പഴ്സ് മോഷ്ടിച്ചയാളെ പിന്തുടർന്ന് കേരള എക്സ്പ്രസിൽ നിന്ന് വീണ യുവതി സുരക്ഷിതയെന്ന് ബന്ധുക്കൾ; സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ റെയിൽവേ പരാജയമെന്ന് യാത്രക്കാർ

By on

ദില്ലിയിൽ നിന്നും കേരളത്തിലേക്കുള്ള കേരള എക്സ്പ്രസിൽ ജനുവരി 29 പുലർച്ചെ രണ്ടരയോടെയാണ് സൈഡ് ലോവർബെർത്തിൽ ഉറങ്ങിക്കൊണ്ടിരുന്ന യുവതിയുടെ പഴ്സ് ഒരാൾ തട്ടിയെടുത്ത് നടന്ന് പോയത്. ഇതറിഞ്ഞ യുവതി ഓടിച്ചെന്ന് പേഴ്‌സ് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. കമ്പാർട്ട്മെന്‍റിലെ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ഉറങ്ങാതിരുന്ന ചില യാത്രക്കാരാണ് മങ്ങിയ വെളിച്ചത്തിൽ സംഭവം കണ്ടത്. സംഭവം എന്താണെന്ന് മനസിലാക്കുന്നതിന് മുൻപ് മോഷ്ടാവും പിന്നാലെ ഓടിയ യുവതി വാതിലനടുത്ത് എത്തിയിരുന്നുവെന്ന് അവർ സംഭവത്തെക്കുറിച്ച് അന്വേഷിച്ച മലയാളി യാത്രക്കാരൻ ജവാദിനോട് പറഞ്ഞു. ജവാദാണ് സംഭവം കേരളത്തിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചത്. യുവതിയും മോഷ്ടാവും തമ്മിൽ കംപാർട്ട്മെന്‍റിന്‍റെ വാതിലിന് അടുത്ത് വച്ച് പിടിവലിയുണ്ടായി.പിടിവലിക്കൊടുവിൽ വണ്ടിയിൽ നിന്ന് മോഷ്ടാവ് പുറത്തേക്ക് എടുത്തുചാടി. അയാളുടെ കയ്യിൽ ബലമായി പിടിച്ചിരുന്ന യുവതിയും പുറത്തേക്കു വീണു.
വീഴ്ചയിൽ യുവതി കരയുന്നതിന്‍റെ ശബ്ദം കേട്ടാണ് പലരും ഉണർന്നത്. പലരും ചങ്ങല അന്വേഷിച്ചെങ്കിലും പുതിയ കോച്ചുകളായതിനാൽ അത് പതിവ് ഇടങ്ങളിൽ കണ്ടെത്താനായില്ല. ചങ്ങലക്ക് പകരം താഴേക്ക് വലിക്കുന്ന ചതുരാകൃതിയായ പുതിയ സംവിധാനം ഓരോ ബെർത്തിനും സമീപത്തുണ്ടായിരുന്നുവെങ്കിലും അത് വലിക്കാൻ‌ ശ്രമിച്ചെങ്കിലും പ്രവർത്തിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു. അരമണിക്കൂറിന് ശേഷമാണ് വണ്ടിനിന്നത്. അപ്പോഴേയ്ക്കും അൻ‌പത് കിലോമീറ്ററോളം വണ്ടി നീങ്ങിയിരുന്നു. യുവതി വീണത് നൂറുകണക്കിന് കിലോമീറ്ററോളം ഇറ്റാർസിയ്ക്കും നാ​ഗ്പൂരിനും ജനവാസമില്ലാത്ത ഇടയിലാണ്. തണുപ്പ് 5 ഡിഗ്രിക്കും 10 ഡിഗ്രിക്കും ഇടയിലായിരുന്നു. പൊലീസോ ​ഗാർഡോ ഇല്ലാതെ എഞ്ചിൻ ഡ്രൈവർമാരിൽ ഒരാളാണ് ആദ്യം വന്നത്. പിന്നീട് ഏറെക്കഴിഞ്ഞ് റ്റി റ്റി ഇ വന്നുവെങ്കിലും പൊലീസിനെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് അറിയിച്ചു. തുടർന്ന് റ്റി റ്റി ഇ നടത്തിയ പരിശോധനയിലാണ് യുവതി 26 വയസുള്ള മലയാളിയാണെന്ന് മനസിലായത്. പാലക്കാടേയ്ക്കാണ് റ്റിക്കറ്റ് ബുക് ചെയ്തിരുന്നത്.
പിന്നീട്, കംപാർട്ട്മെന്‍റില്‍ ഉണ്ടായിരുന്ന മലയാളി യാത്രക്കാർ അടക്കം നടത്തിയ തിരച്ചിലിൽ യുവതിയുടെ ബാ​ഗ് കണ്ടെത്തി. ബാ​ഗിൽ നിന്നും വിലാസം അടങ്ങുന്ന രേഖയും ഫോണും ലഭിച്ചു. ഫോൺ ചാർജ് ചെയ്ത് ഓൺ ആക്കിയിയെങ്കിലും ലോക്ക് തുറക്കാൻ കഴിഞ്ഞില്ല. പിന്നീട് ബാ​ഗിൽ നിന്നും ലഭിച്ച ഡയറിയിൽ കണ്ട നമ്പറിൽ വിളിച്ച്  ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു എന്ന് യാത്രക്കാർ അറിയിച്ചു.
യുവതി നാ​ഗ്പുരിൽ ആർപിഎഫ് ഓഫിസിൽ ഉണ്ടെന്നും സുരക്ഷിതയാണെന്നും ജനുവരി 30 ന് കേരളത്തിലേക്ക് തിരിക്കുമെന്നും ബന്ധു കീബോഡ് ജേണലിനോട് പറഞ്ഞു. കേരളത്തിന് പുറത്ത് യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി റെയിൽവേ ഒരു കരുതലും സ്വീകരിക്കുന്നില്ല എന്നതിന്‍റെ തെളിവായാണ് ഈ സംഭവത്തെ ട്രെയിൻ യാത്രക്കാർ കാണുന്നത്. ഒരു അപകടം ഉണ്ടായി വിവരം അറിയിച്ചിട്ടും കൃത്യമായി ഒരു സംവിധാനവും പ്രവർത്തിച്ചില്ല എന്നതും സംഭവത്തെക്കുറിച്ചുള്ള ഞെട്ടൽ വിട്ടുമാറാതെ സഹയാത്രികർ ചൂണ്ടിക്കാട്ടുന്നു.


Read More Related Articles