്രീംകോടതിയില്‍ പരാതി നല്‍കി

By on

പൗരത്വ ഭേദ​ഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായി രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഹൃദയഭൂമിയായി മാറിയ, ഡെൽഹിയിലെ ഷഹീൻബാ​ഗ് പ്രക്ഷോഭം വഴിതടസം സ‌ൃഷ്ടിക്കുന്നു എന്ന് വരുത്താനായി മറ്റ് വഴികൾ അധികൃതർ മന:പൂർവ്വം അടച്ചുവെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആരോപിച്ചു. ഷഹിൻബാ​ഗ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ കക്ഷി ചേരാനുള്ള അപേക്ഷയും ആസാദ് നൽകി. ഷഹീൻബാ​ഗ് പ്രക്ഷോഭം മൂലം ഇപ്പോൾ ഉണ്ടെന്ന് തോന്നുന്ന അസൗകര്യം യഥാർത്ഥത്തിൽ അധികൃതർ ഉണ്ടാക്കിയെടുത്തതാണെന്ന് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടുന്നു.
”പ്രക്ഷോഭം മൂലമുള്ള വഴിതടസമെന്ന ആരോപണം വെറും ഒഴിവുകഴിവാണ്…സമാധാനപരമായി നടക്കുന്ന ഷഹീൻബാ​ഗ് പ്രക്ഷോഭത്തിന്റെ പേരിൽ ഡെൽഹിയെ നോയിഡയും ഫരീദാബാദുമായി ബന്ധിപ്പിക്കുന്ന മറ്റ് നിരവധി വഴികൾ അധികൃതർ അടച്ചിരിക്കുകയാണ്. പ്രക്ഷോഭം പൊതുജനത്തിന് അസൗകര്യമാണെന്ന പ്രതീതി സൃഷ്ടിക്കാനുള്ള മന:പൂർവ്വമായ ശ്രമമാണിത്” അപേക്ഷയിൽ പറയുന്നു. മുൻ മുഖ്യ ഇൻഫർമേഷൻ കമ്മീഷണർ വജാഹത് ഹബീബുള്ള, ഷഹീൻബാ​ഗ് വാസിയായ ബഹാദൂർ അബ്ബാസ് നഖ്വി എന്നിവരും അപേക്ഷയിൽ ചേർന്നിട്ടുണ്ട്. ഷഹീൻബാ​ഗ് പ്രക്ഷോഭം മൂലം ഡെൽഹിക്കും നോയിഡക്കും ഫരീദാബാദിനും ഇടയിൽ സഞ്ചരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവും വിധം ​ഗതാ​ഗത തടസം ഉണ്ടാവുന്ന എന്ന് വരുത്തുന്നതിനായി ഷഹീൻബാ​ഗിന് ഏറെ ദൂരെയുള്ള റോഡുകൾ പോലും അടച്ചിടാൻ ഡെൽഹി അഡ്മിനിസ്റ്റ്രേഷനും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഉത്തർപ്രദേശ് സർക്കാരും കൂട്ടായി പ്രവർത്തിക്കുകയാണെന്നാണ് അഭിഭാഷകൻ മൻസൂർ അലി മുഖാന്തിരം നൽകിയിരിക്കുന്ന അപേക്ഷയിൽ പറയുന്നത്.
ജി ഡി ബിർല മാർ​ഗിന് സമാന്തരമായി പോകുന്ന കാളിന്ദി കുഞ്ജ്-മിഥാപുർ റോഡ് അധികൃതർ അടച്ചുവെന്ന് അപേക്ഷകർ പറയുന്നു. ”ഇവിടെ ഉത്തർപ്രദേശ് പൊലീസ് ബാരിക്കോഡുകൾ വച്ച് റോഡ് അടച്ചിരിക്കുകയാണ്”. ഖാദർ കാളിന്ദി കുഞ്ജ് റോഡിൽ നിന്നുമുള്ള മറ്റേ റൂട്ട് ഡെൽഹി പൊലീസ് കാളിന്ദി കുഞ്ജ് മെറ്റ്രോ സ്റ്റേഷനു അടുത്ത് തടഞ്ഞിരിക്കുകയാണ്. അതുകൊണ്ട് യാത്രക്കാർ ഡെൽഹി നോയിഡ ഡയറക്റ്റ് ഫ്ലൈഓവർ വഴി പോവാൻ നിർബന്ധിതരാവുകയാണ് എന്നും അപേക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഷഹീൻബാ​ഗ് പ്രക്ഷോഭം അങ്ങേയറ്റം സമാധാനപരമാണെന്നും അപേക്ഷയിൽ ചന്ദ്രശേഖർ ആസാദും സഹ അപേക്ഷകരും പറയുന്നു.


Read More Related Articles