സെെന്യത്തിന്‍റെ വെടിവെപ്പിൽ ഒരു ദിവസം കൊല്ലപ്പെട്ടത് ഏഴ് കശ്മീരികൾ, യുഎൻ ഇടപെടണമെന്ന് ഖുറാം പർവേസ്

By on

ഇന്ത്യൻ സെെന്യത്തിന്‍റെ വെടിവെപ്പില്‍ ഇന്നലെ മാത്രം  ഏഴ് കശ്മീരികളാണ് കൊല്ലപ്പെട്ടത്. 80 പേർ‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സെെന്യം കശ്മീരികൾക്ക് മേൽ നടപ്പിലാക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന ഇടപെടണമെന്ന് മനുഷ്യാവകാശ പ്രവർത്തകനും ജമ്മു കശ്മീർ കൊയലിഷൻ ഒഫ് സിവിൽ സൊസെെറ്റിയുടെ പ്രോ​ഗ്രാം കോർഡിനേറ്ററുമായ ഖുറാം പർവേസ് ആവശ്യപ്പെട്ടു. കശ്മീരികളുടെ കൂട്ട കൊലപാതകങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ ദൗർബല്യത്തെയാണ് വെളിപ്പെടുത്തുന്നതെന്നും ഖുറാം പർവേസ് പറഞ്ഞു. എന്നാൽ, ഐക്യരാഷ്ട്രസഭ ഒരിക്കലും കശ്മീർ പ്രശ്നത്തിൽ ഇടപെടില്ലെന്നും അതൊരു പരാജയപ്പെട്ട സംവിധാനമാണ് എന്നും ഖുറാം പർവേസിന്റെ ഫേസ്ബുക് പോസ്റ്റിൽ കശ്മീരികൾ കമന്റ് ചെയ്തു.

തെക്കന്‍ ശ്മീരിലെ പൾവാമയിൽ മൂന്ന് സ്വാതന്ത്ര്യവാദികള്‍ സെെന്യത്തിന്‍റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്  നടന്ന പ്രകടനത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ബെല്ലോയിലെ സുഹെെൽ അഹമ്മദ്, മൊൺ​ഗാമയിലെ ഷാനവാസ്, പരി​ഗാമിലെ ലിയാഖത്, കരീമാബാദിലെ ആബിദ് അഹമ്മദ്, അഷ്മന്ദറിലെ ആമിർ അഹമ്മദ്, പ്രിച്ചൂവിലെ ആഖിബ് അഹമ്മദ്, പൾവാമയിലെ തൗസീഫ് അഹമ്മദ് മീർ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഹിസ്ബുൾ മുജാഹിദീനിൽ ചേർന്ന ഒരു മുൻസെെനികനും മൂന്ന് സ്വാതന്ത്ര്യവാദികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഏഴ് കശ്മീരികൾ കൂടി കൊല്ലപ്പെട്ടതോടെ കശ്മീരിന്റെ പല ഭാ​ഗങ്ങളിലായി റോഡ് തടയൽ അടക്കമുള്ള പ്രതിഷേധമുയർന്നു, അതോടെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടു. കൊല്ലപ്പെട്ട എട്ടാം ക്ലാസുകാരന്‍ ആഖിബ് അഹമ്മദിന്‍റെ മൃതദേഹം ആശുപത്രിയിൽ മണിക്കൂറുകളോളം  തിരിച്ചറിയപ്പെടാതെ കിടന്നു. ആഖിബിന്റെ പിതാവ് ആശുപത്രിയിൽ കയറി നോക്കിയപ്പോൾ മൃതദേഹം മകന്റേതാണ് എന്ന് തിരിച്ചറിഞ്ഞ് ബോധരഹിതനായി വീണു എന്ന് കശ്മീരി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കശ്മീരിൽ മൂന്ന് ദിവസത്തെ ബന്ദ് നടത്തണമെന്നും ബ​ദാമി ബാ​ഗിലെ ആർമി ആസ്ഥാനത്തേക്ക് മാർച്ച് നടത്തണമെന്നും ജോയിന്റ് റെസിസ്റ്റൻസ് ലീഡർഷിപ് ആവശ്യപ്പെട്ടു. ഇത് കൂട്ടക്കൊലയാണെന്നും അതല്ലാതെ ഈ കൊലപാതകത്തെക്കുറിച്ച് പറയാൻ വാക്കുകളില്ലെന്നും നാഷണൽ കോൺഫറൻസ് വെെസ് പ്രസിഡന്റ് ഒമർ അബ്ദുല്ല പറയുന്നു.
കൊല്ലപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാൻ ഒരു അന്വേഷണത്തിനും സാധിക്കില്ലെന്നും ​ഗവർണർ ഭരണം എന്നാൽ ഇങ്ങനെയാണോ എന്നും മുൻ കശ്മീർ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി ചോദിക്കുന്നു. സ്വന്തം രാജ്യത്തെ ജനങ്ങളെ കൊലപ്പെടുത്തിക്കൊണ്ട് ഒരു ഭരണകൂടത്തിനും യുദ്ധം ജയിക്കാൻ കഴിയില്ലെന്നും മെഹ്ബൂബ പറയുന്നു.


Read More Related Articles