പൗരത്വ പ്രക്ഷോഭം; ഗര്‍ഭിണിയായ ജാമിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു

By on

പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രക്ഷോഭം നയിച്ച ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാറിനെതിരെ യുഎപിഎ ചുമത്തിയതില്‍ പ്രതിഷേധം ശക്തമാകുകയാണ്. മൂന്നുമാസം ഗര്‍ഭിണിയായ സഫൂറയെ ക്വാറന്റൈന്‍ സൗകര്യാര്‍ത്ഥം എന്നുപറഞ്ഞ് ഏകാന്ത തടവിലാക്കിയിരിക്കുകയാണ് എന്നും ഇത് ഞെട്ടിക്കുന്ന കാര്യമാണെന്നും സഫൂറയുടെ അഭിഭാഷകന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി അതിക്രമങ്ങളുടെ മുഖ്യ സൂത്രധാരയാണ് സഫൂറ എന്നാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്. യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ ചാര്‍ജുകളാണ് സഫൂറയ്ക്ക് മേല്‍ ഉള്ളത്.
ഏപ്രില്‍ പത്തിനാണ് സഫൂറയെ അറസ്റ്റ് ചെയ്തത്.

2019 ഡിസംബറില്‍ ആരംഭിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാത്രമാണ് ജാമിയ മിലിയ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികള്‍ താത്കാലികമായി നിര്‍ത്തിയത്. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗമാണ് സഫൂറ.

ഫെബ്രുവരി 23ന് രാത്രിയില്‍ ഡല്‍ഹിയിലെ വിവിധ പൗരത്വ ഭേദഗതി പ്രക്ഷോഭ വേദികളിലും നോര്‍ത് ഈസ്റ്റ് ഡല്‍ഹിയിലെ മുസ്ലിങ്ങള്‍ക്ക് നേരെയും ഹിന്ദു ഭീകരവാദികളുടെ സായുധ ആക്രമണം ഉണ്ടായി. ഏകപക്ഷീയമായ ഈ ആക്രമണങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയാണ് ദേശീയതാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണങ്ങള്‍ നാല് ദിവസങ്ങളോളം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലിങ്ങളുടെ നേരെ തുടരുകയായിരുന്നു. അമ്പതിലേറെ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

സംഘപരിവാര്‍ ആള്‍ക്കൂട്ടം നടപ്പിലാക്കിയ ഏകപക്ഷീയമായ ആക്രമണത്തെ ഇരു മതവിഭാഗങ്ങളും തമ്മിലുള്ള ആക്രമണമായി അവതരിപ്പിക്കുകയും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായ മീരാന്‍ ഹൈദര്‍, സൂഫിയ സര്‍ഗാര്‍ എന്നിവരും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഡോ. ഉമര്‍ ഖാലിദും ആണ് സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കിയത് എന്നാരോപിച്ച് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തുകയുമാണ് ഡല്‍ഹി പൊലീസ് ചെയ്തത്.
“നല്ല ധൈര്യമുള്ള, കഠിനാധ്വാനിയായ വിദ്യാര്‍ത്ഥിനിയാണ് സഫൂറ. സഫൂറയുടെ അക്കാദമിക മികവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കോടതി അവളെ മോചിപ്പിക്കും എന്ന് തന്നെ വിശ്വസിക്കുന്നു,” സഫൂറയുടെ ടീച്ചര്‍ പറയുന്നു. ലോക്ഡൗണ്‍ അവസാനിക്കുമ്പോഴേക്കും പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടിയാണ് ഈ അറസ്റ്റുകളെന്ന് ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗമായ ഒരു വിദ്യാര്‍ത്ഥി പറയുന്നു.

ഫെബ്രുവരി 10ന് ജാമിയയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് അടിച്ചമര്‍ത്തലില്‍ സഫൂറയ്ക്ക് പരിക്കേറ്റിരുന്നു. അന്ന് വിദ്യാര്‍ത്ഥികളായ സ്ത്രീ പ്രക്ഷോഭകര്‍ക്ക് നേരെ ലൈംഗികാതിക്രമവും ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. നിരവധി വിദ്യാര്‍ത്ഥിനികളെ ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


“അതിനുശേഷം,ഗര്‍ഭിണിയായതു കൊണ്ടുകൂടി തന്നെ സഫൂറ വളരെ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. വീട്ടില്‍ നിന്ന് തന്നെയാണ് ജോലി ചെയ്തിരുന്നത്.” സഫൂറയുടെ ഭര്‍ത്താവ് പറയുന്നു.

ജയില്‍ കപ്പാസിറ്റിയുടെ ഇരട്ടി തടവുകാരെ ഉള്‍ക്കൊള്ളുന്ന തിഹാര്‍ ജയിലിലാണ് സഫൂറ ഇപ്പോഴുള്ളത്. കലാപമുണ്ടാക്കല്‍, ആയുധം കൈവശം സൂക്ഷിക്കല്‍, വധശ്രമം, കലാപത്തിന് ആഹ്വാനം ചെയ്യല്‍, രാജ്യദ്രോഹം, കൊലപാതകം, മതാടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് സഫൂറയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ജാഫറാബാദില്‍ സ്ത്രീകളുടെ സമരത്തിന് നേതൃത്വം നല്‍കി എന്നാരോപിക്കുന്ന കേസില്‍ സഫൂറയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ജയില്‍മോചിതയാകും മുമ്പ് മറ്റൊരു കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു എന്ന് സഫൂറയുടെ അഭിഭാഷകന്‍ പറയുന്നു. ഈ കേസിന്റെ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഗര്‍ഭിണിയാണ് എന്ന കാര്യം പരിഗണിക്കാതെ അവ്യക്തമായ വകുപ്പുകള്‍ ചാര്‍ത്തി സഫൂറയെ അറസ്റ്റ് ചെയ്തത് നീതിയുടെ ഗുരുതരമായ തോല്‍വിയാണ് എന്നും അഭിഭാഷകന്‍ പറയുന്നു.
യുഎപിഎ നിയമമനുസരിച്ച് ആറുമാസം വരെ ഒരാളെ കുറ്റപത്രം തയ്യാറാക്കാതെ തടവിലാക്കാം.
“നമ്മുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചുകൊണ്ടുള്ള സമയമായതിനാല്‍ ഈ റംസാന്‍ സന്തോഷമുള്ളതാകുമായിരുന്നു. നമ്മള്‍ സഫൂറയുടെ സുരക്ഷയ്ക്കും മോചനത്തിനുമായി പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. ഈ അവസ്ഥയില്‍ അവള്‍ക്ക് വേണ്ടത് പരിചരണമാണ്, ജയിലല്ല,” സഫൂറയുടെ ഭര്‍ത്താവ് പറയുന്നു.

“ഭരണഘടനാ ധാര്‍മികത സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കുമെതിരെ യുഎപിഎ ചുമത്തുകയാണ്. ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ രണ്ട് അംഗങ്ങള്‍ക്കെതിരെയും ഇപ്പോള്‍ യുഎപിഎ ചുമത്തപ്പെട്ടിരിക്കുകയാണ്. ജാമിയയിലെ വിദ്യാര്‍ത്ഥികളും മുന്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തികച്ചും ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയാണ്.” സഫൂറയുടെയും മീരാന്‍ ഹൈദറിന്റെയും അറസ്റ്റ് അടിസ്ഥാന രഹിതമാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ ജെസിസി പറയുന്നു. ജാഫറാബാദില്‍ കലാപം സൃഷ്ടിക്കാനായി സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കിയത് ഇവരാണ് എന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്.

ജാമിയയിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ് എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ജെസിസി പ്രസ്താവനയില്‍ പറയുന്നു.വിദ്യാര്‍ത്ഥി നേതാക്കളുടെ നിരപരാധിത്വം കോടതിയില്‍ നിയമത്തിന് മുന്നില്‍ വെളിപ്പെടുമെന്നും ജെസിസി പറയുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍വ്വകലാശാലയിലെ അധികാരികളോടും ജെസിസി ആവശ്യപ്പെട്ടു.

എന്നാല്‍, ഇവര്‍ക്കെതിരെ മതിയായ തെളിവുകളുണ്ട് എന്നാണ് ഡല്‍ഹി പൊലീസ് അവകാശപ്പെടുന്നത്.


Read More Related Articles