അയോധ്യയിൽ നൂറുമീറ്റർ ഉയരമുള്ള രാമപ്രതിമ നിർമ്മിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ
അയോധ്യയിൽ സരയൂ നദീതീരത്ത് നൂറുമീറ്റർ ഉയരമുള്ള രാമപ്രതിമ നിർമ്മിക്കാനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 300 കോടി രൂപയാണ് രാമന്റെ പിച്ചള പ്രതിമ നിർമ്മിക്കുവാനായി വകയിരുത്തിയിരിക്കുന്നത്. 36 മീറ്റർ ഉയരമുള്ള പീഠവും മ്യൂസിയവുമാണ് പ്രതിമയ്ക്ക് ഉണ്ടാകുക. പ്രതിമനിർമാണം എന്ന് തുടങ്ങും എന്നതിനെ കുറിച്ച് യോഗി ആദിത്യനാഥ് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
ആവശ്യം വരികയാണെങ്കിൽ ബാബ്റി മസ്ജിദ് തകർത്തത് പോലെ തന്നെ ഞങ്ങൾ രാമക്ഷേത്രം പണിയുമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പ്രഖ്യാപിച്ചിരുന്നു, അതോടൊപ്പം തന്നെയാണ് സരയൂ നദീതീരത്ത് അയോധ്യയിൽ രാമപ്രതിമ നിർമ്മിക്കുന്ന കാര്യം ഇരുവരും പറഞ്ഞത്. അയോധ്യ വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നും വിധി വെെകുന്നത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും അതിനാൽ ആവശ്യം വരികയാണെങ്കിൽ 1992ൽ മസ്ജിദ് തകർത്തത് പോലെ രാമക്ഷേത്രം നിർമിക്കും എന്നുമാണ് ആർഎസ്എസ് നിലപാട്.
സർക്കാർ മുൻകൈ എടുത്ത് നിർമ്മിക്കുന്ന ആദ്യത്തെ രാമപ്രതിമയാണ് അയോധ്യയിൽ പദ്ധതിയിട്ടിരിക്കുന്നത്.