ഡോ.കഫീൽ ഖാന് ജാമ്യം കിട്ടിയ കേസിൽ വീണ്ടും എഫ് ഐആർ ഇട്ട് യുപി പൊലീസ്; ഗൂണ്ടാരാജെന്ന് സമർ ഖാൻ
രണ്ടാമതും അറസ്റ്റിലായ ഡോക്ടർ കഫീൽഖാന് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയ കേസിൽ വീണ്ടും എഫ് ഐ ആർ ഇട്ട് ഉത്തർപ്രദേശ് പൊലീസ്. ബഹ്രൈച് ജില്ലാ ആശുപത്രിയിൽ ജാപ്പനീസ് എൻസിഫലൈറ്റിസ് ബാധിതരായ കുഞ്ഞുങ്ങളെ ചികിത്സിക്കുന്നതിനിടയിൽ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യം നൽകിയ അതേ കേസിലാണ് പുതിയ എഫ് ഐ ആർ. ഐപിസി 332,353,452 വകുപ്പുകൾ ആണ് പുതിയ എഫ്‌ഐആറിൽ ഉള്ളത്. ചീഫ് മെഡിക്കൽ ഓഫീസറുടെ അനുമതി നേടിയ ശേഷമാണ് ഡോ.കഫീൽ ബഹ്രൈച്ചിലെ ജില്ലാ ആശുപത്രിയിൽ പോയത്. എന്നാൽ അതൊന്നും കണക്കിലെടുക്കാതെയായിരുന്നു ആശുപത്രിയിൽ ബഹളമുണ്ടാക്കി എന്ന കുറ്റം ചുമത്തി, സിആർപിസി 151 പ്രകാരം ഡോക്റ്ററെ അന്യായ കസ്റ്റഡിയിലെടുത്തത്. ഏതു വകുപ്പാണ് ചുമത്തിയത് എന്നുപോലും കഫീൽ ഖാന്റെ കുടുംബം അറിഞ്ഞത് പിറ്റേ ദിവസത്തെ പത്രത്തിൽ നിന്നാണ്.
ഗോരഖ്ജപുർ ജയിലിൽ ഡോക്ടറെ സന്ദർശിച്ച ഭാര്യ ഷാബിസ്‌തയോട് എല്ലാവരും ആശുപത്രിയിൽ നിന്നുള്ള ആ ലൈവ് വീഡിയോ കാണണമെന്നും അതു കണ്ടാൽ താൻ അവിടെ ആരെയും തടസ്സപ്പെടുത്തിയിട്ടില്ലെന്നു മനസിലാകും എന്നും ഡോക്ട്ർ കഫീൽ ഖാൻ പറഞ്ഞിരുന്നു. ജാമ്യം കിട്ടിയ കേസിൽ വീണ്ടും എഫ് ഐ ആർ ഇട്ട് തടവിൽ നിർത്തുന്ന നടപടി യോഗി ആദിത്യനാഥ്ന്റെ ഗൂണ്ടാരാജ് ആണെന്ന്
കഫീൽ ഖാന്റെ സഹോദരീ ഭർത്താവ് സമർഖാൻ പറയുന്നു. ഇനി കോടതിയിൽ മാത്രമേ ഡോ.കഫീലിന് തന്റെ ഭാഗം വിശദീകരിക്കാൻ കഴിയൂ എന്നും സമർ പറഞ്ഞു