ഉത്പന്നത്തിന്‍റെ ​ഗുണം കൊണ്ട് മാത്രം മാംസാഹാരികൾക്കും മുസ്ലിങ്ങൾക്കും ഒപ്പം ഇരിക്കാമെന്ന് പ്രചരിപ്പിച്ച ചില പരസ്യങ്ങളുമുണ്ട് ഇന്ത്യയിൽ

By on

സർഫ് എക്ലലിന്‍റെ പരസ്യത്തിനെതിരെ സംഘപരിവാർ ഗ്രൂപ്പുകള്‍ ഉയർത്തിയെന്ന് ആരോപിക്കപ്പെടുന്ന എതിർപ്പ് ഉണ്ടാവാതിരുന്ന ചില മതസൗഹാർദ്ദ പരസ്യങ്ങൾ ഇന്ത്യൻ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. ഈ പരസ്യചിത്രങ്ങളുടെ കഥാപരിസരം പരിശോധിക്കുമ്പോഴാണ് ഇന്ത്യയിൽ എക്കാലവും നിലനിൽക്കുന്ന അപരവത്കരണവും അസഹിഷ്ണുതയും എത്രമാത്രം സാധാരണത്വം കൈക്കൊണ്ടിരുന്നുവെന്ന് മനസിലാക്കാൻ കഴിയുന്നത്. ഇതേ സാഹചര്യത്തിൽ തന്നെയാണ് സർഫ് എക്സലിന്‍റെ ‘രം​ഗ് ലായേ സം​ഗ്’ എന്തുകൊണ്ട് ഇത്രയധികം എതിർക്കപ്പെട്ടു എന്നതും പഠിക്കാൻ കഴിയുക. മുൻപും മതസൗഹാർദ്ദം വിഷയമാക്കിയ പരസ്യങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിരുന്നു. പക്ഷേ അതാവട്ടെ പ്രബലമായി നിലകൊള്ളുന്ന ഹിന്ദുത്വ- സസ്യാഹാര മൗലികത എന്ന സാമൂഹ്യ വസ്ത്രത്തിൽ കറ വീഴ്ത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നതാണ് വസ്തുത.

2014 ലും 18 ലും19 ലുമായി റ്റാറ്റയുടെ ബ്രൂക്ബോണ്ട് പുറത്തിറക്കിയ മൂന്ന് പരസ്യ ചിത്രങ്ങളാണ് ഇത്തരത്തിൽ വിഭാ​ഗീയതയെ കാൽപ്പനിക വത്കരിച്ച് കൊണ്ട് മത സൗഹാർദ്ദം പറഞ്ഞതിൽ ശ്രദ്ധേയമായത്. റെഡ് ലേബൽ ചായയുടെ പരസ്യമായിരുന്നു മൂന്നും. 2014 ലെ പരസ്യത്തിൽ വീടിന്റെ താക്കോൽ നഷ്ടപ്പെട്ട് വീടിനുള്ളിൽ കയറാനാവാതെ നിൽക്കുന്ന ഹിന്ദു ദമ്പതികളെ അയൽവാസിയായ മുസ്ലിം സ്ത്രീ വീ‍ട്ടിലേക്ക് ക്ഷണിക്കുന്നു എന്നാൽ ഹിന്ദു ദമ്പതികൾ ആ ക്ഷണം ആധികാരികമായി തന്നെ നിഷേധിക്കുന്നു. ചായ ഉണ്ടാക്കാമെന്ന് പറഞ്ഞ് വീണ്ടും ക്ഷണിച്ചിട്ടും അവർ അത് നിരസിക്കുന്നു. മുസ്ലിം ആയതു തന്നെയാണ് അയൽക്കാരിയോട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ദമ്പതികൾ അകലം സൂക്ഷിക്കുന്നത് എന്ന് ചിത്രത്തിൽ നിന്നും വ്യക്തമാണ്. അയൽക്കാർ തങ്ങളോട് സ്വീകരിക്കുന്ന അകലം കുറയ്ക്കാൻ തന്‍റെ ചായക്ക് കഴിയുമെന്ന് ആ മുസ്ലിം യുവതി വിശ്വസിക്കുന്നതു കൊണ്ട് അവർ ചായയുടെ വശീകരിക്കുന്ന മണം പുറത്തേയ്ക്ക് ഒഴുകാൻ പാകത്തിന് അവരുടെ അപ്പാർറ്റ്മെന്റിന്‍റെ വാതിൽ വിശാലമായി തുറന്ന് വയ്ക്കുന്നുണ്ട്. തുടർന്ന് ചായയുടെ മണം പുറത്തേയ്ക്ക് ഒഴുകുന്നു, അതുവരെ സൂക്ഷിച്ചിരുന്ന അകലം അലിഞ്ഞ് ആ ഹിന്ദു ദമ്പതികൾ അവരുടെ വീട്ടിൽ കയറുന്നു ചായ കുടിക്കുന്നു. അങ്ങനെ ബ്രൂക് ബോണ്ട് തേയിലയുടെ ​ഗുണമേൻമയിൽ അവരുടെ വൈജാത്യ ബോധം ഇല്ലാതാകുന്നു; ഒരു കപ്പ് ചായകൂടി ചോദിക്കാൻ പ്രേരിപ്പിക്കും വിധത്തിൽ.

2018 ൽ റെഡ് ലേബൽ ചായ പുറത്തിറക്കിയ പരസ്യത്തിൽ മുസ്ലിങ്ങളോടുള്ള അപരത്വം അത്രയുമാഴത്തിൽ നിലനിർത്തിയാണ് പരസ്യ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ​ഗണപതി വി​ഗ്രഹം വാങ്ങാനെത്തുന്ന യുവാവിന്‍റെ കഥയാണ് ചിത്രത്തിൽ. ​സൗഹ‍‌‍ൃദത്തിൽ സംസാരിച്ചിരുന്ന യുവാവിന്റെ ഭാവം ബാങ്ക് വിളി കേൾക്കുമ്പോൾ വി​ഗ്രഹ നിർമ്മാതാവ് തൊപ്പിയണിയുന്നതോടെ ഇല്ലാതാവുന്നു. ഇതോടെ നാളെ വരാം എന്ന് പറഞ്ഞ് അയാൾ പോകാനൊരുങ്ങുന്നു. എന്നാൽ ചായകുടിച്ചിട്ട് പോവാമെന്ന ക്ഷണം മനസില്ലാ മനസോടെ സ്വീകരിക്കേണ്ടി വരികയും ചെയ്യുന്നു. ആ ചായയുടെ സ്വാദിൽ ആ യുവാവിന്‍റെ മതവിഭാ​ഗീയ ബോധം ഇല്ലാതാവുന്നു. ​ഗണപതി വി​ഗ്രഹം ഉണ്ടാക്കുന്നു എന്നത് തന്നെ ആരാധനയാണെന്ന് ഒരു മുസ്ലിം പറയുന്നതോടെ റെഡ് ലേബലിൽ വിരിഞ്ഞ മത സൗഹാർദ്ദബോധം പരകോടിയിലെത്തു‌ന്നു. യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് പരസ്യം ചിത്രീകരിച്ചത് എന്ന് നിർമ്മാതാക്കൾ എഴുതിക്കാട്ടുന്നുമുണ്ട്.

2019 ഫെബ്രുവരിയിൽ റ്റാറ്റ ബ്രൂക്ബോണ്ട് പുറത്തിറക്കിയ പരസ്യത്തിൽ സസ്യാഹാര വാദിയായ ഒരാളാണ് തന്‍റെ മാംസാഹാരിയായ സുഹ‌ൃത്തിന്‍റെ വീട്ടിൽ വച്ച് റെഡ്ലേബൽ ചായയുടെ സ്വാദിൽ തത്കാലത്തേയ്ക്ക് അയിത്തം മറക്കുന്നത്. ചായ വാ​ഗ്ദാനം ചെയ്ത സുഹ‌ത്തിനോട് നിങ്ങൾ മട്ടനും ചിക്കനും ഒക്കെ കഴിക്കുന്നവരല്ലേ അത് കൊണ്ട് ഇവിടെ നിന്ന് കഴിച്ചാൽ അമ്മ ദേഷ്യപ്പെടും എന്നാണ് സേഠ്ജി പറയുന്നത്. ഇവിടെയും ചായയുടെ രുചി കൊണ്ട് മാംസാഹാരികളോടുള്ള അയിത്താചരണം ഇല്ലാതാവുകയാണ്.

സസ്യാഹാര വാദം, ഹിന്ദുത്വം തുടങ്ങിയവയെ അം​ഗീകരിച്ചുകൊണ്ടാണ് റെഡ് ലേബൽ ഈ മൂന്ന് പരസ്യങ്ങളും ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടായിരിക്കാം ഈ പരസ്യങ്ങൾക്കെതിരെ എതിർപ്പും ബഹിഷ്കരണ ആഹ്വാനങ്ങളും ഉയരാതിരുന്നതും. മുസ്ലിം വിരോധവും ഭക്ഷണ രീതിയിലെ അസഹിഷ്ണുതയും വംശീയ കൊലപാതകങ്ങളിലേക്ക് എത്തും വിധത്തിൽ മാറിയ ഈ കാലഘട്ടത്തിൽ ഒഴുക്കിനെതിരെ നീന്തുകയാണ് സർഫ് എക്സൽ പരസ് ചിത്രം ചെയ്തത് എന്ന് ഈ മൂന്ന് പരസ്യങ്ങളും കണ്ടാൽ മനസിലാക്കാനാവും.


Read More Related Articles