
ആവശ്യം വന്നാൽ രാമക്ഷേത്രം പണിയുമെന്ന് ആർഎസ്എസ്; പള്ളി തകർത്തതു പോലെ ക്ഷേത്രവും നിർമ്മിക്കുമെന്ന് സൂചിപ്പിച്ച് ഭയ്യാജി ജോഷി
അയോധ്യ കേസിലെ വിധി ജനുവരിയിലേക്ക് മാറ്റിവച്ച സുപ്രീംകോടതിയുടെ തീരുമാനത്തോട് അമർഷം പ്രകടിപ്പിച്ച് വേണ്ടിവന്നാൽ ക്ഷേത്രം പണിയുമെന്ന് ആർ എസ് എസ് നേതാവ് ഭയ്യാജി ജോഷി. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ ആർ എസ് എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആർ എസ് എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി വേണ്ടി വന്നാൽ ക്ഷേത്രം നിർമ്മിക്കുമെന്ന പ്രസ്താവന നടത്തിയത്. 1992 ലെ ആയോധ്യാ പ്രക്ഷോഭം സംഘടിപ്പിച്ച് ബാബറി മസ്ജിദ് തകർത്തത് പോലെ രാമക്ഷേത്രം ആർ എസ് എസ് തന്നെ നിർമ്മിക്കുമെന്ന സൂചനയുള്ള പ്രസ്താവന ഭയ്യാജി ജോഷി നടത്തിയത്. അയോധ്യ കേസിൽ ദീപാവലിക്ക് മുൻപ് സുപ്രീംകോടതിയിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത് എന്നും ഭയ്യാജി ജോഷി ദില്ലിയിൽ പറഞ്ഞു. ഒരു സമൂഹത്തിന്റെ വികാരം ഉൾപ്പെടുന്ന വിഷയത്തിന് ആദ്യ പരിഗണന നൽകാതെ ഏത് വിഷയമാണ് സുപ്രീം കോടതി പരിഗണിക്കുക? ഭയ്യാജി ജോഷി ചോദിച്ചു. ഓർഡിനൻസിലൂടെ കേന്ദ്ര സർക്കാരിന് രാമക്ഷേത്രം നിർമ്മിച്ച് കൂടെ എന്ന ചോദ്യത്തിന് ആവശ്യം ഉന്നയിക്കുന്നവർ ഉന്നയിക്കട്ടെ ഓർഡിനൻസ് വേണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് ഭയ്യാജി ജോഷി മറുപടി പറഞ്ഞു.