കേരളത്തിൽ അപമാനിക്കപ്പെട്ടെന്ന് കശ്മീർ ഫുട്ബോൾ റ്റീം; ‘പോടാ എന്ന് വിളിച്ചു ഇത് കശ്മീരല്ല കേരളമെന്ന് പറഞ്ഞു’

By on

റിയൽ കശ്മീർ എഫ്‍ സി ടീം പരിശീലകനും താരങ്ങളും കേരളത്തിൽ അപമാനിതരായി എന്ന് ആരോപണം. വെള്ളിയാഴ്ച ടീം അവരുടെ ഔദ്യോ​ഗിക റ്റ്വിറ്റർ അക്കൗണ്ടിലൂടെയാണ് ആതിഥേയരായ ഗോകുലം എഫ് സി യുടെ ഉദ്യോഗസ്ഥർ തങ്ങളെ അപമാനിച്ചെന്ന ആരോപണം ഉന്നയിച്ചത്.
വേണ്ടത്ര സൗകര്യങ്ങളില്ലാത്ത ഒരു ഗ്രൗണ്ടിൽ തങ്ങൾക്ക് പരിശീലനം നടത്തേണ്ടി വന്നതിന്റെയും, ഒരു ഉദ്യോഗസ്ഥൻ കശ്മീർ താരങ്ങളോട് അപമര്യാദയായി പെരുമാറുന്നതിന്റെയും രണ്ട് വീഡിയോകൾ സഹിതമാണ് റിയൽ കശ്മീർ എഫ് സി കേരളത്തിൽ തങ്ങൾക്ക് നേരിട്ട അപമാനത്തെ കുറിച്ച് പറയുന്നത്.

‘ഇത് ഞങ്ങളുടെ ടെക്നിക്കൽ ഡയറക്ടർ ആണ് അദ്ദേഹത്തോട് നിങ്ങൾ വിരൽ ചൂണ്ടി സംസാരിക്കരുത്. ഇങ്ങനെയാണോ നിങ്ങൾ അതിഥികളായ ടീമിനോട് പെരുമാറുന്നത്’ എന്ന് ഒരു കളിക്കാരൻ ചോദിക്കുന്നതും കശ്മീർ ടീമിനോട് അവജ്ഞയോടെ മലയാളത്തിൽ ‘പോടാ പോടാ’ എന്ന് പറഞ്ഞു പരിശീലന മൈതാനത്തിന് പുറത്തേക്ക് വിടുന്നതും വീഡിയോയിൽ കാണാം.
“റിയൽ കശ്മീർ മുഖ്യ പരിശീലകനോടും ടീമംഗങ്ങളോടും പരിശീലനം നിർത്തി ഗ്രൗണ്ട് വിട്ട് പോകാൻ ആവശ്യപ്പെട്ടു..,
‘ഇത് കേരളമാണ് കശ്മീരല്ല’ എന്ന് റിയൽ കശ്മീർ എഫ് സിയോട് പറഞ്ഞു.
ഇത് അപരിചിതമാണ് ” റിയൽ കശ്മീർ എഫ് സി റ്റ്വിറ്ററിൽ കുറിച്ചു. തങ്ങൾക്ക് പരിശീലനത്തിന് സ്ഥലമോ യാത്ര ചെയ്യാൻ വാഹനസൗകര്യമോ കോഴിക്കോട് ലഭ്യമായില്ലെന്ന് കാശ്മീർ താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ കേരളത്തിൽ വെള്ളിയാഴ്ച ബി ജെ പി യുടെ മിന്നൽ പണിമുടക്ക് ആയിരുന്നതിനാൽ കശ്മീർ ടീമംഗങ്ങൾക്ക് വേണ്ടി മുൻകൂട്ടി ഏർപ്പാട് ചെയ്തിരുന്ന എസി ബസ് സമയത്തു വരാതിരുന്നതാണ് ഗതാഗത സൗകര്യം വയ്ക്കുവാൻ കാരണമായതെന്ന് ഗോകുലം എഫ് സി അക്കാദമി പരിശീലകൻ ഞങ്ങളോട് പറഞ്ഞു. ‘പെട്ടന്നുണ്ടായ ഹർത്താലാണ് എസി ബസിന് നേരേ കല്ലേറുമുണ്ടാകുമോ എന്ന ഭയത്താൽ സുരക്ഷ ഉണ്ടാകുമെന്ന് ഉറപ്പ് കൊടുത്തിട്ടും ബസ് വരാൻ ആദ്യം വിസമ്മതിച്ചു.കുറച്ചു സമയം വൈകിയപ്പോഴേക്കും ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിനടുത്തുള്ള ഒരു ഹോട്ടലിൽ താമസിച്ചിരുന്ന കശ്മീർ താരങ്ങൾ സ്റ്റേഡിയത്തിലേക്ക് അനുവാദമില്ലാതെ പ്രവേശിക്കുകയായിരുന്നു.
അടുത്ത ദിവസം കളി നടക്കുന്ന ഗ്രൗണ്ടിൽ സാധാരണ ഒരു ടീമിനും പരിശീലന അനുമതി ഇല്ല.അതിന്റെ അധികാരം മാച്ച് കമ്മീഷണർക്കാണ് അവർക്ക് മെഡിക്കൽ കോളേജ് ഗ്രൗണ്ട് ആയിരുന്നു പരിശീലനത്തിനു തീരുമാനിച്ചത്. അതിവിടെ ഉള്ളതിൽ നല്ല ഗ്രൗണ്ട് ആണ്. നാളെ കളി നടക്കുന്ന ഗ്രൗണ്ടിൽ പരിശീലനം നടത്തരുതെന്ന് ആവശ്യപ്പെട്ട ഞങ്ങളുടെ ഉദ്യോഗസ്ഥരോട് അവർ തട്ടിക്കയറുകയും അത് പകർത്താൻ ശ്രമിച്ച ആളുടെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തു. മാച്ച് കമ്മീഷണർക്ക് ഞങ്ങൾ പരാതി കൊടുത്തിട്ടുണ്ട് ‘ ഗോകുലം എഫ്‌സി അക്കാദമി പരിശീലകൻ പറയുന്നു.

ആരോപണത്തെ തുടർന്ന് ജമ്മു കശ്മീർ പ്രതിപക്ഷ നേതാവും നാഷണൽ കോൺഫറൻസ് പാർട്ടി വൈസ് പ്രസിഡന്റുമായ ഒമർ അബ്‌ദുള്ള കേരളത്തിൽ താരങ്ങളുടെ സുരക്ഷയെ കുറിച്ച് ട്വിറ്ററിലൂടെ ആശങ്ക അറിയിച്ചിരുന്നു. കശ്മീരിൽ നിന്നുള്ള ആദ്യത്തെ ഐ ലീഗ് ഫുട്ബോൾ ടീം ആണ് റിയൽ കശ്മീർ എഫ് സി. എട്ട് മത്സരത്തിൽ നിന്നായി 14 പോയിന്റുമായി മികച്ച ഫോമോടെ രണ്ടാം സ്ഥാനത്താണ് ഈ സീസണിൽ ഐ ലീഗിൽ ടീമിന്റെ പോയിന്റ് നില.
ശനിയാഴ്ച ഗോകുലം എഫ് സി യുമായി കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചു നടന്ന ഐ ലീഗ് മത്സരത്തിനായാണ് കശ്മീർ ടീം കേരളത്തിൽ എത്തിയത്. കശ്മീരിലെ കൊടുംതണുപ്പിൽ നിന്ന് പെട്ടെന്ന് കേരളത്തിലെ ചൂടുള്ള കാലവസ്ഥയിലേക്ക് എത്തിയതിനാൽ തങ്ങളുടെ താരങ്ങൾ മിക്കവരും ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് കശ്മീർ പരിശീലകൻ ഡേവിഡ് റോബര്‍ട്സണ്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും സ്വന്തം ഗ്രൗണ്ടിൽ ഗോകുലം എഫ് സിക്ക് റിയൽ കാശ്മീരിനോട് സമനില മാത്രമാണ് നേടാനായത്.

Story By- Muhammad Farhad


Read More Related Articles