ബീഫ് കഴിക്കാനുള്ള അവകാശത്തെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ ആദിവാസി അധ്യാപകനെ അറസ്റ്റ് ചെയ്തു

By on

ബീഫ് കഴിക്കാനുള്ള അവകാശത്തെ കുറിച്ച് ഫേസ് ബുക്കിൽ എഴുതിയ കോളേജ് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ സാക്ചിയിലാണ് ദലിത് ആക്ടിവിസ്റ്റും അധ്യാപകനുമായ ജീത്റായ്‌ ഹൻസ്ദയെ രണ്ട് വർഷങ്ങൾക്ക് മുൻപുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ശനിയാഴ്ച്ച അറസ്റ്റ് ചെയ്തത്. 2017 ജൂണിലാണ് അറസ്റ്റിന് ആധാരമായ ഫേസ് ബുക്ക് പോസ്റ്റ് ഹൻസ്‌ദ എഴുതിയത്. 2017 ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടന്നു വരികയായിരുന്നുവെന്ന് സാക്ചി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അനിൽ കുമാർ സിംഗ് അവകാശപ്പെടുന്നു. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചുവെന്ന് ആരോപിച്ചാണ് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി ഹൻസ്ദയെ അറസ്റ്റ് ചെയ്തത്.

ഇന്ത്യയിലെ ആദിവാസി സമൂഹത്തിനിടയിൽ പശു മാംസം ഭക്ഷിക്കുന്ന സംസ്കാരം ഉണ്ടെന്നും അത് തങ്ങളുടെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമാണെന്നുമുള്ള ഉള്ളടക്കത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിലാണ് ദലിത് ആക്ടിവിസ്റ്റായ ഹൻസ്ദ ഇന്നലെ അറസ്റ്റിലായത്. ബിജെപിക്ക് ജാർഖണ്ഡിലെ 14 ലോക്സഭ സീറ്റുകളിൽ 12 സീറ്റും ലഭിച്ച പശ്ചാതലത്തിലാണ് ദലിത് അധ്യാപകന്റെ അറസ്റ്റ്. തെരെഞ്ഞെടുപ്പിനെ ബാധിയ്ക്കാതിരിക്കാനാണ് ഫലപ്രഖ്യാപനത്തിന് ശേഷം ഹൻസ്‌ദയെ അറസ്റ്റ് ചെയ്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഇന്ത്യൻ പീനൽ കോഡ് 153 (എ), 295 എ, 505 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആണ് ഹന്സ്ദയുടെ പേരിൽ ചുമത്തിയിരിക്കുന്നത്.

 


Read More Related Articles