തെലങ്കാനയിൽ ബഹുജൻ ഇടത് സ്ഥാനാർത്ഥിയായി ട്രാൻസ്വുമൺ ചന്ദ്രമുഖി മുവ്വല
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ട്രാൻസ് വുമണെ സ്ഥാനാർത്ഥിയാക്കി ബഹുജൻ ഇടത് മുന്നണി. ട്രാൻസ് ആക്റ്റിവിസ്റ്റായ ചന്ദ്രമുഖി മുവ്വലയാണ് ഹൈദരാബാദിലെ ഘോഷമഹലിൽ നിന്ന് ബിഎൽഎഫ് സ്ഥാനാർത്ഥിയാവുന്നത്. താനുൾപ്പെടുന്ന ലൈംഗിക ന്യൂനപക്ഷ സമൂഹത്തെ ഉൾക്കൊള്ളാൻ തയ്യാറായ ബിഎൽഎഫിന്റെ നടപടി കോൺഗ്രസ്, റ്റിഡിപി, റ്റിആർഎസ് തുടങ്ങിയ കക്ഷികൾക്ക് മുഖത്തേറ്റ അടിയാണെന്ന് ചന്ദ്രമുഖി പ്രതികരിച്ചു.
വിദ്വേഷ പ്രസംഗങ്ങിളൂടെ വിവാദത്തിൽ ഇടംപിടിച്ച ബിജെപി എംഎൽഎ രാജാ സിങ്ങിനെയാണ് ചന്ദ്രമുഖി നേരിടുന്നത്. ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് “ഭാഗ്യനഗർ” എന്നാക്കി മാറ്റുമെന്ന് രാജാ സിംഗ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. വന്ദേമാതരം പാടാൻ താല്പര്യമില്ലാത്തവർ ഇന്ത്യവിടണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ എതിർക്കുന്നവർ ആരായാലും അവരുടെ തലകൊയ്യുമെന്നും രാജാ സിംഗ് പറഞ്ഞിരുന്നു. ബിജെപി നടത്തിയ ശബരിമല സംരക്ഷണ ലോങ്ങ്‌മാർച്ചിലും രാജാ സിംഗ് പങ്കെടുത്ത് സംസാരിച്ചിരുന്നു. ഇന്ന് വൈകിട്ട് സിപിഐഎം സ്റ്റേറ്റ് സെക്രട്ടറി തമിനേനി വീരഭദ്രമാണ് സ്‌ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടത്.