ദേശീയ ദിനം ആഘോഷിച്ച് ഒമാൻ; ആധുനിക നവോത്ഥാനത്തിന് ചുക്കാൻ പിടിച്ച് സുൽത്താൻ ഖബൂസ് ബിൻ സെയ്ദ്
ഒമാൻ ജനത ഇന്ന് നാൽപ്പത്തിയെട്ടാമത് ദേശീയ ദിനം ആഘോഷിക്കുന്നു. രാജ്യത്തെ ആധുനിക നവോത്ഥാനത്തിന്റെ ശിൽപ്പിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സുൽത്താൻ ഖബൂസ് ബിൻ സെയ്ദാണ് ഔദ്യോഗിക ദേശീയ ദിനാചരണത്തിന് നേതൃത്വം നൽകുക. അൽ അമേരത്തിലും സീദിലും കരിമരുന്ന പ്രയോഗ പ്രദർശനം നടക്കും. 1970 കളിൽ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള പ്രയാണത്തിൽ ഒമാൻ ആർജ്ജിച്ചെടുത്ത നവോത്ഥാനത്തിന്റെ കരുത്താണ് ഈ ദേശീയ ദിനത്തിലും ഭരണകൂടം ഉയർത്തിപ്പിടിക്കുന്നത്. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ രാജ്യം നേടിയ കുതിപ്പാണ് ഒമാനി മാധ്യമങ്ങൾ ദേശീയ ദിനത്തിന്റെ ഭാഗമായി ചർച്ച ചെയ്യുന്നത്.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സായുധ പരേഡിന് സുൽത്താൻ ഖബൂസ് ആധ്യക്ഷം വഹിക്കും. ഒമാൻ റോയൽ ഗാഡ് പരേഡ് ഗ്രൗണ്ടിലാണ് പരേഡ് നടക്കുക. ഒമാൻ രാജകീയ സേന, ഒമാൻ റോയൽ എയർഫോഴ്സ്, റോയൽ കോർട് അഫയേഴ്സ്, നാവിക സേന, സുൽത്താന്റെ പ്രത്യേക സേന, ഒമാൻ പൊലീസ് തുടങ്ങി വിവിധ വിഭാഗങ്ങൾ പരേഡിൽ അണി നിരക്കും
പ്രവാസികളുടെ ഇഷ്ടരാജ്യം
വളരെ വലിയ പ്രവാസി സമൂഹം നിലനിൽക്കുന്ന രാഷ്ട്രമാണ് ഒമാൻ. വർഷങ്ങളായി ഒമാനിൽ ജീവിച്ച് ഒമാന്റെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ സമൂഹം. മാതൃരാജ്യത്തിലേതിനേക്കാളും പലരും കൂടുതൽ ജീവിതം ചിലവിട്ടത് ഒമാനിലാണ്. മറ്റേത് രാജ്യത്തേക്കാളും ഒമാൻ നൽകുന്ന സ്വാഗതം ഊഷ്മളമായിതിനാലാണ് തങ്ങൾ ഒമാനിൽ വർഷങ്ങളായി നിലനിൽക്കുന്നതെന്നാണ് പ്രമുഖരായ പ്രവാസികൾ പറയുന്നത്.