കശ്മീരിൽ 1,80,000 സൈനികരെക്കൂടി വിന്യസിപ്പിച്ച് കേന്ദ്രം; യുദ്ധസമാനമായ സാഹചര്യം
കശ്മീരിൽ വീണ്ടും ഒരു ലക്ഷത്തിലേറെ സെെനികരെ വിന്യസിപ്പിച്ച് കേന്ദ്ര സർക്കാർ. യുദ്ധസമാന സാഹചര്യങ്ങൾ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിന് മുന്നോടിയെന്നാണ് കശ്മീരിലെ മാധ്യമങ്ങളും സമൂഹമാധ്യങ്ങളും പ്രകടിപ്പിക്കുന്ന ആശങ്ക. അമർനാഥ് തീർത്ഥാടകരോടും വിദേശ സഞ്ചാരികളോടും എത്രയും പെട്ടെന്ന് കശ്മീരിൽ നിന്നും തിരിച്ച് പോകാൻ അറിയിപ്പ് നൽകിയതാണ് കശ്മീരിനെ ഭീതിയിലാഴ്ത്തിയ മറ്റൊരു കാരണം. തങ്ങളോട് സെെനിക ഉദ്യോഗസ്ഥർ തിരിച്ചുപോകാൻ പറഞ്ഞതായി വിദേശ സഞ്ചാരികൾ പറയുന്നു. അമർനാഥ് തീർത്ഥാടകരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ പാകിസ്ഥാനിൽ നിന്നും തീവ്രവാദ ആക്രമണ ഭീഷണികൾ നിലവിലുണ്ട് എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ഓഗസ്റ്റ് 2ന് സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു.
എല്ലാ ജില്ലാ ഓഫീസർമാരോടും സബ് ഡിവിഷണൽ മജിസ്ട്രേറ്റ്മാരോടും തെഹ്സിൽദാർമാരോടും സെക്ടറൽ ഓഫീസ്ർമാരോടും മുന്നറിയിപ്പില്ലാതെ സ്വന്തം പരിധിവിട്ട് പോകരുതെന്നും ഉദ്യോഗസ്ഥർ ആരും തന്നെ തങ്ങളുടെ മൊബെെൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വെക്കരുതെന്നും കാർഗിൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ഉണ്ട്. ഇന്നലെയാണ് കാർഗിലിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്.
ഇന്ന് ഒഡിഷയിൽ ക്വിക് റിയാക്ഷൻ സർഫസ് റ്റു എയർ മിസെെൽ പരീക്ഷണം നടത്തിയതായി ഗ്രേറ്റർ കശ്മീർ റിപ്പോർട്ട് ചെയ്യുന്നു. എയർക്രാഫ്റ്റ് റഡാറുകൾ കാരണമുണ്ടാകുന്ന ജാമിങ് പ്രതിരോധിക്കാനുള്ള സാങ്കേതികതയുള്ള മിസെെലാണ് ഇന്ത്യൻ ആർമി പരീക്ഷിച്ചത്.
1947 മുതൽ ഇന്ത്യ ആഗ്രഹിക്കുന്നത് ഉടൻ സംഭവിക്കുമെന്നും കശ്മീരിന് പരമാധികാര പദവി നൽകുന്ന ആർട്ടിക്കിൾ 370 ഉടൻ റദ്ദാക്കപ്പെടുമെന്നും ബാബാ രാംദേവ് പറഞ്ഞത്
ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. തനിക്ക് അമിത് ഷായിൽ പ്രതീക്ഷയുണ്ടെന്നും രാംദേവ് പറഞ്ഞു.
നാഷണൽ കോൺഫറൻസ്, പിഡിപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഇന്ന് വെെകുന്നേരം ആറുമണിക്ക് കശ്മീരിലെ സമകാലിക അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേരും. രാഷ്ട്രീയ യോഗം ചേരുന്നതിന് ഹോട്ടൽ ബുക് ചെയ്യാൻ കഴിയാത്തതിനാൽ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ വീട്ടിലാണ് യോഗം നടക്കുക. ആർട്ടിക്കിൾ 35എയും ആർട്ടിക്കിൾ 370ഉം കൊണ്ട് കളിച്ചാൽ ഇന്ത്യ നേരിടാൻ പോകുന്നത് എന്താണെന്ന് ഇന്ത്യയെയും ഇന്ത്യൻ ഭരണകൂടത്തെയും ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു എന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു.
റോഡുകളിൽ നിലനിൽക്കുന്ന ശാന്തത അസ്വസ്ഥപ്പെടുത്തുന്നതാണ്. ഞായറാഴ്ചയായിട്ടും അതിന്റെ തിരക്കുകളൊന്നും എവിടെയും കാണാനില്ല. ഈദ് അടുക്കുകയാണ് എന്നിട്ടും എവിടെയും മാർക്കറ്റുകളിൽ തിരക്കില്ല. വളരെ മോശമായതെന്തോ സംഭവിക്കാൻ പോകുന്നു എന്നാണ് നമുക്കെല്ലാവർക്കും തോന്നുന്നത്.” – കശ്മീരി ഫെമിനിസ്റ്റ് എഴുത്തുകാരി എസ്സാർ ബതൂൽ ഫേസ്ബുക്കിൽ എഴുതി.
കശ്മീരി മാധ്യമപ്രവർത്തക സന ഫാസ്ലി ഫേസ്ബുക്കിൽ എഴുതുന്നു, ”കശ്മീരിൽ എന്താണ് സംഭവിക്കുന്നത് എന്ന് എന്നോട് ചോദിക്കുന്ന അല്ലാത്ത ഓരോരുത്തരും അറിയാൻ, എനിക്കറിയില്ല, എന്റെ സുഹൃത്തുക്കൾക്ക് അറിയില്ല, എന്റെ കുടുംബത്തിന് അറിയില്ല, മെഹ്ബൂബയ്ക്ക് അറിയില്ല, ഗീലാനിക്ക് അറിയില്ല, ഗവർണർക്ക് അറിയില്ല, ഫറൂഖ് അബ്ദുല്ലയ്ക്ക് അറിയില്ല. നിങ്ങളുടെ പരമോന്നത നേതാവിനോടും അയാളുടെ ഡെപ്യൂട്ടിയോടും ചോദിക്കൂ, ചിലപ്പോൾ അറിയാൻ കഴിഞ്ഞേക്കും. ഇനി അറിഞ്ഞാൽ ഞങ്ങളെയും അറിയിക്കൂ, നന്ദി”.
ഓഗസ്റ്റ് രണ്ടാം തീയ്യതി നടന്ന ഇന്ത്യൻ ആർമിയുടെയും സിആർപിഎഫിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത വാർത്താ സമ്മേളനത്തിൽ ജമ്മു കശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങളും അമർനാഥ് യാത്രികർക്ക് നേരെയുള്ള പാകിസ്ഥാന്റെ തീവ്രവാദ ആക്രമണ ഭീഷണിയും ചൂണ്ടിക്കാട്ടി വീണ്ടും സെെന്യത്തെ വിന്യസിപ്പിച്ചതോടെയാണ് ജമ്മു കശ്മീരിൽ അവ്യക്തമായ ഈ രാഷ്ട്രീയ സാഹചര്യം ഉടലെടുക്കുന്നത്. ജമ്മു കശ്മീരിന്റെ പരമാധികാരം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 370, കശ്മീർ സ്വദേശികൾക്ക് പ്രത്യേക അവകാശങ്ങളും അധികാരങ്ങളും ഉറപ്പാക്കുന്ന രീതിയിൽ കശ്മീരി എന്ന സ്വത്വത്തെ നിർവ്വചിക്കാൻ ജമ്മു കശ്മീർ നിയമസഭയ്ക്ക് അധികാരം നൽകുന്ന ആർട്ടിക്കിൽ 35 എ എന്നിവയ്ക്ക് മേൽ ദീർഘകാലമായി ഇന്ത്യൻ ഭരണകൂടം ഉയർത്തുന്ന ഭീഷണിയും സജീവമായിരിക്കുകയാണ്. 1,80,000 സെെനികരെയാണ് കഴിഞ്ഞ എട്ടുദിവസങ്ങളിലായി കശ്മീരിലേക്ക് വിന്യസിച്ചിട്ടുള്ളതെന്ന് ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദ ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സുരക്ഷാ ഉപദേശകൻ അജിത് ഡോവലിനും ഒഴികെ മറ്റാർക്കും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെന്നും 350ൽ കുറയാത്ത സെൽഫോണുകളും പ്രത്യേകമായി സജ്ജീകരിച്ച സാറ്റലെെറ്റ് ഫോണുകളും അല്ലാത്ത ഫോണുകളൊന്നും പ്രവർത്തിക്കില്ലെന്നും സെെനിക, പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ പറഞ്ഞതായി ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ജമ്മു കശ്മീരിനെ മൂന്നായി വിഭജിക്കാനുള്ള പദ്ധതിയാണ് ഒരുക്കുന്നതെന്നും പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള ഒരുക്കമാണിതെന്നും ഊഹങ്ങളും വാദങ്ങളും നിലനിൽക്കുന്നു.
ഇതിനിടെ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്താനുള്ള ജമ്മു കശ്മീർ റിസർവേഷൻ ബിൽ അമിത് ഷാ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും.
കശ്മീരില്‍ എന്ത് സംഭവിക്കുന്നുണ്ടെങ്കിലും ഭരണാധികാരികള്‍ ഒരു സര്‍ക്കുലര്‍ പുറത്തിറക്കുന്നതിന്‍റെ കാരണമടക്കം അറിയാനുള്ള അവകാശം കശ്മീരിന്‍റെ മണ്ണില്‍ ജീവിക്കുന്നവര്‍ക്ക് ഉണ്ട് എന്ന് കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടുള്ള ലെെവില്‍ കശ്മീര്‍ ന്യൂസ് ട്രസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.