ജയരാജും ബെനിക്‌സും പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് അതിക്രൂര പീഡനം; പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു

By on

ജൂണ്‍ 19നാണ് സാത്താന്‍കുളം പൊലീസ് 59കാരനായ ജയരാജിനെയും മകന്‍ 31 വയസ്സുള്ള  ഇമ്മാനുവേല്‍ ബെനിക്‌സിനെയും അറസ്റ്റ് ചെയ്യുന്നത്. ലോക് ഡൌണ്‍ സമയപരിധി ലംഘിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. നെഞ്ച് വേദനയെ തുടര്‍ന്ന് ബെനിക്‌സ് കോവില്‍പാട്ടി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ വെച്ച് ജൂണ്‍ 22ന് മരിച്ചു, തൊട്ടടുത്ത ദിവസം അതേ ആശുപത്രിയില്‍ പനി ബാധിച്ച് ജയരാജും മരിച്ചു എന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, സാത്താന്‍കുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് രണ്ടുപേരും അതിക്രൂരമായ കസ്റ്റഡി പീഡനത്തിന് ഇരയായതിന് നിരവധി ദൃക്സാക്ഷികളുണ്ട്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ കസ്റ്റഡിയില്‍ സംഭവിച്ചതിനെ കുറിച്ച് പറയരുത് എന്ന് പൊലീസ് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

“ജൂണ്‍ 20ന് രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ അവര്‍ രണ്ടുപേരും കുറഞ്ഞത് ഏഴ് ലുങ്കിയെങ്കിലും മാറ്റിയിരുന്നു. മലദ്വാരത്തില്‍ നിന്നുള്ള ചോരയില്‍ കുതിര്‍ന്നത് കൊണ്ട് അവര്‍ക്ക് തുടര്‍ച്ചയായി ലുങ്കി മാറ്റേണ്ടിവന്നിരുന്നു.” ബെനിക്‌സിന്റെ സുഹൃത്ത് രാജ്കുമാര്‍ പറഞ്ഞതായി ദ ഫെഡറലിന്റെ പ്രഭാകരന്‍ തമിളരശു റിപ്പോര്‍ട് ചെയ്യുന്നു.

സാത്താന്‍കുളത്തെ ജില്ലാ ആശുപത്രിയിലേക്ക് ഇവരെ മാറ്റുന്നത് വരെ രണ്ടുപേരും പൊലീസ് കസ്റ്റഡിയില്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി മനസ്സിലായിരുന്നില്ലെന്നും സുഹൃത്ത് പറയുന്നു. അവര്‍ സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് വന്നത് കീറിയ വസ്ത്രങ്ങള്‍ ധരിച്ചാണെന്നും അവ ചോരയില്‍ കുതിര്‍ന്നിരുന്നു എന്നും സുഹൃത്ത് ഓര്‍ത്തെടുക്കുന്നു. “മലദ്വാരത്തില്‍ കഠിനമായ വേദനയുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു, ഞങ്ങളവര്‍ക്ക് മാറാന്‍ ലുങ്കികള്‍ കൊടുത്തു. വേദനിക്കാതിരിക്കാന്‍ വേണ്ടി കാറിന്റെ സീറ്റില്‍ കോട്ടണ്‍ തുണി കട്ടിയില്‍ മടക്കിവെച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അവര്‍ ഉടുത്ത ലുങ്കിയും ചോരയില്‍ കുതിര്‍ന്നു. ആശുപത്രിയില്‍ കയറുംമുമ്പ് വീണ്ടും മാറ്റാന്‍ ലുങ്കികള്‍ കൊടുത്തു.” രാജ്കുമാര്‍ പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് കൂടെ പോയ അഭിഭാഷകന്‍ മണിമാരന്‍ പറയുന്നത് ജയരാജിന്റെയും ബെനിക്‌സിന്റെയും രക്തസമ്മര്‍ദ്ദം 192, 184 എന്നിങ്ങനെയായിരുന്നു എന്നാണ്.
രക്തസമ്മര്‍ദ്ദം പരിശോധിച്ച ഡോക്ടര്‍ അവര്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. സമ്മര്‍ദ്ദം കുറക്കാനുള്ള മരുന്ന് നല്‍കി. ബ്ലീഡിങ് നില്‍ക്കാനുള്ള എന്തെങ്കിലും മരുന്ന് നല്‍കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ബ്ലീഡിങ് താനെ നിന്നുകൊള്ളും എന്നായിരുന്നു അവരുടെ മറുപടി എന്നും അഭിഭാഷകന്‍ മണിമാരന്‍ പറയുന്നു.

പല തവണ പരിശോധന നടത്തിയെങ്കിലും രക്തസമ്മര്‍ദ്ദം കുറയാതെയായപ്പോള്‍ സാത്താന്‍കുളം സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ ഡോക്ടര്‍മാരോട് ജയരാജിനും ബെനിക്‌സിനും പ്രശ്‌നങ്ങളൊന്നുമില്ല എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടതായും രാജ്കുമാര്‍ ആരോപിക്കുന്നു.

ആശുപത്രിയില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം പൊലീസ് രണ്ടുപേരെയും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശരവണന്റെ വീട്ടിലേക്ക് കൊണ്ടുപോയി. സംഭവിച്ചതെല്ലാം മജിസ്‌ട്രേറ്റിനോട് തുറന്നുപറയണമെന്ന് പറഞ്ഞിരുന്നു എന്നാല്‍ “എല്ലാം പറഞ്ഞാല്‍ നിന്റെ ജീവിതം നശിപ്പിക്കും” എന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതില്‍ ബെനിക്‌സിന് ഭയമുണ്ടായിരുന്നു. ബെനിക്‌സിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പൊലീസ് ഉദ്യോഗസ്ഥര്‍ അച്ഛനെയും മകനെയും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു എന്നും സുഹൃത്ത് രാജ്കുമാര്‍ പറയുന്നു.

ജൂണ്‍ 18ന് സാത്താന്‍കുളത്തെ കടയുടമകള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയിലാണ് പീഡനത്തിന്റെ തുടക്കം. അതിനിടയില്‍ ഒരാള്‍ പൊലീസിനോട് സംസാരിക്കുകയും അത് ജയരാജ് ആയിരുന്നു എന്ന സംശയത്തില്‍ പൊലീസ് ജയരാജിനെ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അതേപ്പറ്റി അന്വേഷിക്കാന്‍ ബെനിക്‌സും പൊലീസ് സ്റ്റേഷനിലേക്ക് പോകുകയുമായിരുന്നു എന്ന് പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ബെന്നിക്‌സിന്റെ മറ്റൊരു സുഹൃത്ത് രാജ പറയുന്നു.

“അച്ഛനുമേല്‍ നടന്ന പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്തതിന് പൊലീസ് ബെനിക്‌സിനെ കോളറിനുപിടിച്ച് മുഖം ചുവരില്‍ ഇടിക്കുകയായിരുന്നു. ഒരു സബ് ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെ അഞ്ചോളം പൊലീസ് ഉദ്യോഗസ്ഥര്‍ ബെന്നിക്‌സിനെ ഞങ്ങള്‍ക്ക് മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.” ബെനിക്‌സിന്റെ മറ്റൊരു സുഹൃത്ത് രവി പറയുന്നു. തുടര്‍ന്ന് രവിയെയും മണിമാരനെയും പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്താക്കി. രാത്രി ഏഴ് മണി മുതല്‍ പത്തുമണി വരെ ഇവര്‍ ജയരാജിന്റെയും ബെനിക്‌സിന്റെയും അലര്‍ച്ചകളും നിലവിളിയും കേട്ടിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാത്രി പതിനൊന്നുമണിയോടെ സ്‌റ്റേഷന്റെ അകത്ത് കടന്ന രവി പറയുന്നത് നഗ്നനായി, ചോരപുതഞ്ഞ് നില്‍ക്കുന്ന ബെനിക്‌സിനെ കണ്ടു എന്നാണ്. പിന്നീട് ജൂണ്‍ 20നാണ് ഇവര്‍ക്ക് ജയരാജിനെയും ബെനിക്‌സിനെയും കാണാന്‍ കഴിഞ്ഞത്. രാത്രി മുഴുവനും രണ്ടുപേരും സഹായത്തിനായി കരഞ്ഞിരുന്നു എന്നും പൊലീസ് സ്റ്റേഷന്റെ അഞ്ഞൂറുമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അത് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു എന്നുമാണ് രവി പറയുന്നത്.

ജൂണ്‍ 24ന് ഓട്ടോപ്‌സിക്ക് മുമ്പായി ഇവരുടെ ശരീരങ്ങള്‍ കണ്ട ബെനിക്‌സിന്റെ സഹോദരി പേഴ്‌സിസ് പറഞ്ഞത് “അവരുടെ ശരീരത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല” എന്നാണ്. “ഒരു സ്ത്രീയും ബെനിക്‌സിന്റെ മുതിര്‍ന്ന സഹോദരിയും ആയതിനാല്‍ കണ്ടതെല്ലാം വിവരിക്കാന്‍ എനിക്ക് കഴിയില്ല. അവര്‍ അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. ഞാന്‍ എന്റെ അമ്മയോട് പോലും ഇത് പറഞ്ഞിട്ടില്ല. നമുക്ക് നീതി വേണം. ഇത് മറ്റൊരു കുടുംബത്തിന് സംഭവിക്കരുത്. ഒരു സാധാരണക്കാരനാണ് ഇതു ചെയ്തിരുന്നതെങ്കില്‍ ഇങ്ങനെയാണോ സംഭവിക്കുക?” പേഴ്‌സിസ് ചോദിക്കുന്നു. കസ്റ്റഡി മര്‍ദ്ദനത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇരട്ട കൊലപാതക കേസ് ഫയല്‍ ചെയ്യണമെന്നും പേഴ്‌സിസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കൊലപാതകത്തെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ശ്രീധറിനെയും സബ് ഇന്‍സ്‌പെക്ടര്‍മാരായ ബാലകൃഷ്ണനെയും രഘു ഗണേഷിനെയും പൊലീസ് കോണ്‍സ്റ്റബിള്‍മാരായ മുരുഗനെയും മുത്തുരാജിനെയും സസ്‌പെന്‍ഡ് ചെയ്തു.

പ്രമേഹ രോഗിയും രക്താതിസമ്മര്‍ദ്ദവുമുള്ള ആളാണ് അഞ്ചത്തിയെട്ടുകാരനായ ജയരാജ്. രണ്ടുപേരുടെയും പിന്‍ഭാഗത്ത് മര്‍ദ്ദനമേറ്റതിന് തെളിവായി നിരവധി മുറിവുകള്‍ ഉള്ളതായും ബെനിക്‌സ് രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായും ആശുപത്രി രേഖകളില്‍ പറയുന്നു. ബെന്നിക്‌സിന്റെ വലതു കാല്‍ മുട്ട് തകര്‍ന്നിരുന്നതായും പിറ്റേദിവസം എക്‌സ് റേ എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.

കോവില്‍പട്ടി സബ് ജയിലിലെ അഡ്മിഷന്‍ രേഖകളിലും രക്തസ്രാവവും പരിക്കുകളും രേഖപ്പെടുത്തിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെനിക്‌സിന്റെ സുഹൃത്തുക്കളും സഹോദരിയും വെളിപ്പെടുത്തിയ സാക്ഷിമൊഴികളോട് ചേരുന്നതാണ് ജയില്‍, ആശുപത്രി രേഖകളിലെ വിവരങ്ങളും.

സബ് ഇന്‍സ്പെക്ടര്‍മാരായ ബാലകൃഷ്ണനും രഘു ഗണേഷും

സബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണനും രഘു ഗണേഷും മുമ്പും നിരവധി കസ്റ്റഡി പീഡന കേസുകളില്‍ കുറ്റാരോപിതരാണ് എന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്കെതിരെയുള്ള ചില പരാതികള്‍ പിന്‍വലിക്കാന്‍ പരാതിക്കാരെ സമീപിക്കുകയും ചെയ്തിരുന്നു. സാത്താന്‍കുളത്തെ പാസ്റ്റര്‍ ലസാറസും മറ്റു പത്തുപേരും 2020 ഫെബ്രുവരിയില്‍ സാത്താന്‍കുളം പൊലീസ് സ്റ്റേഷനില്‍ ക്രൂരമായ പീഡനത്തിന് ഇരയായിരുന്നു. രഘു ഗണേഷ് ശാരീരികമായി പീഡിപ്പിച്ചപ്പോള്‍ ബാലകൃഷ്ണന്‍ അധിക്ഷേപിക്കുകയായിരുന്നു എന്നും പാസ്റ്റര്‍ ലസാറസ് പറയുന്നു.

ജയരാജിനും ബെന്നിക്‌സിനും നീതി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധങ്ങള്‍ ശക്തമായി തുടരുകയാണ്. കൊലപാതകം നടന്ന് ഇത്രയും ദിവസങ്ങളായിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാത്തത് എന്ന് തൂത്തുക്കുടി എംപി കനിമൊഴി ചോദിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളെ ലംഘിക്കുകയാണ് മുഖ്യമന്ത്രി മൗനം തുടരുന്നത് എന്നും കനിമെഴി പറയുന്നു. പൊലീസ് സ്റ്റേഷനകത്ത് നടക്കുന്ന കസ്റ്റഡി പീഡനങ്ങളില്‍ അതേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ കുറ്റാരോപിതരാകുമ്പോള്‍ കേസില്‍ സ്വതന്ത്ര അന്വേഷണം ഉണ്ടാകേണ്ടതുണ്ട് എന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാര്‍ഗരേഖയില്‍ ഉണ്ട്. കൊലപാതകികളായ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടല്ല, അവരെ ശിക്ഷിച്ചുകൊണ്ടായിരിക്കണം നടപടി ഉണ്ടാകേണ്ടത് എന്ന് ജെഎന്‍യുവിലെ ദളിത് ബഹുജന്‍ വിദ്യാര്‍ത്ഥി സംഘടന ബാപ്‌സ ആവശ്യപ്പെട്ടു.

കേസ് സിബിഐ അന്വേഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി മാധ്യമങ്ങളെ അറിയിച്ചു.


Read More Related Articles