ജേണലിസം വിദ്യാർത്ഥിനിയെ കസ്റ്റഡിയിൽ എടുത്തത് സംശയത്തിന്റെ പേരിൽ; 6 മണിക്കൂർ സ്റ്റേഷനിൽ വച്ചത് പുസ്തകത്തിന്റെ പേരിൽ-പ്രതികരിച്ച് ഷബാന
കൽപ്പറ്റ സർക്കാർ കോളജിലെ ജേണലിസം വിദ്യാർത്ഥിനി ഷബാനയെ പൊലീസ് കസ്റ്റഡിയിലെടുത്തത് സംശയത്തിന്റെ പേരിൽ. ആറു മണിക്കൂറോളം കസ്റ്റഡിയിൽ വച്ചത് ആർ കെ ബിജുരാജ് എഴുതിയ നക്സൽ ദിനങ്ങൾ എന്ന പുസ്തകം കൈയ്യിലുണ്ടായിരുന്നതിന്. ഷബാനയെ പൊലീസ് രണ്ടുപേരുടെ ആൾ ജാമ്യത്തിൽ വിട്ടയച്ചു. ഒരാളെ കാണുമ്പോൾ പൊലീസിന് എങ്ങനെയാണ് സംശയം തോന്നുന്നത് എന്ന് ഷബാന സംഭവത്തോട് പ്രതികരിച്ചുകൊണ്ട് കീബോഡ് ജേണലിനോട് പറഞ്ഞു. വെരിഫിക്കേഷന് വേണ്ടി എന്ന് പറഞ്ഞാണ് ഷബാനയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നായിരുന്നു മറുപടി.
തന്നെ കസ്റ്റഡിയിൽ എടുത്ത നടപടിയെക്കുറിച്ച് ഷബാന കീബോഡ് ജേണലിനോട് പറയുന്നത് ഇങ്ങനെ.
”രാവിലെ 10.45ഓടെ സുഹൃത്തിനെ കാണാൻ പുറത്തിറങ്ങിയതായിരുന്നു. രാഹുൽ ഗാന്ധിയുടെ സ്ക്വാഡ് ഉണ്ടായിരുന്നതുകൊണ്ട് സംശയാസ്പദമായ രീതിയിൽ കണ്ടതുകൊണ്ട് വെരിഫെെ ചെയ്യാൻ വിളിക്കുകയായിരുന്നു എന്താണ് സംശയാസ്പദം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഹോസ്റ്റലിന്റെ മുന്നിലായിരുന്നു ഉണ്ടായിരുന്നത്. വെരിഫെെ ചെയ്യാൻ വേണ്ടിയാണ് എന്ന് പറഞ്ഞ് വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു.
ഞാനൊരു ജേണലിസം സ്റ്റുഡന്റാണ്. മാനന്തവാടിയിൽ ബെർണാഡ് ഡിമെല്ലോ എന്ന മാധ്യമപ്രവർത്തകൻ സംസാരിച്ച സെമിനാറിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. ആദിവാസി ചരിത്രം പറയുന്ന സെമിനാറായിരുന്നു. എന്റെ കയ്യിൽ ആർകെ ബിജുരാജിന്റെ നക്സൽ ദിനങ്ങൾ എന്ന പുസ്തകമുണ്ടായിരുന്നു. 10.45 മുതൽ 4മണി വരെ എന്നെ കസ്റ്റഡിയിൽ വെച്ചു. രണ്ട് പൊതുപ്രവർത്തകരുടെ ആൾജാമ്യത്തിലാണ് എന്നെ വിട്ടയച്ചത്. ‘ഞാൻ മാവോയിസ്റ്റാണ്, രാഹുൽ ഗാന്ധിക്ക് വധ ഭീഷണി ഉണ്ടായിരുന്നതുകൊണ്ടാണ് അറസ്റ്റ് ചെയ്തത്’ എന്നാണ് പറയുന്നത്.
കൽപറ്റ എൻഎസ്എസ് ഹോസ്റ്റലിന് മുന്നിൽ എന്ത് സംശയാസ്പദമായ രീതിയിലാണ് കണ്ടത് എന്ന് അറിയില്ല. നക്സൽ ദിനങ്ങൾ നിരോധിച്ച പുസ്തകമല്ല. കമ്യൂണിസം പറയുന്ന പുസ്തകമാണത്. മോദി ഗവണ്മെന്റിൽ നിന്ന് ജനങ്ങളെ രക്ഷിക്കാം എന്നാണല്ലോ രാഹുൽ ഗാന്ധി പറയുന്നത്. റോഡിലൂടെ പോകുന്ന സാധാരണക്കാരായ ആളുകളെ കസ്റ്റഡിയിലെടുക്കുകയാണെങ്കിൽ എന്ത് സുരക്ഷയാണ് രാഹുൽ പ്രധാനമന്ത്രിയായാൽ വാഗ്ദാനം ചെയ്യുന്നത്? വയനാട്ടിൽ രാഹുലിന് വധഭീഷണി ഉണ്ടെന്ന് പറയുന്നു എന്ത് ഭീഷണിയാണ് എന്നെനിക്ക് അറിയില്ല. വയനാട്ടിൽ മത്സരിച്ചാലും വയനാടിന്റെ സ്പന്ദനം അയാൾക്ക് അറിയാൻ പറ്റില്ല, വയനാടിന്റെ ആവശ്യം എന്താണ് എന്ന് അറിയാൻ പറ്റില്ല. ദൂരയാത്ര പോകുന്നവരൊക്കെ കുടുങ്ങിക്കിടന്നു ഇവിടെ. ട്രാഫിക് ഒക്കെ നോർമൽ ആകുന്നത് ഇപ്പോഴാണ്. ഞാൻ രാവിലെ ഒരു ഓട്ടോയിൽ കയറി, ഓട്ടോ സ്റ്റക്ക് ആയപ്പോൾ ഇറങ്ങി നടന്നതാണ്. വെരിഫിക്കേഷന് ഇത്രയൊന്നും സമയമെടുക്കരുത്, പരിശോധന കഴിഞ്ഞയുടൻ വിട്ടയക്കണം, അതാണ് ചെയ്യേണ്ടത്.”