അഴിമതി ആരോപണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം

By on

അഴിമതി ആരോപണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാനപാതയുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ച് ഡിഎംകെ നൽകിയ പരാതിയിൽ ആണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം സി.ബി.ഐയ്ക്ക് കൈമാറാന്‍ വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അന്വേഷണത്തിലെ പ്രാഥമിക റിപ്പോര്‍ട്ട് സി.ബി.ഐ മൂന്നു മാസത്തിനകം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിജിലൻസ് വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് കോടികളുടെ കരാര്‍ പളനിസ്വാമിയുടെ അനധികൃതമായി ബന്ധുക്കള്‍ക്ക് നല്‍കി എന്നും ഇതിൽ നിന്നും കോടികളുടെ അഴിമതി നടന്നു എന്നുമാണ് ഡിഎംകെ ഉന്നയിക്കുന്ന ആരോപണം. നേരത്തെ ആദായ നികുതി വകുപ്പ് പളനിസ്വാമിയുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു.


Read More Related Articles