രാജ്യസഭയിൽ പ്രതിഷേധം, പൗരത്വ (ഭേദ​ഗതി) ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല

By on

പൗരത്വ ഭേദ​ഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. അലഹാബാദ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ ലഖ്നൗ വിമാനത്താവളത്തിലെത്തിയ സമാജ് വാ​ദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ  യുപി പൊലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് ഉണ്ടായ ബഹളം കാരണം രാജ്യസഭ നിർത്തിവെച്ചു. ബിൽ നാളെ വീണ്ടും പരി​ഗണിക്കും.

മണിപ്പൂരിൽ ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞയും അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഇതിനെയെല്ലാം മറികടന്ന് ജനങ്ങൾ തെരുവിലിറങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കോലം കത്തിച്ചും തടയാനെത്തിയ സായുധ സേനാം​ഗങ്ങൾക്ക് മുമ്പിൽ ന​ഗ്നരായും റോഡുകൾ ഉപരോധിച്ചും കടകളും സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചുപൂട്ടിയും ജനങ്ങൾ പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.

മണിപ്പൂർ വാങ്ജിങിലെ ബിജെപി എംഎൽഎ പോനം ബ്രോജെനിന്റെ വീട് പ്രക്ഷോഭക്കാർ ആക്രമിച്ചു. പ്രക്ഷോഭം അടിച്ചമർത്താൻ റബ്ബർ ബുള്ളറ്റുകളും ടിയർ ​ഗ്യാസും ഉപയോ​ഗിച്ചു. പരിക്കേറ്റ പ്രക്ഷോഭക്കാരെ ആർഐഎംഎസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സമരം ചെയ്യുന്ന മുതിർന്ന സ്ത്രീകളോട് വെടിവെക്കും എന്ന് പൊലീസ് ഭീഷണിയും ഉണ്ടായി.

ഇംഫാൽ ഈസ്റ്റിൽ നിന്നും ഇംഫാൽ വെസ്റ്റിൽ നിന്നുമുള്ള പൊലീസ് കമാൻഡോകൾ തന്‍റെ വീട് റെയ്ഡ് ചെയ്ത് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്ന് മണിപ്പൂർ സ്റ്റുഡന്റ്സ് അസോസിയേഷൻ ഡൽ​ഹിയുടെ മുൻ പ്രസിഡന്റും വിദ്യാർത്ഥി നേതാവുമായ തോക്ചോം വീവോൺ പറയുന്നു. തന്നെ നിശ്ശബ്ദനാക്കാൻ വേണ്ടിയാണ് അവർ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയത് എന്നും രക്ഷിതാക്കളുടെ ഫോട്ടോ എടുത്താണ് അവർ റെയ്ഡ് ചെയ്ത് മടങ്ങിയത് എന്നും വീവോൺ പറയുന്നു.

മണിപ്പൂർ പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് എംഎൽഎ മാർ ഇന്ന് ജന്തർമന്തറിൽ പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. പൗരത്വ ഭേദ​ഗതി ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട് എന്ന് മണിപ്പൂർ പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റിയുടെ വക്താവ് കെഎച്ച് ജോയ്കിഷൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺ​ഗ്രസിന്റെ എല്ലാ രാജ്യസഭാ എംപിമാർക്കും വിപ് കോൺ​ഗ്രസ് പാർട്ടി വിപ് നൽകിയിട്ടുണ്ടെന്നും ഈ ബിൽ രാജ്യസഭയിൽ പാസാകാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും കോൺ​ഗ്രസ് സ്വീകരിക്കും എന്നും ജോയ്കിഷൻ പറഞ്ഞു. കോൺ​ഗ്രസ് എംഎൽഎമാർ നാളെയും ജന്തർമന്തറിൽ പ്രതിഷേധം തുടരുമെന്നും ജയ്കിഷൻ അറിയിച്ചു.

ഈ ബിൽ ഒരിക്കലും അസമിനെയോ മറ്റ് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെയോ ഉപദ്രവിക്കില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ഭാ​ഗത്തുനിന്നുള്ള മതിയായ നിർദ്ദേശങ്ങൾ പരി​ഗണിച്ച് മാത്രമേ നിയമം നടപ്പിലാക്കൂ എന്നും മോദി പറഞ്ഞു.
നോർത്ത് ഈസ്റ്റിന്റെ ഏറ്റവും വലിയ ആശങ്കയായി ഈ ബിൽ തുടരുന്ന സാഹചര്യത്തിൽ ബിൽ പാസാക്കാൻ കേന്ദ്ര സർക്കാർ ധെെര്യപ്പെടുമെന്ന് തോന്നുന്നില്ലെന്ന് മുൻ ധനമന്ത്രി യശ്വന്ത് സിൻ‍ഹ പറയുന്നു.

പൗരത്വ ഭേദ​ഗതി ബിൽ ഭരണഘടനാവിരുദ്ധമാണ് എന്ന് ക്രിഷക് മുക്തി സം​ഗ്രാം സമിതി എന്ന കർഷക സംഘടനയുടെ നേതാവ് അഖിൽ ​ഗൊ​ഗോയ് പറയുന്നു. നോർത്ത് ഈസ്റ്റിന്റെ ജനസംഖ്യാ ഘടനയെത്തന്നെ ഈ ബിൽ ബാധിക്കും, ഈ ബിൽ രാജ്യത്തിന്റെ മതേതരത്വത്തിനും ഭരണഘടനയ്ക്കും എതിരാണ് എന്നും അഖിൽ ​ഗൊ​ഗോയ് പറഞ്ഞു.


Read More Related Articles