നടൻ ഇർഫാൻ ഖാൻ അന്തരിച്ചു; മറഞ്ഞത് ലോക സിനിമയിലെ ഇന്ത്യൻ മുഖം
അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധിനേടിയ ഇന്ത്യൻ ചലച്ചിത്ര താരം ഇർഫാൻ ഖാൻ അന്തരിച്ചു. വൻകുടലിലെ അണുബാധയെത്തുടർന്ന് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.ചൊവ്വാഴ്ചയാണ് രോഗം കൂടിയതിനെത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 53 വയസായിരുന്നു. 2018 ൽ ഇർഫാൻ ഖാന് ന്യൂറോ എൻഡോക്രൈൻ റ്റ്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. 2019 ൽ മാസങ്ങളോളം വിദേശത്ത് ചികിത്സയിലായിരുന്നു. ഹോമി അഡ്ജാനിയയുടെ അംഗ്രേസി മീഡിയം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
വ്യത്യസ്തമായ അഭിനയശൈലിയും മികവും കൊണ്ട് ഏറെ ശ്രദ്ധനേടിയ അഭിനേതാവായിരുന്നു ഇർഫാൻ ഖാൻ. മഖ്ബൂൽ, പാൻ സിംഗ് തോമർ, ഹൈദർ, ലഞ്ച് ബോക്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അതുല്യമാക്കിയ ഇർഫാൻ ഖാൻ ലോകസിനിമയിൽ ഇന്ത്യയുടെ മുഖം കൂടിയായിരുന്നു. ഇർഫാൻ ഖാൻ. ഓസ്കർ പുരസ്കാരം നേടിയ സ്ലംഡോഗ് മില്യനയർ തുടങ്ങി നിരവധി വിദേശ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജുറാസിക് വേൾഡ്, ലൈഫ് ഓഫ് പൈ, അമേസിംഗ് സ്പൈഡർമാൻ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.