ഉനയിൽ ​​ഗോരക്ഷക ​ഗുണ്ടകളുടെ ആക്രമണത്തിനിരയായ ദലിതർ രാഷ്ട്രപതിയോട് ദയാവധത്തിന് അനുമതി തേടി

By on

ഉനയിൽ ​ഗോരക്ഷക​ഗുണ്ടകളുടെ ആക്രമണത്തിനിരയായ ദളിതർ ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. അക്രമിക്കപ്പെട്ട ദളിത് യുവാക്കളിൽ ഒരാളായ വസ്രം സർവ്വയ്യ ആണ് കത്തയച്ചത്. 2016 ജൂലെെ 11നാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.

“ആക്രമണം നടന്ന ശേഷം അന്നത്തെ ​ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ നിരവധി വാ​ഗ്ദാനങ്ങൾ നൽ‍കിയിരുന്നു. പക്ഷേ അതിൽ ഒന്ന് പോലും പാലിക്കപ്പെട്ടിട്ടില്ല. ആക്രമിക്കപ്പെട്ട ഒാരോരുത്തർക്കും അഞ്ച് ഏക്കർ ഭൂമി നൽകും, അവരുടെ യോ​ഗ്യത അനുസരിച്ചുള്ള സർക്കാർ ജോലി നൽകും, മോട്ട സമധിയലയെ ഒരു വികസിത ​ഗ്രാമമാക്കും എന്നീ വാ​ഗ്ദാനങ്ങളാണ് മുഖ്യമന്ത്രി നൽകിയത്. എന്നാൽ ആക്രമണം നടന്ന് രണ്ട് വർഷവും നാല് മാസവും പിന്നിട്ടപ്പോഴും ഈ വാ​ഗ്ദാനങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ പോലും മുഖ്യമന്ത്രി നടത്തിയിരുന്നില്ല.

ചത്ത പശുവിന്റെ തോലുരിക്കുന്ന തൊഴിൽ ആക്രമിക്കപ്പെട്ട് കഴിഞ്ഞതോടെ ഞങ്ങൾ ഉപേക്ഷിച്ചു. അതിനാൽ ഇപ്പോൾ തൊഴിലില്ലായ്മ നേരിടുകയാണ്. ജീവിക്കാൻ മറ്റ് മാർ​ഗങ്ങളില്ല. ഭാവിയിൽ ഞങ്ങൾ വിശന്ന് മരിക്കാൻ സാധ്യതയുണ്ട്. ഞങ്ങളുടെ പ്രശ്നങ്ങളോട് ഒരു തരത്തിലും ​ഗുജറാത്ത് സർക്കാർ ശ്രദ്ധ നൽകിയിട്ടില്ല.

ഞങ്ങളുടെ കേസ് വെരാവലിൽ ഉള്ള ഒരു കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്കും ഞങ്ങളുടെ സാക്ഷികൾക്കും സായുധ പൊലീസ് സംരക്ഷണം വേണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു എന്നിട്ടും ഞങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നില്ല. പകരം പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങുകയാണ്. അവർ ജാമ്യ നിബന്ധനകൾ ലംഘിച്ചുകൊണ്ട് മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയാണ്. ​ഗവണ്മെന്റ് ഞങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിക്കുന്നതിൽ പരാജയപ്പെട്ടു. ഞങ്ങളുടെ ജീവിതം അത്രയേറെ കഷ്ടത്തിലായിരിക്കുകയാണ്. നമുക്ക് ഇതിൽ കൂടുതൽ ജീവിക്കണമെന്നില്ല, അതിനാൽ ദയാവധത്തിന് അനുമതി തേടുകയാണ്” ” വസ്രം സർവ്വയ്യയുടെ കത്തിൽ പറയുന്നു.

വസ്രം സർവ്വയ്യയുടെ പിതാവ് ബാലു സർവ്വയ്യ, മാതാവ് കുൻവർ, സഹോദരൻ രമേഷ്, അശോക്, ബേചാർ എന്നീ ബന്ധുക്കൾ, കുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ച ദേവർഷി ബാനു എന്നിവരും ആക്രമിക്കപ്പെട്ടിരുന്നു. രമേഷ്, വസ്രം, ബേചാർ, അശോക് എന്നിവരെ പിന്നീട് 25കിലോമീറ്റർ ദൂരം അർധന​ഗ്നരാക്കി കാറിൽ കെട്ടിയിട്ട് കൊണ്ടുപോകുകയും ഉന ടൗണിൽ വെച്ച് മർദ്ദിക്കുകയുമായിരുന്നു. ഉന പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉ​ദ്യോ​ഗസ്ഥരും ഇതിന് സാക്ഷിയായി നിൽക്കുകയായിരുന്നു.

മർദ്ദിക്കുന്ന രം​ഗങ്ങൾ ​ഗോരക്ഷക ​ഗുണ്ടകൾ തന്നെ പകർത്തി സാമൂ​ഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്. ആക്രമണത്തിൽ പ്രതിഷേധമറിയിച്ച് കൊണ്ട് തെരുവിലിറങ്ങിയ ദളിതർക്ക് മേൽ വ്യാജകേസുകൾ ചുമത്തിയിട്ടുണ്ടെന്നും അത്തരം കേസുകൾ കാരണം പലരും വലയുകയാണെന്നും വസ്രം പറയുന്നു

കഴിഞ്ഞ വർഷം നടന്ന ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വസ്രം സർ‌വ്വയ്യ ബഹിഷ്കരിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ ഇതുവരെയും അം​ഗീകരിക്കാത്ത ഒരു വ്യവസ്ഥയ്ക്ക് വോട്ട് നൽകില്ല എന്നായിരുന്നു വസ്രം പറഞ്ഞത്. പീന്നീട് ആയിരക്കണക്കിന് ദളിതരെ സംഘടിപ്പിച്ച് ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചിരുന്നു. ബാബാ സാഹേബ് അംബേദ്കറുടെ പാതയില്‍ തുടരാനാണ് തങ്ങളുടെ തീരുമാനം എന്നാണ് വസ്രം ബുദ്ധമത ആശ്ലേഷണത്തെപ്പറ്റി പറഞ്ഞത്. ഏപ്രില്‍ 29ന് മതാശ്ലേഷണ ചടങ്ങിന് വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ വീണ്ടും ഇവര്‍  ആദ്യ കേസിലെ പ്രതികളാല്‍ ആക്രമിക്കപ്പെട്ടിരുന്നു.

ഉന കേസിൽ ജാമ്യം നേടിയ പ്രതികൾ നവംബർ 8ന് വീണ്ടും നാല് ദളിതരെ ആക്രമിച്ചിരുന്നു. അവർ ചെരിപ്പ് ധരിച്ചു എന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം.


Read More Related Articles